തിരുവനന്തപുരം: സമ്മാനം കിട്ടാത്ത കുട്ടികള്‍ വേദനയില്‍ പ്രതിഷേധിച്ചാല്‍ നടപടി ഉറപ്പ്. മന്ത്രി ശിവന്‍കുട്ടിയുടെ ഈ പ്രഖ്യാപനത്തിലെ ജനാധിപത്യ വിരുദ്ധത ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ കലോത്സവം തുടങ്ങുന്നത് തന്നെ പ്രതിഷേധ വാര്‍ത്തയുമായി. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിക്കുകാണ്. 25 കലോത്സവ വേദികളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകില്ല. കലോത്സവവുമായി സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്ക് കത്ത് നല്കി. അതായത് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ തന്നെയാണ് ആദ്യ സമരം കലോത്സവത്തില്‍ പ്രഖ്യാപിക്കുന്നത്.

ആര്യനാട് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ നടപടിയിലാണ് പ്രതിഷേധം. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്റ്റീസ് നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ ആരേയും കലോത്സവത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും എന്‍ ആര്‍ എച്ച് എം ഡോക്ടര്‍മാരാണ് ഡ്യൂട്ടിക്ക് എത്തുകയെന്നും ആരോഗ്യ വകുപ്പും അറിയിച്ചു.

അതായത് പ്രശ്‌നം മുന്‍കൂട്ടി കണ്ട് ജൂനിയര്‍മാരായ താല്‍കാലിക ഡോക്ടര്‍മാരെ വേദികളിലേക്ക് അയക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ട് തന്നെ സമരം പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ല. അതിനിടെ സ്വകാര്യ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ തേടാനും ശ്രമമുണ്ട്. എല്ലാ കലോത്സവ വേദിയിലും ബദലുകള്‍ സജീവമാണ്. ഇത് ആരോഗ്യ വകുപ്പിന്റെ കലോത്സവ കരുതലാകുകയാണ്.

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഡി. നെല്‍സണെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് അച്ചടക്ക നടപടിക്കും തുടരന്വേഷണത്തിനും വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇതാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ എതിര്‍പ്പിന് കാരണം.