കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ചടങ്ങിനിടെ സംഘര്‍ഷം. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ വേദിയിലെത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് പോലീസ് അവരെ സുരക്ഷിതമായി മാറ്റി.

സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഇവര്‍ക്കു പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി.വി. രാജയ്ക്കായിരുന്നു രണ്ടാംസ്ഥാനം.

ജി.വി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതോടെ നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി എത്തിയത്. വിദ്യാര്‍ഥികള്‍ പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി.

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുട്ടികളും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി സംസാരിക്കുകയും വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് വി.ശിവന്‍ കുട്ടിയെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം.

വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 'മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ', എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മര്‍ദ്ദിച്ചതായും ആരോപണം ഉയരുന്നു.

സ്‌പോര്‍ട്‌സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയില്‍ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാന കായികമേളയില്‍ മലപ്പുറം ജില്ല കന്നി കിരീടം സ്വന്തമാക്കി. 242 പോയിന്റ നേടിയാണ് മലപ്പുറം ചാംപ്യന്‍മാരായത്. 22 സ്വര്‍ണം, 32 വെള്ളി, 24 വെങ്കലം എന്നിവയുടെ പിന്‍ബലത്തിലായിരുന്നു മലപ്പുറത്തിന്റെ കിരീട നേട്ടം.

രണ്ടാം സ്ഥാനത്തുള്ള പാലക്കാട് മലപ്പുറം ജില്ലയേക്കാള്‍ 29 പോയിന്റുകള്‍ക്ക് പിന്നിലാണ്. പാലക്കാടിന് 213 പോയിന്റുകളാണുള്ളത്. 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമാണ് പാലക്കാടിന്റെ സമ്പാത്യം. സ്‌കൂള്‍ മീറ്റില്‍ തിരുവനന്തപുരമാണ് ചാംപ്യന്‍മാര്‍. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാരായത്. 144 സ്വര്‍ണ്ണത്തോടെയായായിരുന്നു ഗെയിംസില്‍ തിരുവനന്തപുരത്തിന്റെ ആധിപത്യം.

ആദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. സ്‌കൂളുകളില്‍ ചാംപ്യന്‍മാരായിരിക്കുന്നത് ഐഡിയല്‍ സ്‌കൂളാണ്. ഒന്നാം സ്ഥാനം നേടിയിരിക്കുന്ന കടകശ്ശേരി ഐഡിയല്‍ സ്‌കൂളിന് 80 പോയിന്റാണുള്ളത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുളള കോതമം?ഗലം മാര്‍ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.