തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി നാലാം തവണയും ആര്‍ എസ് ബാബുവിന് നിയമനം നല്‍കിയതും ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചതും ചട്ടവിരുദ്ധമായിട്ടെന്ന് ആരോപണം. മീഡിയ അക്കാദമിയുടെ പദവികളില്‍ രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് ബാബുവിനെ നാലം തവണയും നിയമിച്ചത്.

സര്‍ക്കാര്‍ തന്നെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ള ഇക്കാര്യം ആര്‍ എസ് ബാബുവിന് വേണ്ടി മറികടന്നത് നിയമവിരുദ്ധമാണ്. മാത്രവുമല്ല 02.08.2024 ല്‍ വിവരാവകാശ പ്രകാരം പി.ആര്‍.ഡി നല്‍കിയ മറുപടിയിലും ഇത് വ്യക്തമാണ്. രാഷ്ട്രീയമായ നിയമനമാണെങ്കില്‍ തന്നെ ദേശാഭിമാനിയിലടക്കം ജോലി ചെയ്ത പഗല്ഭരായ മാധ്യമപ്രവര്‍ത്തകരെയൊക്കെ അവഗണിച്ച് നിയമം കാറ്റില്‍ പറത്തി ബാബുവിനെ നാലാംവട്ടവും നിയമിച്ചതിന് പിന്നില്‍ എന്തെന്ന ചോദ്യമാണ് ഉയരുന്നത്.

ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചതിലും ഗുരുതരമായ നിയമലംഘനം ഉണ്ടെന്നാണ് ആക്ഷേപം. പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 6 പേരെ സര്‍ക്കാര്‍ നിയോഗിക്കണമെന്നാണ് ചട്ടം. എന്നാല്‍ പത്രപ്രവര്‍ത്തകയൂണിയന്‍ നല്‍കിയ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന സുരേഷ് വെള്ളിമംഗലം, കിരണ്‍ബാബു എന്നിവരെ സര്‍ക്കാര്‍ യൂണിയന്‍ നേതൃത്വം അറിയാതെ ഒളിപ്പിച്ച് അകത്ത് കയറ്റിയെന്നാണ് ആരോപണം.




കേസരി സ്മാരക ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയ പണം ദുരുപയോഗം ചെയ്തതിന് ആരോപണവിധേയരായ ആളുകളാണ് സുരേഷും കിരണ്‍ബാബുവും എന്നും ആരോപണമുണ്ട്. കിരണ്‍ബാബുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് 354ാം വകുപ്പ് പ്രകാരം കേസും നിലവിലുണ്ട്. പത്രപ്രവര്‍ത്തകയൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇരുവരെയും യൂണിയന്‍ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും തിരുകിക്കയറ്റിയത് ചിലരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം.




നിയമാവലിയും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് ആര്‍ എസ് ബാബുവിനെ ചെയര്‍മാനാക്കിയ നടപടിയും സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതിന് ആരോപണവിധേയരായ സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ നടപടിയും തിരുത്താത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.