- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിത്തെടുത്തു കുത്തും വിധത്തിൽ കടംവാങ്ങൽ; കേന്ദ്രം തടയിട്ടപ്പോൾ നയാപൈസ ഇല്ലാത്ത അവസ്ഥയും; സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ പ്രചരണം ശക്തമാക്കാൻ എൽഡിഎഫ്; കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും, നിയമോപദേശംതേടി
ന്യൂഡൽഹി: കേരളത്തിന്റെ സാമ്പത്തിക നില തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. വിത്തെടുത്തു കുത്തും വിധത്തിൽ കടമെടുപ്പു പതിവായതോടെയാണ് ഇതിന് കേന്ദ്രത്തിൽ നിന്നും പിടിവീണത്. കിഫ്ബിയുടെ വായ്‌പ്പയെ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ കേരളം ശരിക്കും വെട്ടിലായി. ഇപ്പോൾ മുന്നോട്ടു പോകാൻ വീണ്ടും കടമെടുക്കേണ്ട അവസ്ഥയാണ്. എന്നാൽ, കടമെടുപ്പ് പരിധി ഉയർത്താൻ കേന്ദ്രത്തിന്റെ അനുമതി ഇല്ല താനും. ഇതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് കേരളം. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിൽ ഈ പ്രചരണം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫ് സർക്കാറിന്റെ നീക്കം.
ഇതിനിടെ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതു പോലെ കേന്ദ്രസർക്കാറിനെതിരെയും സുപ്രീംകോടതിയെ സമീപിക്കാനാണ് കേരളം ഒരുങ്ങുന്നത്. വായ്പപ്പരിധി വെട്ടിക്കുറച്ചത് അടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടിയാണ് കേന്ദ്രസർക്കാരിനെതിരേ നിയമപോരാട്ടമാകാമെന്ന് കേരളസർക്കാരിന് വിദഗ്ധ നിയമോപദേശം. ഇതനുസരിച്ചു കേന്ദ്രത്തിനെതിരെ കോടതിയിൽപോയുന്നത് സർക്കാറിന്റെ പരിഗണനയിൽ ഉണ്ട്.
രാജ്യത്തെ തന്നെ പ്രമുഖ നിയമജ്ഞനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്. നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമയുദ്ധത്തിനുള്ള നടപടികൾ ഊർജിതമാക്കി. സംസ്ഥാനത്തെ വായാപ്പാ പരിധി ഉയർത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഇതിന്റെകൂടി വെളിച്ചത്തിലാണ് കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതെന്നാണ് വിവരം.
സംസ്ഥാനബജറ്റിനുപുറത്ത് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കിഫ്ബിയുടെ ബാധ്യതകൂടി സംസ്ഥാനത്തിന്റേതായി കണക്കാക്കിയാണ് കേന്ദ്രം നിലവിൽ വായ്പപ്പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കിഫ്ബി വായ്പയെ അങ്ങനെ കണക്കാക്കാനാവില്ലെന്നാണ് കേരളത്തിന്റെ വാദം. കേരളത്തിന് അർഹതപ്പെട്ട വായ്പത്തുകയിൽ 19,000 കോടി രൂപ കേന്ദ്രം നിഷേധിച്ചത് ഇങ്ങനെ പരിഗണിച്ചാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിയമപരമായി ചോദ്യംചെയ്യാമെന്നാണ് നിയമോപദേശം.
ഭരണഘടനയുടെ അനുച്ഛേദം 12 പ്രകാരം 'സംസ്ഥാനം' എന്നതിന്റെ നിർവചനത്തിൽ കിഫ്ബിപോലുള്ള സമാന്തരസ്ഥാപനങ്ങൾ പെടില്ലെന്ന് നരിമാൻ ചൂണ്ടിക്കാട്ടിയതായാണ് വിവരം. കേന്ദ്രം ഇത്തരത്തിൽ ബജറ്റിനുപുറത്ത് വായ്പയെടുക്കുന്നതും ഉദാഹരണമായി കാണിച്ചു. ഭരണഘടനയുടെ 293 (3) അനുച്ഛേദമനുസരിച്ച് കേന്ദ്രസർക്കാരിന്റെ അനുമതികൂടാതെ സംസ്ഥാനത്തിന് കടമെടുക്കാനാവില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം അനുമതി നിഷേധിക്കുന്നതിനെ വിവേചനമായി കണക്കാക്കാമെന്നാണ് വാദം.
അനുച്ഛേദം 300 പ്രകാരം രണ്ടുസംസ്ഥാനങ്ങൾ തമ്മിലോ കേന്ദ്രവും സംസ്ഥാനവും തമ്മിലോ സിവിൽ ഹർജികൾ നിലനിൽക്കും. കേരള ധനകാര്യവകുപ്പാണ് ഫാലി എസ്. നരിമാനിൽനിന്ന് നിയമോപദേശം തേടിയത്. ധനകാര്യവകുപ്പിനുലഭിച്ച നിയമോപദേശംകൂടി പരിശോധിച്ച ശേഷമാണ് നിയമനടപടിയിലേക്ക് കടക്കാനുള്ള നീക്കം സംസ്ഥാനം സജീവമാക്കിയിരിക്കുന്നത്.
നേരത്തെ ഗവർണറുമായുള്ള ശീതയുദ്ധത്തിന്റെ ഭാഗമായി ബില്ലകളിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു കേരള സർക്കാർ. ഗവർണറുമായുള്ള നിയമയുദ്ധം ഒരു വശത്തു നടക്കുമ്പോഴാണ് ഇപ്പോൾ കേന്ദ്രസർക്കാറിനെതിരെയും നിയമവഴിയിൽ നീങ്ങാൻ കേരളം ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
മറുനാടന് ഡെസ്ക്