കൊച്ചി: കാസര്‍കോട് പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. പെണ്‍കുട്ടിയുടെ തിരോധാനത്തിലെ അന്വേഷണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. നിയമത്തിന് മുമ്പില്‍ വി.വി.ഐ.പിയും തെരുവില്‍ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി.

ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.

പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്‍കുട്ടിയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതി. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.

വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫാകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്‍ ഉയര്‍ത്തിയിരുന്നു.

ഞായറാഴ്ച രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്തു കൂടിയായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കിയിരുന്നത് പ്രദീപായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 26 ദിവസത്തെ അന്വേഷണങ്ങള്‍ക്ക് വിരാമമായെങ്കിലും മരണ കാരണം ദുരൂഹമായി തുടരുകയാണ്. എന്താണ് ഇരുവരുടെ ജീവനെടുക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.