കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി. എസ്‌ഐടി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള ഇടക്കാല ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. നിലവിലെ കേസിലെ ചില കക്ഷികളെ ഒഴിവാക്കിയായിരിക്കും പുതിയ കേസെടുക്കുക. കൃത്യമായ കക്ഷികളെ മാത്രം ഉള്‍പ്പെടുത്തിയാണ് പുതിയ കേസെടുക്കുക. സര്‍ക്കാരിനെയും, ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍കക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക.

ഗൂഡാലോചന അടക്കമുളള എല്ലാവശങ്ങളും പരിശോധിക്കാനാണ് കോടതി നീക്കം. അടച്ചിട്ട മുറികളിലാണ് കോടതി വാദം കേട്ടത്. ശബരിമല സ്വര്‍ണക്കൊളളയില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്. കേസ് നവംബര്‍ 15ന് പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ വി, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടക്കുകയെന്നത് കഴിഞ്ഞദിവസമാണ് കോടതി രജിസ്ട്രി അറിയിച്ചത്. അതുകൊണ്ടുതന്നെ വാദം നടക്കുന്നിടത്തേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായില്ല. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒപ്പം വിഷയം സെന്‍സേഷണലൈസ് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ശബരിമല സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്നും ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ എസ്‌ഐടി അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 1998ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്‍കിയാല്‍ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റുചെയ്‌തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും.ചെന്നൈയും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വര്‍ണ്ണം പോയ വഴികള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരന്‍ മുദ്ര വെച്ച കവറില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ് ശശിധരനില്‍ നിന്നും, ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍കുമാറില്‍ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം ദേവസ്വം സര്‍ക്കാര്‍ അഭിഭാഷകരെ കൂടി കോടതിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്.

ശബരിമല സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയെന്ന് എസ്‌ഐടി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നത്. ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിച്ചത്. 1998ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്‍കിയാല്‍ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റുചെയ്‌തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്‌മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നതിനിടെ സ്വര്‍ണം കവര്‍ന്നു എന്നാണ് എസ്‌ഐടി നിഗമനം. നാഗേഷ്, കല്‍പ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് ശ്രമം. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഇന്നലെ മുഴുവന്‍ അനന്ത സുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തിരുന്നു.