- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോലീസിലെ തല്ല് തീരുന്നില്ല; ആസ്ഥാനത്തെ പോരിന് പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; സിഐയെ തല്ലിയത് മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ കൃഷ്ണ മോഹന്‍; മോദിയ്ക്ക് സുരക്ഷയൊരുക്കാന്‍ പോലീസുകാരെത്തിയത് മദ്യപിച്ചോ? തിരുവല്ലയിലേത് വന്‍ സുരക്ഷാ വീഴ്ച

തിരുവല്ല: കേരള പോലീസിനെ നാണക്കേടിലാക്കുന്ന ആഭ്യന്തര കലഹങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സീനിയര്‍ ഉദ്യോഗസ്ഥനെ ജൂനിയര്‍ പോലീസുകാരന്‍ തല്ലിയ സംഭവം വിവാദമായതിന് പിന്നാലെ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ എസ്ഐ കയ്യേറ്റം ചെയ്ത വിവരം പുറത്തുവന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്‌ഐയും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കൊടുമണ്‍ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആരോപണം.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന മറ്റൊരു തല്ല് കേസില്‍ താക്കീതുകള്‍ നല്‍കി നടപടി ക്രമങ്ങള്‍ പുരോഗമിക്കവെയാണ് പോലീസിന്റെ അച്ചടക്കത്തെ ചോദ്യം ചെയ്യുന്ന പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലാ അതിര്‍ത്തികള്‍ക്ക് പുറത്താണെങ്കിലും തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥര്‍ പ്രതികളായതോടെ സംഭവം സിറ്റി പോലീസ് ആസ്ഥാനത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതുമില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവ ജാഗ്രത വേണ്ട സമയത്ത് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ തന്നെ പരസ്യമായി ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായും അച്ചടക്ക ലംഘനവുമായാണ് കാണുന്നത്. കൃഷ്ണ മോഹനെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. പോലീസിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരും മദ്യപാനവും സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നുവെന്ന വിമര്‍ശനം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടി തുടങ്ങിയാല്‍ ആരേയും പുറത്തേക്ക വിടാറില്ല. ഈ സമയം എസ് ഐ പുറത്തേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് സിഐ അനുവദിച്ചില്ല, ഇതാണ് സംഘര്‍ഷമായത്.


