- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോടുള്ള പങ്കാളിയുമായി തർക്കം; കൈ ഞരമ്പ് മുറിച്ച നിലയിൽ യുവതിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ; ആത്മഹത്യാ ശ്രമം സൈബർ സെല്ലിനെ അറിയിച്ച് 'മെറ്റ'; പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തി; കരമന സ്വദേശിനിയെ രക്ഷപ്പെടുത്തിയത് കേരള പൊലീസിന്റെ ജാഗ്രത
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം വീട്ടിലെത്തി രക്ഷിച്ച് കേരള പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവർ സൈബർ സെല്ലിനെ വിവരം അറിയിക്കുകയുമായിരുന്നു.
കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ ടീം ഇക്കാര്യം സൈബർ സെല്ലിനെ ഉടനെ അറിയിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതർ കൊച്ചി സൈബർ പൊലീസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിഞ്ഞു.
തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഈ വിവരം ചേർത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടർന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.
കൈകൾ മുറിച്ച് രക്തം ചീന്തുന്ന തരത്തിലുള്ള വീഡിയോ ആണ് യുവതി പങ്കുവെച്ചതെന്നാണ് വിവരം. മെറ്റ അധികൃതരിൽ നിന്നും വിവരം ലഭിച്ച് പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ യുവതിയെ കണ്ടെത്തി വീട്ടിലെത്താൻ കഴിഞ്ഞതാണ് അപകടത്തിൽ നിന്നും രക്ഷിക്കാൻ സഹായകമായത്.
കാസർകോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്‌നങ്ങളും ഇതേ തുടർന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും കൊച്ചി സൈബർ സെല്ലിൽ നിന്നും വിവരം ലഭിച്ച് കേവലം പത്ത് മിനിറ്റുള്ളിലാണ് പൊലീസ് സംഘം യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത് എന്നത് അതിവേഗമുള്ള പൊലീസ് നടപടിയുടെ തിളക്കമേറ്റുന്നു.
മറുനാടന് മലയാളി ബ്യൂറോ