- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്‍കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാം
സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ശരിവെക്കുന്ന ഹൈക്കോടതി ഉത്തരവ് മുനമ്പം ജനതയ്ക്ക് മുന്നില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ച വഖബ് ബോര്‍ഡിന്റെ നടപടി സര്‍ക്കാര്‍ പാലിക്കേണ്ടതില്ലെന്ന വിധത്തിലാണ് കോടതി ഉത്തരവോടെ ഉയരുന്ന നിരീക്ഷണം. ഇതോടെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമിയില്‍ കരമടകയ്ക്കാന്‍ സാധിക്കും. മുനമ്പം വഖഫ് ഭൂമിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതിലേക്ക് ഹൈക്കോടതി എത്തിയത് കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ്.
മുഹമ്മദ് സിദ്ദിഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജ്മെന്റിന് 69 വര്‍ഷം മുന്‍പ് ഇഷ്ടദാനമായി നല്‍കിയ മുനമ്പത്തെ ഭൂമി 2019 സെപ്റ്റംബര്‍ 25-ന് വഖഫ് ഭൂമിയായി വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഇഷ്ടദാനമായി നല്‍കിയിരിക്കുന്ന ആധാരം വഖഫ് ആധാരമായി കണക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഭൂമി വില്‍ക്കാനുള്ള അധികാരമടക്കമാണ് ഫാറൂഖ് കോളേജിന് നല്‍കിയത്. വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല. വഖഫ് ബോര്‍ഡിന്റെ നിയമപരമായി നിലനില്‍ക്കാത്ത ഉത്തരവ് സര്‍ക്കാര്‍ പാലിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നൂറുകണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗമായ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായിട്ടേ വഖഫ് ബോര്‍ഡിന്റെ തീരുമാനത്തെ കാണാനാകൂ എന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമി വാങ്ങിയവരാണ് മുനമ്പത്ത് താമസിക്കുന്നവരെന്നും കോടതി വ്യക്തമാക്കി.
മുനമ്പം ഭൂമി സംബന്ധിച്ച വിഷയത്തില്‍ വസ്തുതാന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷനെ നിയമിച്ചത് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം.
എന്നാല്‍, ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അന്തിമ വിധിയുടെ സ്വഭാവത്തിലുള്ള നിരീക്ഷണംകൂടി നടത്തിയാണ് അപ്പീല്‍ ഹരജി കോടതി തീര്‍പ്പാക്കിയത്. അതേസമയം, വഖഫ് ഭൂമി ആണോ അല്ലയോ എന്ന് പരിശോധിക്കാനും നിയമപരമായാണോ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കാനും ഹൈകോടതിക്ക് അധികാരമുണ്ടെന്നും വഖഫ് നിയമപ്രകാരം ട്രൈബ്യൂണലിനെ സമീപിക്കാമെന്നതിന്റെ പേരില്‍ ഇത് ഇല്ലാതാകുന്നില്ലെന്നുമുള്ള വിലയിരുത്തലാണ് ഡിവിഷന്‍ബെഞ്ച് നടത്തിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി '50കളില്‍ അബ്ദുല്‍സത്താര്‍ സേട്ട് എന്ന ഭൂവുടമ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് കൈമാറിയ രേഖയില്‍ 'വഖഫ്' എന്ന് പരാമര്‍ശമുണ്ടെങ്കിലും ആധാരത്തിലെ നാമകരണംകൊണ്ട് മാത്രം ഭൂമി വഖഫ് ആകില്ലെന്ന് നിരീക്ഷിക്കുന്ന ഡിവിഷന്‍ബെഞ്ച്, ഇത് 'ഗിഫ്റ്റ് ഡീഡ്' ആണെന്നാണ് വിലയിരുത്തിയത്. കൈമാറിയതില്‍ ശേഷിക്കുന്നത് 114 ഏക്കറാണ്. ഇവിടെ താമസിക്കുന്ന 600 കുടുംബങ്ങളുടെ ഉപജീവനം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് വഖഫ് ബോര്‍ഡ് നടത്തിയതെന്ന രൂക്ഷ വിമര്‍ശനവും ഡിവിഷന്‍ബെഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇക്കണക്കിന് ഭാവിയില്‍ ഏതെങ്കിലുമൊക്കെ രേഖകള്‍ വെച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭ മന്ദിരമോ ഹൈകോടതി പോലുമോ വഖഫ് സ്വത്തായി ചിത്രീകരിക്കാം. വഖഫ് ബോര്‍ഡിന്റെ ഇത്തരം നടപടി ഇന്ത്യയില്‍ അനുവദിക്കാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.
നാല് ചുമരുകള്‍ക്കുള്ളില്‍ ഫാറൂഖ് മാനേജ്‌മെന്റിനെ മാത്രം കേട്ടാണ് ബോര്‍ഡ് ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചതെന്ന് ഡിവിഷന്‍ബെഞ്ച് കുറ്റപ്പെടുത്തുന്നു. നൂറുകണക്കിന് വരുന്ന താമസക്കാരെ അവഗണിച്ചുള്ള നടപടിയില്‍ കണ്ണും കെട്ടിയിരിക്കാനാവില്ല. മുനമ്പത്തെ ഭൂമിയുടെ കാര്യത്തില്‍ കേരള വഖഫ് ബോര്‍ഡ് എന്തിനാണ് 69 വര്‍ഷത്തെ ഹിമാലയന്‍ മൗനം പാലിച്ചതെന്നതിന് വിശദീകരണവും നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്.
1967ല്‍ പറവൂര്‍ സബ് കോടതിയിലെത്തിയ കേസില്‍ ഭൂമി വഖഫാണെന്ന് നാലുതവണ സത്യവാങ്മൂലം നല്‍കിയ ഫാറൂഖ് കോളജ് ഇപ്പോഴത്തെ കേസില്‍ വഖഫ് ഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ചു. വഖഫ് ഭൂമിയാണെന്ന പറവൂര്‍ കോടതിയുടെയും ഹൈകോടതിയുടെയും വിധികള്‍ക്ക് പുറമെ, ഈ വിധികളുടെ അടിസ്ഥാനത്തില്‍ ഇവിടത്തെ താമസക്കാരില്‍നിന്ന് കരം സ്വീകരിക്കുന്നത് വിലക്കിയുള്ള ഉത്തരവുകളടക്കം ഹൈകോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്.
ജുഡീഷ്യല്‍ കമീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഈ ഉത്തരവുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണത്തിലൂടെ കോടതി സ്വീകരിച്ചത്. ഏഴ് പതിറ്റാണ്ടായി ഫാറൂഖ് കോളജ് പോലും മുനമ്പം ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരുടെയും ഭാഗത്ത് നിന്ന് ഗൗരവമായ ഒരു നടപടിയും ഉണ്ടായില്ല. വഖഫ് ആണെന്ന് അറിയാമെങ്കില്‍, ഏത് സമയത്തും രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ല. അത്തരം ഒരു വാദമുണ്ടെങ്കില്‍, ഉടനടി സമയബന്ധിതമായി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി നടപടികള്‍ കൈക്കൊള്ളണമായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി.
വഖഫ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഇതോടെ പുതിയ സാഹചര്യത്തില്‍ മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന് ഏകപക്ഷീയമായ തീരുമാനം എടുക്കാനും സാധിക്കില്ല. മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ചതിലെ നടപടിക്രമങ്ങളില്‍ വന്നിട്ടുള്ള പാളിച്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഭൂമിയുടെ സര്‍വേ നടത്തുക, അര്‍ധ ജുഡീഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുക, ഗസറ്റില്‍ വിജ്ഞാപനം ചെയ്യുക തുടങ്ങി 1954 വഖഫ് നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഒരു കമ്മിഷനെ നിയോഗിക്കാനും അന്വേഷണം നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമിയില്‍ കരമടയ്ക്കാനമെന്ന വിലയിരുത്തലുകളാണ് ഉള്ളത്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് ഭൂമി വഖഫ് അല്ലെന്നാണ് വാദിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാറിനും മുനമ്പം പ്രശ്‌നം പരിഹരിക്കാനുള്ള സുവര്‍ണാവസരമാണ് ഉരുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.