തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞാ ദിനത്തില്‍ ഒപ്പിടുന്ന രണ്ട് രജിസ്റ്ററുകള്‍ അവരുടെ ഭരണകാലയളവില്‍ നിര്‍ണ്ണായകമാകും. സത്യപ്രതിജ്ഞാ രജിസ്റ്ററിന് പുറമെ, അംഗങ്ങള്‍ തങ്ങള്‍ ഏത് രാഷ്ട്രീയ മുന്നണിയുടെയോ പാര്‍ട്ടിയുടെയോ ഭാഗമാണെന്ന് വ്യക്തമാക്കുന്ന 'കക്ഷിബന്ധ രജിസ്റ്റര്‍' ആണ് ഇതില്‍ ഏറ്റവും പ്രധാനം. സ്വതന്ത്രരായി ജയിച്ചവര്‍ ഏതെങ്കിലും പാര്‍ട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചാല്‍, പിന്നീട് ആ പാര്‍ട്ടിയുടെ വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

കൂറുമാറ്റം സംബന്ധിച്ച പരാതികള്‍ വരുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കോടതികളും പ്രധാന രേഖയായി പരിഗണിക്കുന്നത് ഈ കക്ഷിബന്ധ രജിസ്റ്ററാണ്. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം 63 അംഗങ്ങളെ ഇത്തരത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്. ഈ രജിസ്റ്ററില്‍ സ്വതന്ത്രന്മാര്‍ ഒപ്പിടാതിരുന്നാല്‍ അഞ്ചു വര്‍ഷവും സ്വന്തം തീരുമാനങ്ങളുമായി മുമ്പോട്ട് പോകാം. തിരുവനന്തപുരത്തേയും പാലായിലേയും സ്വതന്ത്രന്മാര്‍ ഈ രജിസ്റ്ററില്‍ ഒപ്പിടുമോ എന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ ഒപ്പിട്ടാല്‍ ഈ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തില്‍ കേവല ഭൂരിപക്ഷം മുന്നണികള്‍ നേടുമോ എന്നും വ്യക്തമാകും. രണ്ടിടത്തും സ്വതന്ത്രര്‍ ഈ ബുക്കില്‍ ഒപ്പിടില്ലെന്നതാണ് വസ്തുത. തൂക്ക് സഭകളുള്ളിടെത്തെല്ലാം ഈ രജിസ്റ്റര്‍ നിര്‍ണ്ണായകമാണ്.

സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10-നും കോര്‍പറേഷനുകളില്‍ 11.30-നുമാണ് സത്യപ്രതിജ്ഞാ നടപടികള്‍. ഓരോ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റ് സ്ഥാപനങ്ങളില്‍ വരണാധികാരികളും മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അവധി ദിനമായിട്ടും ഇന്ന് തന്നെ ചടങ്ങുകള്‍ നിശ്ചയിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന ആദ്യ യോഗത്തില്‍ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സെക്രട്ടറി വായിക്കും. നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ചെയര്‍പേഴ്‌സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26-നും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27-നും നടക്കും. മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവിധ തീയതികളിലായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ അധ്യക്ഷന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമുണ്ടാകും. മലപ്പുറത്തെ കാലാവധി പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 22, 26, ജനുവരി 1, 16 തീയതികളിലായിട്ടായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഉടനടി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ ഭരണസമിതി യോഗം ചേരും. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക അറിയിപ്പ് സെക്രട്ടറി വായിക്കും.

നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ചെയര്‍പേഴ്‌സണ്‍, മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 26-ന് രാവിലെ 10.30-നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചയ്ക്ക് ശേഷം 2.30-നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ യഥാക്രമം ഡിസംബര്‍ 27-ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ പൂര്‍ണ്ണമായും ചുമതലയേല്‍ക്കും.