- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല വിഭജിക്കണം; 42 ലക്ഷം ജനങ്ങള്‍ ഒരു കലക്ടറുടെ കീഴിലാണ്; ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയില്‍ പുതിയ ജില്ല ആവശ്യം; എസ്ഡിപിഐക്കും പി വി അന്‍വറിനും പിന്നാലെ വിഭജന വാദവുമായി കേരളാ മുസ്സിം ജമാഅത്ത്
ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല വിഭജിക്കണം
മലപ്പുറം: ജില്ലയുടെ സമ്പൂര്‍ണ്ണ വികസനത്തിന് ജനസംഖ്യാനുപാതികമായി പുതിയ ജില്ല അനിവാര്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത്(കാന്തപുരം വിഭാഗം) മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയില്‍ പുതിയ ജില്ലയും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി പറഞ്ഞു.
മനുഷ്യര്‍ക്കൊപ്പം ' എന്ന ശീര്‍ഷകത്തില്‍ ജനു.1 മുതല്‍ 16 വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ സന്ദേശയാത്ര മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വീര്‍ഘകാലമായ എസ്ഡിപിഐ ഉയര്‍ത്തുന്ന ആവശ്യമാണ് മലപ്പുറം ജില്ലാ വിഭജനം. ഈ ആവശ്യമാണ് വീണ്ടും സജീവമായി ചര്‍ച്ചയാകുന്നത്.
'ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം. 2011ലെ കണക്കനുസരിച്ച് 42 ലക്ഷം ജനങ്ങളുണ്ട്. ഒരു കലക്ടറുടെ കീഴിലാണ്. അതുപോലെ ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യംപോലുമില്ലാത്ത ഒരു മെഡിക്കല്‍ കോളജിന് കീഴിലാണ് ജില്ല. യഥാര്‍ഥത്തില്‍ പത്തനംതിട്ടയെ അപേക്ഷിച്ച് മലപ്പുറം ജില്ലയെ നാലെണ്ണെങ്കിലും ആക്കണം'-അദ്ദേഹം പറഞ്ഞു.
'ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് ആഴ്ചയില്‍ വാഹനങ്ങള്‍ മാറിമാറി വാങ്ങാന്‍ ഫണ്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം അരക്കോടിയുടേതാണെങ്കില്‍ ഇനി മൂന്ന് കോടിയുടേത് വാങ്ങാന്‍ ഫണ്ടിന്റെ പ്രശ്നമില്ല. പത്തനംതിട്ടയില്‍ പതിനൊന്ന് ലക്ഷം ആളുകളാണ്. അവിടെ ഒരു മെഡിക്കല്‍ കോളജും ഒരു കലക്ടറുമുണ്ട്. തിരുവനന്തപുരത്ത് പോലും 33 ലക്ഷം ആളുകളാണ് ഉള്ളൂ. മലപ്പുറത്ത് 42 ലക്ഷം മനുഷ്യന്മാരാണ്'- അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള നാല്പത്തിയഞ്ച് ലക്ഷത്തിലധികം മനുഷ്യരെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജില്ലയിലെ പ്രധാന പട്ടണങ്ങളും ടൗണുകളും ബന്ധിപ്പിച്ച് പ്രത്യേകിച്ച് രാത്രിയിലും പകലിലും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അടിയന്തിരമായി തുടങ്ങി സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെ പി വി അന്‍വറും ഈ ആവശ്യം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. യുഡിഎഫ് പ്രവേശനം സാധ്യമായതോടെ ഇതിനുള്ള നീക്കം അന്‍വര്‍ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പുതിയ ജില്ലയ്ക്ക് വേണ്ടി പ്രമേയം പാസാക്കിയിരുന്നു. എസ്ഡിപിഐ പ്രധാന അജണ്ടയായി ആവശ്യം ഉന്നയിച്ച് പ്രചാരണം നടത്തിയിരുന്നു. വിവിധ സമരങ്ങളുടെ ഭാഗമായി അവര്‍ ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. 47 ലക്ഷം പേര്‍ക്ക് ലഭിക്കാവുന്ന സൗകര്യങ്ങള്‍ മലപ്പുറം ജില്ലയില്‍ ഇല്ല എന്നതാണ് ഈ ആവശ്യം ഉന്നയിക്കുന്ന എല്ലാവരും മുന്നോട്ട് വെക്കുന്നത്. തിരൂര്‍ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രിയും സബ് കളക്ടര്‍, ആര്‍ഡിഒ, വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നതും എടുത്തു പറയേണ്ടതാണ്.
എന്നാല്‍ മലപ്പുറം ജില്ലാ ആവശ്യത്തെ സിപിഎം തള്ളിയിരുന്നു. പിവി അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന ജില്ല വിഭജനമുള്‍പ്പെടേയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്നാണ് സിപിഎം പ്രതികരിച്ചിരുന്നത്. എസ്ഡിപിഐ അടക്കമുള്ളവരെ ലക്ഷ്യം വെച്ചാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. തിരൂര്‍ കേന്ദ്രമാക്കി മലപ്പുറത്ത് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം എസ്ഡിപിഐ ആണ് കാര്യമായി ഉന്നയിച്ചു വരുന്നത്. കോണ്‍ഗ്രസ്- ലീഗ്- എസ്.ഡി.പി.ഐ- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു.




