- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ'; മെഗാ തിരുവാതിര മറവിയിലാഴും മുമ്പേ വന്നത് ചെമ്പടയ്ക്ക് കാവലാളായ ചെങ്കനല്‍ കണക്കൊരാളായ വാഴ്ത്തുപാട്ട്; സ്തുതി ഗീതത്തിന്റെ ചൂടാറും മുമ്പേ 'പിണറായി ദ ലെജന്‍ഡ്' ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍; സിപിഎമ്മില്‍ വീണ്ടും വ്യക്തി പൂജാ വിവാദം
'പിണറായി ദ ലെജന്‍ഡ്' ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍
തിരുവനന്തപുരം: വ്യക്തിപൂജ സിപിഎം വച്ചുപൊറുപ്പിക്കാറില്ല എന്നാണ് പൊതുവെയുള്ള വയ്പ്. പി ജയരാജന്‍ വ്യക്തിപൂജാ വിഷയത്തില്‍ ജാഗ്രത കാട്ടിയില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സമിതി ശാസിച്ചിരുന്നു. പി ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകളും, ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാര്‍ട്ടിക്കകത്ത് നേരത്തെ വലിയ വിവാദമായത്. ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ വിവാദത്തില്‍ ജയരാജന് പങ്കില്ലെന്നാണ് കണ്ടെത്തിയത്. ഏതായാലും ജയരാജന്റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യം വരുമ്പോള്‍ അയഞ്ഞ സമീപനമാണ് മിക്കപ്പോഴും സ്വീകരിക്കാറുള്ളത്. വാഴ്ത്തുപാട്ടിന് പിന്നാലെ പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയും ഒരുങ്ങുന്നു.
സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. 'പിണറായി ദ ലെജന്‍ഡ്' എന്ന പേരിലൊരുങ്ങുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള ജീവിത ചരിത്രമാണ് ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയുടെ വരവ്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡോക്യുമെന്ററിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി തന്നെ നിര്‍വഹിക്കുമെന്നാണ് വിവരം. നേരത്തെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെ മുഖ്യമന്ത്രിയെക്കുറിച്ച് ഇറക്കിയ വാഴ്ത്തുപാട്ട് വിവാദമായിരുന്നു.
തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ ഡോക്യുമെന്ററി. നേതാവിന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം. ഈ മാസം 21നാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്യുക. ചെമ്പടയുടെ കാവലാള്‍ എന്ന വാഴ്ത്തുപാട്ട് ഒരുക്കിയതും സെക്രട്ടേറിയറ്റിലെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററിയും ഒരുങ്ങുന്നത്.നേരത്തെ അസോസിയേഷന്‍ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോള്‍ കേള്‍പ്പിക്കാന്‍ തയ്യാറാക്കിയ വാഴ്ചത്ത് പാട്ട് വിവാദമായിരുന്നു .കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ത്തി ഡോക്യുമെന്ററി എത്തുന്നത്
നേമം സ്വദേശി അല്‍ത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഇന്ന് ചേര്‍ന്ന അസോസിയേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാസാക്കി. അതേസമയം ഇന്ന് ചേര്‍ന്ന സംഘടനാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. രണ്ട് വിഭാഗങ്ങളായി വലിയ തോതിലുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങിപ്പോയത്. അശോക് കുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡന്റ് പി. ഹണി ഏകാധിപത്യപരമായി പെരുമാറുന്നു എന്നാണ് വിമര്‍ശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞിരുന്നു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാഴ്ത്തുപാട്ട് ഇങ്ങനെയായിരുന്നു.
ചെമ്പടയ്ക്ക് കാവലാള്‍
ചെങ്കനല്‍ കണക്കൊരാള്‍
ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായി
തൊഴിലിനായി പൊരുതിയും ജയിലറകള്‍ നേടിയും
ശക്തമായ മര്‍ദനങ്ങളേറ്റ ധീരസാരഥി
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
മതതീവ്രവാദികളെ തച്ചുടച്ചുനീങ്ങവേ
പിന്തിരിഞ്ഞു നോക്കിടാതെ മുന്നിലേക്ക് പോകയും
ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായിടും
ചെങ്കൊടിപ്രഭയിലൂടെ ലോകര്‍ക്ക് മാതൃകയായി
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
ദുരിതപൂര്‍ണ ജീവിതം വിപ്ലവത്തിന്‍ പാതയില്‍
കുടുംബ ബന്ധമൊക്കെയും തടസമല്ലയോര്‍ക്കണം
പഠനകാലമൊക്കെയും പടയുടെ നടുവിലായ്
എതിര്‍ത്തവര്‍ക്കുടനടി മറുപടി കൊടുത്തയാള്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
ക്രൂരമാം മര്‍ദനങ്ങളേറ്റുവാങ്ങിടുമ്പോഴും
ശത്രുവിന്റെ മുന്നില്‍ തലകുനിച്ചിടാത്തയാള്‍
അടിയന്തരാവസ്ഥയില്‍ അടിച്ചൊടിച്ചു ദേഹമേ
രക്തമേറ്റ വസ്ത്രമിട്ടു സഭയിലേക്ക് വന്നവന്‍
കാക്കിയിട്ട കോമരങ്ങളൊക്കവേ വിറച്ചതും
ശക്തമായ ത്യാഗപൂര്‍ണ ജീവിതം നയിച്ചവന്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
പാടവും പറമ്പുകേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതുമച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതമിരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചുകാവലായി നിന്നയാള്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
അയുധമച്ഛനമ്മമാര്‍ക്ക് ക്ഷേമമാം പെന്‍ഷനും
പാര്‍പ്പിടത്തിനായി പൊരുതി പാര്‍പ്പിടം വരിച്ചവര്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കുനല്‍കിയോന്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍'.
2022ല്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് നടത്തിയ'മെഗാ തിരുവാതിര' വിവാദമായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികള്‍. അത് ഇങ്ങനെ----
'ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി അഭിവാദ്യങ്ങള്‍.
ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍
പിണറായി വിജയനെന്ന സഖാവ് തന്നെ.
എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ്''