- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനര്നിര്ണ്ണയ ഫലത്തിന് കാത്തു നില്‍ക്കാതെ സപ്ലി എഴുതാന്‍ ഉപദേശിച്ചവര്‍ക്ക് മറുനാടന്‍ വാര്‍ത്തയോടെ മുട്ടിടിച്ചു; പോലീസിനേയും കൂട്ടി തിരുനെല്‍വേലിയില്‍ പോയി ഉത്തരക്കടലാസ് പിടിച്ചെടുത്ത് അസാധാരണ ഇടപെടല്‍; എല്‍എല്‍ബിയില്‍ ആശങ്ക ഒഴിഞ്ഞു; കേരളാ സര്‍വ്വകലാശാല വള്ളിക്കെട്ട് ഒഴിവാക്കുമ്പോള്‍
തിരുവനന്തപുരം: എം.ബി.എ ഉത്തരകടലാസ് കാണാതായതിന് പിന്നാലെയുണ്ടായ കുരുക്ക് അഴിച്ച് കേരള സര്‍വകലാശാല. മൂല്യനിര്‍ണയം നടത്തിയതിന് പണം നല്‍കിയാലെ ഉത്തരകടലാസ് തിരികെ നല്‍കൂ എന്ന് തമിഴ്‌നാട്ടിലെ ഒരു അധ്യാപിക സര്‍വകലാശാലയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ പുനര്‍മൂല്യനിര്‍ണയ ഫല പ്രഖ്യാപനം മുടങ്ങി. നാണക്കേട് ഭയന്ന് അതീവ രഹസ്യമാക്കിയ ഈ വാര്‍ത്ത മറുനാടന്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് കേരള സര്‍വകലാശാലയിലെ എല്‍ എല്‍ ബി പുനര്‍ മൂല്യനിര്‍ണയ വിവാദത്തില്‍ നടപടിയെടുത്തു. അധ്യാപികയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല നേരിട്ട് ഏറ്റെടുത്തു. പോലീസിനൊപ്പം തിരുനെല്‍വേലിയിലെത്തിയാണ് സര്‍വകലാശാലയില്‍ നിന്നുള്ള സംഘം ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്. തിരിച്ചുകിട്ടിയ ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തി ഉടന്‍ ഫലപ്രഖ്യാപനം നടത്തും. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചുവച്ചതോടെ ഫലപ്രഖ്യാപനവും വൈകുകയായിരുന്നു.
എല്‍എല്‍.ബി കോഴ്‌സിലെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഒന്നാം മൂല്യനിര്‍ണയം നടത്തിയത് തമിഴ്‌നാട്ടിലെ ഒരു അധ്യാപികയാണ്. ഫലം വന്നപ്പോള്‍ ചില വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. ഉത്തരകടലാസുകള്‍ എവിടെ എന്ന് സര്‍വകലാശാല അപ്പോഴാണ് ആലോചിക്കുന്നത്. ആദ്യമൂല്യനിര്‍ണയം നടത്തിയ അധ്യാപികയുടെ പക്കലാണ് അവയെന്ന് കണ്ടെത്തി. ഉത്തരകടലാസുകള്‍ സര്‍വകലാശാല തിരിച്ചു ചോദിച്ചു. മൂല്യനിര്‍ണയം നടത്തിയതിനുള്ള പ്രതിഫലം നല്‍കൂ, എന്നാലെ ഉത്തരകടലാസ് മടക്കി തരൂ എന്ന് അധ്യാപിക പറയുകയായിരുന്നു. മാസം ഒന്‍പതായിട്ടും സര്‍വകലാശാല പണവും നല്‍കിയില്ല, അധ്യാപിക ഉത്തരകടലാസുകള്‍ മടക്കി നല്‍കിയുമില്ല. പുനര്‍മൂല്യനിര്‍ണയത്തിന് ആയിരം രൂപവീതം ഫീസടച്ച വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി. ഇതാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഇതോടെ സര്‍വ്വകലാശാല ഉണര്‍ന്നു. വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തര കടലാസുകള്‍ പിടിച്ചെടുത്തത്.
എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍, ഇന്റഗ്രേറ്റഡ് എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷകളുടെ 160 ഉത്തരക്കടലാസുകളാണ് വ്യാഴാഴ്ച തിരുനെല്‍വേലിയിലെത്തി പോലീസ് സഹായത്തോടെ തിരിച്ചുവാങ്ങിയത്. ഉത്തരക്കടലാസുകള്‍ തടഞ്ഞുവെച്ചതിന് തിരുനെല്‍വേലി സര്‍ക്കാര്‍ കോളേജിലെ അധ്യാപികയ്‌ക്കെതിരേ പോലീസില്‍ പരാതിയും നല്‍കി. മൂല്യനിര്‍ണയം നടത്തിയെന്നുപറഞ്ഞ് അധ്യാപിക സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിച്ചെന്നും അധികൃതര്‍ പറഞ്ഞു. കേരള സര്‍വകലാശാല ചില കോഴ്സുകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി പുറത്തുള്ള അധ്യാപകരെ ഏല്പിക്കാറുണ്ട്. സര്‍വകലാശാല തയ്യാറാക്കുന്ന പാനലിലുള്ള ഇവര്‍ക്കു പ്രതിഫലവും നല്‍കും. ഈ പാനലിലുള്ള തിരുനെല്‍വേലി അധ്യാപികയെ കഴിഞ്ഞ ഒക്ടോബറില്‍ എല്‍എല്‍ബി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഏല്പിച്ചു. ഉത്തരക്കടലാസിനായി സമീപിച്ചപ്പോള്‍ മുന്‍പ് മൂല്യനിര്‍ണയം നടത്തിയതിന്റെ 30,000 രൂപ കുടിശ്ശികയുണ്ടെന്നും അതു തീര്‍ക്കാതെ ഉത്തരക്കടലാസ് നല്‍കില്ലെന്നും അവര്‍ നിലപാടെടുത്തു. കുടിശ്ശിക വൈകാതെ നല്‍കാമെന്ന് സര്‍വകലാശാല ഉറപ്പുനല്‍കിയെങ്കിലും അവര്‍ സമ്മതിച്ചില്ല.
ഒരു വിഷയത്തില്‍മാത്രം മൂല്യനിര്‍ണയം മുടങ്ങിയതിനാല്‍ ഫലം പ്രഖ്യാപിക്കാനാവാതെ സര്‍വകലാശാല കുഴങ്ങി. അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ എജി ഓഡിറ്റില്‍ ചോദ്യമുയര്‍ന്നതിനാല്‍ നിയമക്കുരുക്കിലായിരുന്നു സര്‍വകലാശാല. ഇതോടെ, ഒട്ടേറെ അധ്യാപകര്‍ക്ക് കുടിശ്ശിക വന്നു. തുടര്‍ന്ന്, സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ നിയമോപദേശംതേടി കുടിശ്ശികപ്രശ്‌നം പരിഹരിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനുപുറമേ, വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും പ്രത്യേക യോഗം വിളിച്ച് നിയമനടപടികളിലൂടെ പ്രശ്‌നപരിഹാരത്തിനു നിര്‍ദേശിച്ചു. തുടര്‍ന്ന്, കഴിഞ്ഞദിവസം സര്‍വകലാശാലാപ്രതിനിധികള്‍ തിരുനെല്‍വേലിയില്‍ ചെന്നെങ്കിലും സ്ഥലത്തില്ലെന്നു പറഞ്ഞ് അധ്യാപിക ഒഴിഞ്ഞുമാറി. മറുനാടന്‍ വാര്‍ത്തയ്ക്ക് ശേഷമായിരുന്നു ഇതെല്ലാം. ഇതോടെ സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി.
സെക്യൂരിറ്റി ഓഫീസര്‍ അജിത് ചാള്‍സിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച തിരുനെല്‍വേലിയിലെത്തി. തമിഴ്നാട് പോലീസിന്റെ സാന്നിധ്യത്തില്‍ ഉത്തരക്കടലാസുകള്‍ അധ്യാപികയില്‍നിന്നു പിടിച്ചെടുത്തു. മൂല്യനിര്‍ണയം നടത്തിയെന്ന് അധ്യാപിക പറഞ്ഞത് കളവായിരുന്നുവെന്നും തെളിഞ്ഞു. എംബിഎ പരീക്ഷയുടെ ഉത്തരക്കാടലാസ് കാണാതായത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് വര്‍ഷ എല്‍എല്‍ബി കോഴ്സിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്. പ്രൊപ്പര്‍ട്ടി ലോ എന്ന പേപ്പറില്‍ പരീക്ഷ നടന്നു. പക്ഷേ കൂടുതല്‍ പേരും തോറ്റു. ഇതോടെ വിദ്യാര്‍ത്ഥികള്‍ റീവാല്യുവേഷന് നല്‍കി. എന്നാല്‍ ഇതുവരെ റീവാല്യൂവേഷന്‍ ഫലം വന്നിട്ടില്ല. ഉത്തരക്കടലാസ് കാണാതായതു കൊണ്ടാണ് ഇതെന്നാണ് ഉയരുന്ന സൂചന. മുന്‍ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ ഈ പരീക്ഷ എഴുതിയിരുന്നു. പരീക്ഷ തോറ്റുവെന്ന് ഫലം വന്നെങ്കിലും ചിലര്‍ക്ക് സംശയം തോന്നി. അവരാണ് റീവാല്യുവേഷന് നല്‍കിയത്. ഇതിന്റെ ഫലം പുറത്തു വരാത്തതും ഉത്തരക്കടലാസ് കാണാതായതാണോ എന്ന സംശയത്തിലേക്കാണ് കാര്യങ്ങളെത്തിച്ചത്.
ആയിരം രൂപ ഫീസ് അടച്ചാണ് റീവാല്യുവേഷന് കൊടുക്കുന്നത്. 75 ദിവസത്തിന് അകം ഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഏഴുമാസമായിട്ടും റീവാല്യുവേഷന്‍ ഫലം വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സപ്ലിമെന്ററി പരീക്ഷ എഴുതണമോ വേണ്ടയോ എന്ന ആശങ്കയും ഇതുണ്ടാക്കുന്നുണ്ട്. സപ്ലിമെന്ററീ പരീക്ഷ എഴുതി ജയിക്കാനാണ് വിദ്യാര്‍ത്ഥികളോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടത്. ഇതെല്ലാം മറുനാടന്‍ വാര്‍ത്തയാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ കേരള സര്‍വകലാശാലയ്ക്ക് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. അഞ്ജനാ പ്രദീപ് എന്ന വിദ്യാര്‍ഥിയുടെ ഹര്‍ജിയിലായിരുന്നു നടപടി. എംബിഎ പുനഃപരീക്ഷയ്ക്കു ഹാജരാവാത്ത വിദ്യാര്‍ഥിക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചെങ്കിലും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഇതു തള്ളുകയായിരുന്നു. ഉത്തരക്കടലാസ് സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്നും അവ നഷ്ടപ്പെട്ടത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തിയിരുന്നു.