- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയില്‍ 'ഇടുക്കി ഗോള്‍ഡിനെ' പ്രോസ്താഹിപ്പിക്കാം! ബിഗ് സ്ക്രീനിലെ 'തെറ്റായ സന്ദേശങ്ങള്‍' അഭിപ്രായ സ്വാതന്ത്ര്യം! ഇതൊന്നും സീരിയലുകളില്‍ പാടില്ലെന്നത് ഇരട്ടത്താപ്പോ? മെഗാസീരിയലില്‍ കൈവച്ചാല്‍ തൊഴില്‍ നഷ്ടമാകുക ആയിരങ്ങള്‍ക്ക്; ഹേമാ കമ്മറ്റിയുണ്ടായിട്ടും മെഗാ താരങ്ങളെ തോന്നും പോലെ വിടുന്നവര്‍ ചെറു മീനുകളെ ലക്ഷ്യമിടുമ്പോള്‍
തിരുവനന്തപുരം: മലയാള ടെലിവിഷന്‍ സീരിയലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, സിനിമകള്‍ക്കും സീരിയലുകള്‍ക്കുമിടയിലെ 'ഇരട്ടത്താപ്പ്' ചോദ്യങ്ങളായി ഉയരുന്നു. സിനിമയിലൂടെ സാമൂഹികമായി തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതും അശ്ലീല പ്രദര്‍ശനങ്ങളും സ്ഥിരം വിവാദങ്ങളാണ്. പക്ഷേ, ഈ വിഷയങ്ങള്‍ ചോദ്യം ചെയ്യുന്നതിന്റെ പകരം 'സീരിയലുകള്‍ മാത്രം ചോദ്യം ചെയ്യുന്നത് ശരിയാണോ?' എന്ന ചോദ്യം പ്രേക്ഷകര്‍ക്കും ചാനല്‍ കൂട്ടായ്മകള്‍ക്കും മുന്നില്‍ വന്നിരിക്കുകയാണ്.
സമൂഹത്തിന് തെറ്റായ മാതൃകയാകുന്ന ചില സിനിമകള്‍ വലിയ പ്രചാരവും പാരിതോഷികങ്ങളും നേടുമ്പോഴും, സീരിയലുകളില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് അസമത്വമാണെന്നാണ് ചില വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി ഗോള്‍ഡ് പോലുള്ള സിനിമകള്‍ ആഘോഷിക്കപ്പെടുന്നു. എന്നാല്‍ സീരിയലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നു. ഇത് കലാ സ്വാതന്ത്രത്തിന് എതിരായ നീക്കമല്ലേ എന്നാണ് ചോദ്യം ഉയരുന്നത്.
ഒരു സീരിയലില്‍ 20 മുതല്‍ 30 എപ്പിസോഡുകള്‍ മാത്രം മതിയെന്നാണ് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സീരിയലുകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതോടെ തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്കാണ്. സിനിമയില്‍ എന്തും ചെയ്യുന്ന താരങ്ങളെ വെറുതെ വിട്ട് ചെറു മീനുകളെയാണ് വനിതാ കമ്മീഷന്‍ ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിടുന്നത്.
വനിതാ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളില്‍ നിന്നാണ് സര്‍വേ എടുത്തിരിക്കുന്നത്. ഈ പറയുന്ന കുട്ടികള്‍ക്ക് സീരയലിലെ കണ്ടന്റുകള്‍ മോശം അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്ന് പറയുമ്പോള്‍, സിനിമയില്‍ നിന്ന് എന്ത് നല്ലതാണ് കിട്ടുന്നത് എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.
മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്. പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനംപേര്‍ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടിരുന്നു.
അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തിയിരുന്നു. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാര്‍ഥ്യബോധമുള്ള കഥകള്‍ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകള്‍ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്‌നങ്ങളെപ്പറ്റി കമ്മിഷന്‍ പഠിച്ചത്.
മറ്റുശുപാര്‍ശകള്‍ ഹ്രസ്വചിത്രങ്ങളും വെബ്സീരീസുകളും വിദ്യാഭ്യാസപരിപാടികളും ഉള്‍പ്പെടുത്തുക, കുട്ടികള്‍ അമിതമായി സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക, അധിക്ഷേപഭാഷ നിരോധിക്കുക, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതിനെതിരേയുള്ള നിയമം കര്‍ശനമായി നടപ്പാക്കണം, അശ്ലീല ഉള്ളടക്കങ്ങള്‍ തിരയുന്നത് കര്‍ശനമായി നിയന്ത്രിക്കുക, ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുകയും പ്രത്യേകം സമിതികള്‍ രൂപവത്കരിക്കുകയും വേണം. പരാതി സെല്ലും ആവശ്യമാണ് എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പറയുന്ന കാര്യങ്ങളെല്ലാം സിനിമയിലും വേണ്ട കാര്യങ്ങളാണെന്ന് എല്ലാവരും ഒന്ന് ഓര്‍ത്താല്‍ നന്ന്.