- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും; രഞ്ജിത്തിനെ നീക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന് വനിതാ കമ്മീഷന്‍; രഞ്ജിത്തിനെ നീക്കണമെന്ന് ആനി രാജയും
തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. സര്‍ക്കാരിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുുമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാല്‍ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെ മാറ്റണം. നടി പരാതി ഉന്നയിച്ചെങ്കില്‍ തീര്‍ച്ചയായും അതില്‍ […]

തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
സര്‍ക്കാരിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുുമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാല്‍ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെ മാറ്റണം. നടി പരാതി ഉന്നയിച്ചെങ്കില്‍ തീര്‍ച്ചയായും അതില്‍ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണം. മാധ്യമങ്ങളിലൂടെയാണ് നടിയുടെ വിവരമറിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയര്‍ന്നാല്‍ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി വേണം. അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വിശദീകരിച്ചു.
അതേസമയം ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അന്വേഷണം നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.
നടപടി എടുക്കാന്‍ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്ന് ആനിരാജ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനം തിരികെ നല്‍കണമെന്നും ആനി രാജ പറഞ്ഞു. പരാതിയെ പരസ്യമായി ആരോപണ വിധേയന്‍ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കില്‍ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും ആനി രാജ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്തണമെന്നും നടപടിയെടുക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു. രഞ്ജിത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫും രംഗത്തെത്തി.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് ഒഴിയേണ്ടി വരുമെന്ന സൂചനകളും ശക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഹേമാ കമ്മറ്റിയിലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പരസ്യമായി പറയുന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യം സിപിഎമ്മില്‍ സജീവമാണ്. ഇരകള്‍ക്കൊപ്പമെന്ന് പറയുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഇന്നത്തെ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. അതിനിടെ തനിക്കെതിരായ മോശം അനുഭവത്തില്‍ രഞ്ജിത്ത് മാപ്പു പറയണമെന്ന് ശ്രീലേഖാ മിത്ര ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രഞ്ജിത് രാജിവയ്ക്കണമെന്ന അഭിപ്രായക്കാരനാണ്. ഇതും സര്‍ക്കാരിന് അവഗണിക്കാന്‍ കഴിയില്ല.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്ത് വന്നത് ഇടതുപക്ഷത്തേയും ഞെട്ടിച്ചു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു. ഇതെല്ലാം ഇടതുപക്ഷത്തിന് വിനയായി മാറും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.


