തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ ഭീമമായ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ഒരു വിദേശ ക്ലാസെടുക്കല്‍ പ്രമുഖന് നല്‍കാനായി മാറ്റിവെച്ച 20,000 ഇന്ത്യന്‍ രൂപയ്ക്ക് പകരം 20,000 യുഎസ് ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ) വിദേശ ബാങ്ക് വഴി കൈമാറിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ഡോ. ആര്‍. ഗിരീഷ് കുമാര്‍ ഡയറക്ടറായ സെന്ററിലാണ് ഈ ക്രമക്കേട് നടന്നത്. ഒരു വിദേശ കണ്‍സള്‍ട്ടന്റിന് നല്‍കേണ്ട തുക കൈമാറുന്നതിനിടയിലാണ് പിഴവ് സംഭവിച്ചത്. സര്‍വ്വകലാശാലയുടെ എസ്ബിഐ കാര്യവട്ടം ശാഖ വഴി ബാങ്ക് ഓഫ് അമേരിക്കയിലേക്കാണ് ഈ തുക അയച്ചത്. 20,000 രൂപയ്ക്ക് പകരം 20,000 ഡോളര്‍ അയച്ചത് സര്‍വ്വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സര്‍വകലാശാലയുടെ ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തില്‍ വിദേശത്തുനിന്ന് ഓണ്‍ലൈനായി പ്രഭാഷണം നടത്തിയ അദ്ധ്യാപകന് പ്രതിഫലമായി വന്‍ തുക കിട്ടിയത്. പണം ലഭിച്ചയാള്‍ തിരിച്ചയച്ചെന്ന് അവകാശപ്പെട്ടെങ്കിലും ഇതുവരെ ബാങ്കിലെത്തിയിട്ടില്ല. ബാങ്കിന്റെ വീഴ്ചയാണിതെന്ന് 2023 ഒക്ടോബറില്‍ ബാങ്ക് അധികൃതര്‍ സമ്മതിച്ചിരുന്നുവെന്നും സൂചനകളുണ്ട്. അതേസമയം, വീഴ്ച ശ്രദ്ധയില്‍പെട്ടയുടന്‍ ബാങ്കുമായും പണം ലഭിച്ചയാളുമായും ബന്ധപ്പെട്ടെന്നും പണം തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്നും ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.ആര്‍. ഗിരീഷ്‌കുമാര്‍ അറിയിച്ചിട്ടുണ്ട്.

2022-23 സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഈ സെന്ററിനായി അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രത്യേക ഗ്രാന്റില്‍ നിന്നാണ് ഈ തുക നഷ്ടപ്പെട്ടത്. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും അത് തിരിച്ചുപിടിക്കാനോ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനോ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. നിലവില്‍ ഡയറക്ടറായ ഡോ. ഗിരീഷ് കുമാര്‍ മുന്‍പ് സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. സംവരണ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന, നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള 58 അധ്യാപക നിയമനങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഇന്ത്യന്‍ രൂപയെ ഡോളറാക്കി മാറ്റി സര്‍വ്വകലാശാല ഫണ്ട് തട്ടിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആരോപണം. ഈ ഗുരുതരമായ അഴിമതിയില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയ വ്യക്തിക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം ഒരു 'വിദേശ കണ്‍സള്‍ട്ടന്റിന്' തുക കൈമാറുകയായിരുന്നു. 20,000 രൂപയ്ക്ക് ഏകദേശം 230 ഡോളര്‍ മാത്രം നല്‍കേണ്ട സ്ഥാനത്താണ് ബാങ്ക് ഓഫ് അമേരിക്ക വഴി 20,000 ഡോളര്‍ അയച്ചത്.

ഇത്രയും വലിയ തുക നഷ്ടപ്പെട്ട വിവരം സെന്റര്‍ അധികൃതര്‍ സര്‍വകലാശാലയെ യഥാസമയം അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. കണ്‍സള്‍ട്ടന്റിനെ കണ്ട് പണം തിരികെ അയപ്പിച്ചെന്ന് സെന്റര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ തുക സര്‍വകലാശാലാ ഫണ്ടില്‍ എത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി, സെന്റര്‍ ഡയറക്ടറെ നടപടികളില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല നേരിട്ട് അന്വേഷണം നടത്താനാണ് ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശ തള്ളിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ രംഗത്തെത്തി.

17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദികളായവരെ കണ്ടെത്തി തുക ഈടാക്കുമെന്നും കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വിസിയുടെ നിലപാട്. സംഭവം സര്‍വകലാശാലാ ജീവനക്കാര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. 'ഇന്ത്യന്‍ രൂപയെ ഡോളറാക്കി മാറ്റിയ വിദ്യ'യില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം.