തിരുനാവായ(മലപ്പുറം): ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായയില്‍ കേരള കുംഭമേളയായി ആഘോഷിച്ച മാഘമക മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഇന്നലെ കാലത്ത് നാഗസന്യാസിമാരും പതിനായിരക്കണക്കിന് ഭക്തരും നിളയില്‍ അമൃതസ്‌നാനം നടത്തി. വൈകിട്ട് നടന്ന നിളാ ആരതിയോടെയായിരുന്നു മഹാമേളയ്ക്ക് സമാപനമായത്. അമൃതസ്‌നാന ചടങ്ങുകള്‍ക്ക് ശേഷം യജ്ഞശാലയില്‍ രതിപൂജയും സന്യാസിമാര്‍ക്ക് അന്നദാനം നല്‍കുന്ന ഭണ്ഡാര ചടങ്ങും നടന്നു.

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനമാണ് ഉണ്ടായത്. പത്തൊന്‍പതുനാള്‍, നാമമന്ത്രോച്ചാരണങ്ങള്‍കൊണ്ടും ദീപധൂപ വാദ്യകലാദികള്‍കൊണ്ടും ആത്മീയാനുഭവംതീര്‍ത്ത ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് സമാപനദിവസമായ ചൊവ്വാഴ്ചയും ആയിരങ്ങളെത്തി. പത്ത് ലക്ഷത്തിലേറെ പേര്‍ ഈ ദിവസങ്ങളിലായി തിരുനാവായയിലെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

മകം നക്ഷത്രം, ദ്വിതീയ തിഥി എന്നിവ ഒത്തുവരുന്ന ഈ ദിവസം രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ) യോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇതിനുശേഷം നിളയിലെ ആരതീഘട്ടില്‍ മഹാമാഘത്തിന്റെ പ്രധാന ചടങ്ങായ അമൃതസ്‌നാനം നടന്നു. മണപ്പുറത്ത് തിങ്ങിനിറഞ്ഞ ഭക്തരും നാഗസന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ള സന്ന്യാസിമാരും പങ്കെടുത്തു. ഭാരതത്തിലെ സപ്തനദികളിലെയും ജലം ഇവിടെ സംഗമിക്കുന്നൂവെന്ന സങ്കല്പത്തില്‍ സന്ന്യാസിസമൂഹവും ഭക്തരും നിളയില്‍ മുങ്ങിനിവര്‍ന്നു.

തുടര്‍ന്ന് സന്ന്യാസിമാര്‍ക്ക് യതിപൂജയര്‍പ്പിച്ചു. സന്ന്യാസിമാര്‍ക്ക് അന്നവും വസ്ത്രവും ദക്ഷിണയും സമര്‍പ്പിക്കുന്ന 'ഭണ്ഡാര'യുമുണ്ടായി. എല്ലാവരും ഒരേ നിരയില്‍ ഇരുന്ന് ഒരുമിച്ച് ഭക്ഷണംകഴിക്കുന്ന 'പംഗത്' ഭണ്ഡാരയിലെ സമത്വസുന്ദരമായ കാഴ്ചയായിരുന്നു. നിളയില്‍ സന്ധ്യക്കു നടന്ന മനോഹരമായ നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിച്ചു. മോഹന്‍ജി ഫൗണ്ടേഷന്‍ സമര്‍പ്പണമായി ഒരുക്കിയ പുഴയ്ക്കുനടുവിലെ നിളാ ആരതിയാണ് കേരള കുംഭമേളയെന്നറിയപ്പെട്ട മഹാമാഘത്തിന്റെ പ്രധാന ആകര്‍ഷണമായത്.

അടുത്തവര്‍ഷം 45 ദിവസത്തെ മേള

പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായി മഹാമാഘം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് സഭാപതി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറഞ്ഞു. 2027-ല്‍ പൌഷപൗര്‍ണമി മുതല്‍ ശിവരാത്രി വരെ 45 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ മഹാമാഘം നടത്താനാണ് ആലോചിക്കുന്നത്. അതില്ലെങ്കില്‍ ചുരുങ്ങിയത് മുപ്പതുദിവസമെങ്കിലും നീളുന്നതാവും മേള. സംഘടനാപ്രവര്‍ത്തനങ്ങള്‍ ഈ ഏപ്രിലില്‍ തുടങ്ങും. 2028-ല്‍ പ്രയാഗ് രാജിലേതിനുസമാനമായി മഹാകുംഭമേളയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാകും നടത്തുക. എല്ലാ പരമ്പരകളിലേയും ആചാര്യന്മാര്‍ എത്തും. വിവിധ സമ്പ്രദായങ്ങളിലുള്ള പൂജകളും അനുഷ്ഠാനങ്ങളും ഉണ്ടാകും -ആനന്ദവനം ഭാരതി പറഞ്ഞു.

ബ്രഹ്‌മദേവന്റെ യാഗഭൂമിയാണ് തിരുനാവായ മണപ്പുറം. ഭാരതപ്പുഴ ത്രിമൂര്‍ത്തീസംഗമ സ്ഥാനവുമാണ്. ത്രിമൂര്‍ത്തീസംഗമസ്ഥാനമെന്ന രീതിയില്‍ ഭാരതത്തില്‍ ഇതുപോലെ മറ്റൊരു സ്ഥലമില്ല. മാഘം നടന്നിരുന്ന വേദിയാണിത്. ത്രികോണാകൃതിയിലുള്ള ഇവിടെ രാജരാജേശ്വരിയുടെ അധിഷ്ഠാനംകൂടിയാണ്. ബ്രഹ്‌മദേവന്റെ യജ്ഞത്തിനുവേണ്ടി ഭാരതത്തിലെ എല്ലാതീര്‍ഥങ്ങളും ഗംഗയില്‍ലയിച്ച് ഇവിടെയെത്തിയപ്പോള്‍ ഇത് ഭാരതപ്പുഴയായി. ഭൗമശാസ്ത്രപരമായും ഒട്ടേറെ പ്രധാന്യമുണ്ട് തിരുനാവായയ്ക്ക്. കുംഭമേളപോലെ വലിയ ഉത്സവമായിരുന്നു പണ്ട് ഇവിടെ നടന്നിരുന്ന മഹാമാഘവും എന്നാണ് വിശ്വാസം.

ഭാരതപ്പുഴയുടെ പാരിസ്ഥിതികമായ വീണ്ടെടുപ്പ് പ്രധാനമാണ്. ഒപ്പം കല, ശാസ്ത്രം, വിജ്ഞാനം തുടങ്ങി സര്‍വമേഖലങ്ങളിലും വലിയ സംഭാവനകള്‍ നല്‍കിയ മഹത്തായ പൈതൃകമുണ്ട് ഭാരതപ്പുഴയുടെ തീരത്തിന്. വലിയ കവികള്‍, ശാസ്ത്രകാരന്മാര്‍, വേദപണ്ഡിതര്‍ തുടങ്ങിയവര്‍ ഇതിന്റെ തീരത്തുണ്ടായിരുന്നു. ഭാരതപ്പുഴയെ പാരിസ്ഥിതികമായി വീണ്ടെടുക്കുന്നതിനൊപ്പം കൈമോശംവന്നുപോയ അതിന്റെ തീരത്തെ നമ്മുടെ മഹാപൈതൃകങ്ങളെ, അറിവുകളെ, പാരമ്പര്യങ്ങളെയെല്ലാം വീണ്ടെടുക്കണം.

വളരെക്കുറഞ്ഞ സമയംകൊണ്ട് ആസൂത്രണംചെയ്ത പരിപാടിയായിട്ടുപോലും ഇത്തവണ ഉദ്ദേശിച്ചതിനെക്കാള്‍ ഗംഭീരമായി. എല്ലാം തനിയേ സംഭവിക്കുകയാണ്. വര്‍ഷംതോറും മഹാമാഘമഹോത്സവം നടക്കും. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ അത് വിശേഷമാണല്ലോ. പന്ത്രണ്ടുവര്‍ഷം കൂടുമ്പോഴാണ് വ്യാഴം ചിങ്ങം രാശിയില്‍വരുന്ന സമയം. 'സിംഹസ്ഥ' എന്നുപറയും. അതിനി 2028-ലാണ്. 2028-ല്‍ പ്രയാഗ് രാജിലേതിനു സമാനമായി കേരളത്തിലെ മഹാകുംഭമേളയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാവും നടത്തുക. ഭാരതത്തിലെ എല്ലാ പരമ്പരകളിലെയും ആചാര്യന്മാര്‍ തിരുനാവായയിലെത്തും. ഭാരതത്തിലെയാകെ വിവിധ സമ്പ്രദായങ്ങളിലുമുള്ള പൂജകളും അനുഷ്ഠാനങ്ങളും ഉണ്ടാകും.