കൊച്ചി: കൊളീജിയം നേരത്തെ നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലടക്കം അഞ്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍, ഹൈ ക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ വി ജയകുമാര്‍, ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, കോഴിക്കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ് മുരളീകൃഷ്ണ, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി വി ബാലകൃഷ്ണന്‍ എന്നിവരെ അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കാമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഇതോടെ ഹൈക്കോടതിയിലെ മൊത്തം ജഡ്ജിമാരുടെ എണ്ണം 45 ആകും. ഇനി നികത്താനുള്ളത് രണ്ട് ഒഴിവുകളും. 47 ജഡ്ജിമാരാണ് കേരള ഹൈക്കോടതിയില്‍ ഉണ്ടാവേണ്ടത്.

നിലവില്‍ ഹൈക്കോടതി രജിസ്ട്രാറായ പി കൃഷ്ണകുമാറിനെ 2013 ഒക്ടോബറിലാണ് ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാകട്ടെ 2014 ഒക്ടോബറിലും. കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ഒരു വര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്ത രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകളില്‍ കേന്ദ്ര തീരുമാനം വൈകിയത് ചര്‍ച്ചയായിരുന്നു. 2023ല്‍ തന്നെ ഈ പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ബി. സ്‌നേഹലതയുടേയും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാറിന്റേയും നിയമനശുപാര്‍ശയാണ് കേന്ദ്രം പിടിച്ചുവച്ചത്. ഇരുവരെയും അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കുന്നതിലുള്ള ചില വിയോജിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചിരുന്നു. ആ വിയോജിപ്പുകള്‍ തള്ളിക്കൊണ്ടാണ് ഇരുവരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് സുപ്രീംകോടതി കൊളീജിയം കൈമാറിയത്. ഇതില്‍ സ്‌നേഹലതയെ ഈ വര്‍ഷം ആദ്യം ജഡ്ജിയായി നിയമിച്ചു. ഇപ്പോള്‍ കൃഷ്ണകുമാറിനേയും. ഇതോടെ ആ രണ്ട് പേരും ഹൈക്കോടതി ജഡ്ജിമാരാകുന്നുവെന്നതാണ് വസ്തുത.

സ്നേഹലത പുറപ്പെടുവിച്ച രണ്ട് ജാമ്യ ഉത്തരവുകളിലാണ് കേന്ദ്രത്തിന്റെ എതിര്‍പ്പ് കോളീജിയത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സ്നേഹലതയുടെ സത്യസന്ധതയില്‍ സംശയം ഇല്ലെന്ന് വ്യക്തമാക്കി ഈ എതിര്‍പ്പ് സുപ്രീംകോടതി കൊളീജിയം അവഗണിക്കുകയായിരുന്നു. ഇത് കേന്ദ്രത്തിനും അംഗീകരിക്കേണ്ടി വന്നു. ജുഡീഷ്യല്‍ ഓഫീസറായി 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെയാണ് പി. കൃഷ്ണകുമാറിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിലുള്ള എതിര്‍പ്പ് നേരത്തെ കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചിരുന്നു. കൊളീജിയം ഈ എതിര്‍പ്പ് അവഗണിച്ച് നിയമന ശുപാര്‍ശ നല്‍കുകയായിരുന്നു. ഒഴിവുകള്‍ ഉണ്ടായ കാലഘട്ടത്തില്‍ കൃഷ്ണകുമാറിന് ജഡ്ജി നിയമനത്തിന് ആവശ്യമായ പത്തുവര്‍ഷത്തെ സേവന കാലാവധി ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന നിലപാടായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. എന്നാല്‍ കോളീജിയത്തിന്റെ ശൂപാര്‍ശ അങ്ങനെ തന്നെ നിലനിന്നു. ഇത് അംഗീകരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും. അങ്ങനെയാണ് രാഷ്ട്രപതിയുടെ നിയമന ഉത്തരവ് വരുന്നത്.

ഒക്ടോബര്‍ 15നാണ് കെ വി ജയകുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍, എസ് മുരളീകൃഷ്ണ, പി വി ബാലകൃഷ്ണന്‍ എന്നിവരെ അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കാമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. പി കൃഷ്ണകുമാറിനെ ജഡ്ജിയായി നിയമിക്കാമെന്ന് 2023 ഒക്ടോബര്‍ 10ന് തന്നെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഒക്ടോബര്‍ 15ന് നല്‍കിയ ശുപാര്‍ശയിലും പി കൃഷ്ണകുമാറിനെ നിയമിക്കണമെന്ന് ആവര്‍ത്തിച്ചു. പി കൃഷ്ണകുമാറിനൊപ്പം ശുപാര്‍ശ ചെയ്ത നാല് പേരെയും ജഡ്ജിമാരായി നിയമിച്ചിട്ടും, കൃഷ്ണകുമാറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും കൊളീജിയം ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ 15ന് ശുപാര്‍ശചെയ്യപ്പെട്ട നാല് പേരും നിയമന ഉത്തരവില്‍ സീനിയോറിട്ടിയില്‍ കൃഷ്ണകുമാറിന് താഴെയായിരിക്കണമെന്നും കൊളീജിയം നിര്‍ദേശിച്ചു. ഈ നിര്‍ദേശം പാലിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയത്.

2012 ഒക്ടോബറില്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പി കൃഷ്ണകുമാര്‍. കൊല്ലത്തും തിരുവനന്തപുരത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എറണാകുളം എന്‍.ഐ.എ./സി.ബി.ഐ. സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരിക്കേ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐ.എസ്.ഐ.എസ്. കേസ്, നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ചു. എല്ലാം കേരളത്തെ പിടിച്ചുലച്ച വിധികള്‍. ഈ അനുഭവ സമ്പത്തുമായാണ് ഹൈക്കോടതി രജിസ്റ്റാറായത്. അപ്പോഴും സുപ്രധാന വിഷയങ്ങളില്‍ പക്ഷം പിടിക്കാതെ നിലയുറപ്പിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി ജഡ്ജിയായി നിയമനം എത്തുന്നത്. മുന്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ആലപ്പുഴ വണ്ടാനം പുത്തന്‍വീട്ടില്‍ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. അഡ്വ. ശാലിനിയാണ് ഭാര്യ. മക്കള്‍: കെ. ആകാശ്, നിരഞ്ജന്‍, നീലാഞ്ജന.

ഹൈക്കോടതിയില്‍ വിജിലന്‍സ് രജിസ്ട്രാറായിരുന്നു കെ വി ജയകുമാര്‍ . 2012ല്‍ ജില്ലാ ജഡ്ജിയായി. തലശേരി, പാലക്കാട് എന്നിവിടങ്ങളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയായും കോഴിക്കോട് വിജിലന്‍സ് ജഡ്ജിയായും തലശേരി, കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ കണിമംഗലം മാളിയേക്കലില്‍ പരേതനായ ഹരിദാസ് കര്‍ത്തായുടെയും കെ വി ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണന്‍. മക്കള്‍: അമൃത, സ്‌നേഹ. എസ് മുരളീകൃഷ്ണ കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്നു. കോഴിക്കോട്, പാലക്കാട് അഡീഷണല്‍ ജില്ലാ ജഡ്ജിയായും മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കാഞ്ഞങ്ങാട് നവചേതന വീട്ടില്‍ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ: അര്‍ച്ചന. മക്കള്‍: അക്ഷരി, അവനീഷ്. സഹോദരി: എസ് ഭാരതി ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ്.

ജോബിന്‍ സെബാസ്റ്റ്യന്‍ ഹൈക്കോടതിയില്‍ രജിസ്ട്രാറാണ് (ഡിസ്ട്രിക്ട് ജുഡീഷ്യറി). 2014ല്‍ നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജിയായും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജിയായും തലശേരി, ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചു. പാലാ നീലൂര്‍ മംഗലത്തില്‍ എം ഡി സെബാസ്റ്റിയന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മക്കള്‍: തെരേസ, എലിസബത്ത്, ജോസഫ്. പി വി ബാലകൃഷ്ണന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരത്തും കോഴിക്കോടും മാവേലിക്കരയിലും അഡീഷണല്‍ ജില്ലാ ജഡ്ജിയായും കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി. റിട്ട. ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കള്‍: ഗായത്രി, തരുണ്‍.

പി കൃഷ്ണകുമാര്‍, ജഡ്ജ്, ഹൈക്കോടതി