തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പരക്കെ നാശനഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു. മോട്ടോര്‍ ഷെഡ്ഡിന്റെ മേല്‍ക്കൂര പറന്നുപോയി. ട്രസ്സ് വര്‍ക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകള്‍ കാറ്റില്‍ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കര്‍ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോര്‍ പുരയ്ക്കാണ് നാശമുണ്ടായത്.

ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണു. ജാം നഗറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. രാവിലെ 10:30 യോടായിരുന്നു അപകടം. ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ കാര്യാട്ടുകരയില്‍ വീടിനു മുകളില്‍ തെങ്ങു വീണു. പുഴക്കല്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഗോപിയുടെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വീടിന്റെ പുറകിലായി നിന്നിരുന്ന മരം വീഴുകയായിരുന്നു

വിവിധ ജില്ലകളിലായി പത്തിലേറെ വീടുകളും വാഹനങ്ങളും മരം വീണ് തകര്‍ന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇന്ന് മറ്റു ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

കനത്ത മഴയില്‍ തൃശൂര്‍ ചെന്ത്രാപ്പിന്നി പപ്പടം നഗറില്‍ വെള്ളം കയറി. മുപ്പതോളം വീടുകള്‍ വെള്ളത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിലായത്. ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് വെള്ളം ഒഴുകി പോകുന്ന തോടുകള്‍ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളം കയറി.

തൃശ്ശൂര്‍ മുനക്കല്‍ ബീച്ചില്‍ ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓടുകള്‍ പറന്നുപോയി. അഴിക്കോട് ബീച്ചില്‍ ചീനവലകള്‍ ഉള്‍പ്പെടെ തകര്‍ന്നു. തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ അപകടമൊഴിവായി. ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുനമ്പം ഹാര്‍ബറിനകത്ത് മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. അഞ്ചോളം വാഹനങ്ങളാണ് മരം വീണ് തകര്‍ന്നത്. ശബരിമല പാതയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണത് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. കണമല മുതല്‍ ഇലവുങ്കല്‍ വരെയാണ് മരങ്ങള്‍ വീണത്.

കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകള്‍ അന്‍ഹ (ഒന്നര മാസം ) ക്കാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

തൊട്ടില്‍പ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. തീരത്തുള്ള മസ്ജിദുല്‍ ഫാറൂഖ് പള്ളിയും, ക്വാട്ടേഴ്‌സും അപകട ഭീഷണിയില്‍. രാത്രി ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് തോട്ടില്‍ ജലമൊഴുക്ക് വര്‍ദ്ധിച്ചതാണ് തീരം ഇടിയുന്നതിന് കാരണമായത്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ നാല് കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു.

മണ്ണിടിച്ചില്‍ മൂലം ദേശീയപാതകളിലുള്‍പ്പെടെ ഗതാഗത നിയന്ത്രണങ്ങളുണ്ട്. കൊച്ചി, പൊന്നാനി തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്.ശക്തമായ കാറ്റിനൊപ്പം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കേരള തീരത്ത് നാളെ രാത്രിവരെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന വയനാട് മലപ്പുറം കാസര്‍കോട് ജില്ലകളിലേക്ക് എന്‍ ഡി ആര്‍ എഫ് സംഘം ഇന്ന് എത്തിച്ചേരും. നേരത്തെ മണ്ണിടിച്ചില്‍ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇടുക്കി എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത.

ഇന്നലെയാണ് തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയത്. പതിവിനേക്കാള്‍ എട്ട് ദിവസം നേരത്തെയാണിത്. 16 വര്‍ഷം മുന്‍പ് 2009ലാണ് ഇതിന് മുമ്പ് മെയ് 23ന് കാലവര്‍ഷം എത്തിയത്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീന്‍പിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകര്‍ച്ചാവ്യാധി മുന്നറിയിപ്പും നല്‍കി.

മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഈ മാസം 27 വരെ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി.

ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയില്‍ യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട്

മഴ ശക്തിപ്പെട്ട സാഹചര്യത്തില്‍ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിര്‍ത്തിവെച്ചു. ഈ മാസം 31 വരെ നടക്കാനിരിക്കെയാണ് ഫെസ്റ്റ് നിര്‍ത്തിയത്. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡിന് കുറുകെ മരം വീണു. അപകടകരമായ കടന്ന് പോകാന്‍ ശ്രമിച്ച കെഎസ്ആര്‍ടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിതക്കാണ് പരുക്കേറ്റത്. വയനാട്ടില്‍ എന്‍ ഡി ആര്‍ എഫിന്റെ 28 അംഗസംഘമെത്തി. മഴയില്‍ മടക്കിമല ഗവണ്‍മെന്റ് സ്‌കൂളിന്റെ ചുറ്റുമതില്‍ 20 മീറ്ററോളം ഇടിഞ്ഞു.

കണ്ണൂര്‍

കണ്ണൂര്‍ ആലക്കോട് കനത്ത മഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്.

മലപ്പുറം

മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായി. മുന്‍കരുതലിന്റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു മലപ്പുറം പറപ്പൂര്‍ ചോലക്കുണ്ടില്‍ ശക്തമായമഴയില്‍ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിര്‍മ്മാണത്തിലിരിക്കുന്ന പണി പൂര്‍ത്തിയായ വീടാണ് തകര്‍ന്നത് സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്ക് കാലിനു പരിക്കേറ്റു.

പാലക്കാട്

കനത്ത മഴയില്‍ പാലക്കാട് കുളപ്പുള്ളി പാതയില്‍ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തില്‍ മണ്ണിടിച്ചില്‍;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോള്‍ പാലത്തിന്റെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി ഒറ്റപ്പാലം എം എല്‍ എ ഉള്‍പ്പെടുന്നവര്‍ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

എറണാകുളം

മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി.സെക്കന്റില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ഇടുക്കി

ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കല്‍മേട് തോവാളപടിയില്‍ ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാര്‍ തലകീഴായി മറിയുകയായിരുന്നു. ദേശീയപാത നവീകരണം നടക്കുന്ന അടിമാലി -കരടിപ്പാറ മേഖലയില്‍ പലയിടത്തും മണ്ണിടിച്ചില്‍. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ ഇരുട്ടുകാനം വഴി തിരിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കി. മണ്ണ് മാറ്റാന്‍ ശ്രമം തുടങ്ങി.

ആലപ്പുഴ

ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകര്‍ന്നു. കുറുങ്ങാട് റംലത്തിന്റെ വീടാണ് രാത്രിയില്‍ തകര്‍ന്നു വീണത്. കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാര്‍ റോഡിലും മരങ്ങള്‍ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡില്‍ മരം കാറിനു മുകളില്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊല്ലം

കൊല്ലത്ത് കിഴക്കന്‍മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂര്‍ കോട്ടവട്ടം സ്വദേശി ജോസിന്റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആര്‍ക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.