- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കിടരുത്..! ഉരുള്‍പൊട്ടലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍. ഉരുള്‍പൊട്ടലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ചീഫ് സെക്രട്ടറി വി വേണു വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നാണ് വാര്‍ത്ത.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമാന്‍ഡറിനും ജില്ലാ കളക്ടര്‍ക്കും മാത്രമേ പ്രാദേശിക മാധ്യമ സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവാദമുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 'മറ്റൊരു ഉദ്യോഗസ്ഥനും മാധ്യമങ്ങളുമായി സംവദിക്കുകയോ വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുത്' എന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. അതേസമയം ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാറിനെ എത്തിച്ചത് എന്തു കാരണമാണെന്ന് വ്യക്തമല്ല.
ഇത്രയും വിപുലമായ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ എന്തിനാണ് ഇത്തരുമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന ചോദ്യങ്ങളും വിമര്‍ശന വിധേമായി ഉയരുന്നുണ്ട്. സുതാര്യതയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വേണ്ടതെന്നതാണ് ആഗോളതലത്തില്‍ ഉയരുന്ന വാദം. എന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ വിവരങ്ങള്‍ അറിയരുത് എന്ന് ശഠിക്കുന്നത് സര്‍ക്കാറിന്റെ തെറ്റായ നയമാണെന്ന് മാധ്യപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
അതേസമയം ഉരുള്‍ പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്ജിതയി നടക്കുന്നുണ്ട്. പാലം തകര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടത് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. താല്‍ക്കാലിക പാലം നിര്‍മിച്ചും വളരെ ശ്രമകരമായി പുഴയിലെ കുത്തൊഴുക്ക് മറികടന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മറുവശത്ത് എത്തിയിരുന്നത്. പരിക്കേറ്റവരെ ഉള്‍പ്പെടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗം കൈവരും. അപകടത്തില്‍ കനത്ത നാശമുണ്ടായ പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുണ്ടക്കൈയിലാണ്. ഇവിടങ്ങളില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ആദ്യ ദിവസം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനേ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇന്ന് പുഞ്ചിരിമട്ടം മേഖലയില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
മുണ്ടക്കെ-ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ മരണം 270 പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. ഇതില്‍ 96 പേരെയാണ് ഇന്നലെ വരെ തിരിച്ചറിഞ്ഞത്. കൂടുതല്‍ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനാല്‍, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.