തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും കുത്തനെ കൂട്ടി. സ്‌പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്ന് ഒന്നരലക്ഷമായും സീനിയര്‍ പ്ലീഡര്‍ക്ക് 1.10 ലക്ഷം രൂപയില്‍ നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വര്‍ധിപ്പിച്ചു. പ്ലീഡര്‍മാര്‍ക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയര്‍ത്തി. മുമ്പ് ഒരു ലക്ഷം രൂപയായിരുന്നു പ്ലീഡര്‍മാരുടെ വേതനം.

ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാകുന്നതും, കെഎസ്ആര്‍ടിസിലെ ശമ്പളം മുടങ്ങലും ആശവര്‍ക്കര്‍മാര്‍ക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ പ്രതിരോധം. ഇതിനിടെ ഈ ശമ്പള വര്‍ധന.

ഇന്നലെ പിഎസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു. ചെയര്‍മാന്ററെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പള വര്‍ധന.

2022 ജനുവരി ഒന്നുമുതലുള്ള മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. വലിയൊരു തുകയായിരിക്കും സര്‍ക്കാര്‍ അഭിഭാഷകരുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുടനെത്തുക. ആശാ വര്‍ക്കര്‍മാരുടെ സമരവും ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കാത്തതും സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ വന്നിരിക്കുന്ന പുതിയ തീരുമാനത്തിന് വലിയതോതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.


കെ വി തോമസിനും സര്‍ക്കാരിന്റെ കരുതല്‍

കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രതിവര്‍ഷ തുക 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.