ആലപ്പുഴ: ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ കൈയ്യേറ്റം ഒഴിപ്പിച്ച് നീര്‍ച്ചാല്‍ പുനസ്ഥാപിക്കുന്ന നടപടി തുടരുന്നു. എസ് എം സില്‍ക്സിന്റെയും, പോപ്പിയുടെയും ഉള്‍പ്പെട്ട എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് ഫണ്ട് അനുവദിച്ചത്. എസ്. എം സില്‍ക്സ് ഉടമ സന്തോഷിന്റെ വീടിന്റെ പുറകുവശം നീര്‍ച്ചാല്‍ നികത്തിയെന്ന് മാത്രമല്ല 25 മീറ്റര്‍ നീളത്തില്‍ വലിയ ഘനമുള്ള കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടിരിക്കുകയാണ്. ഈ കോണ്‍ക്രീറ്റിന്റെ കൂടെ കുറെ പൈപ്പും വെറുതെ ഫിറ്റ്‌ചെയ്ത് വെച്ചിട്ടുണ്ട്, വെള്ളം പോകാന്‍ എന്ന് കാണിക്കാന്‍ വേണ്ടി മാത്രം. ഈ വീടിന്റെ തേക്കുവശമുള്ള എസ് എം ന്റെ ഗോഡൗണ്‍ ഉള്‍പ്പെടുന്ന സ്ഥലം ഇതുവരെ ഒഴിപ്പിക്കാന്‍ വന്നവര്‍ തൊട്ടിട്ടില്ല.

നേരാം വണ്ണം അളന്നാല്‍ അതും പൊളിയും എന്ന് ഉറപ്പാണ്. വടക്കുനിന്നുള്ള വീതിയില്‍ നീര്‍ച്ചാല്‍ തെക്കോട്ട് അളന്നാല്‍ എസ് എം സന്തോഷിന്റെ ഗോഡൗണ്‍ പൊളിയും. കഴിഞ്ഞ 2,3 ദിവസമായി സന്തോഷിന്റെ വീടിന്റെ പുറകില്‍ ആഴത്തിലുള്ള നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തുകയായിരുന്നു സന്തോഷിന്റെ പണിക്കാര്‍. അയല്‍വാസിയുടെ മതിലിന്റെ മുകളില്‍ അനുമതി ഇല്ലാതെ സന്തോഷ് അടിച്ചിരുന്ന ഇരുമ്പ് ഷീറ്റ് ഇന്നലെ അഴിച്ചു മാറ്റിയപ്പോളാണ് ഇതെല്ലാം നാട്ടുകാര്‍ കണ്ടത്. എന്നാല്‍ നീര്‍ച്ചാല്‍ എത്ര ആഴത്തിലായിരുന്നൂന്ന് അറിയാന്‍ തൊട്ടപ്പുറത്തുള്ള മതിലിന്റെ ഫൌണ്ടേഷന്‍ എത്ര മാത്രം ആഴത്തിലാണെന്ന് കുഴിച്ചു നോക്കിയാല്‍ മാത്രം മതി. അപ്പോള്‍ സന്തോഷിന്റെ തരികിട പിടികിട്ടും. ഈ വിഷയം ഇന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ സ്ഥലത്തു വിളിച്ച് കാണിച്ച് ബോധ്യപ്പെടുത്തിയിട്ടു ണ്ട്. അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

എവിടുന്നോ കൊണ്ട് വന്ന ലോഡ് കണക്കിന് മണ്ണ് പോപ്പിയുടെ കോമ്പൗണ്ടില്‍ മല പോലെ കൂട്ടിയിട്ടുണ്ട്. ജെസിബി കൊണ്ടുവന്ന് ആ മണ്ണ് നല്ല രീതിയില്‍ പോപ്പി ഡേവിസിന്റെ സൗകര്യം പോലെ ഒഴിപ്പിക്കലിന്റെ പേരില്‍ ഒരിടത്തു കൂട്ടി വെച്ചു കൊടുത്തു. മാത്രമല്ല പോപ്പി ഡേവിസിന്റെ സ്ഥലത്തും നീര്‍ച്ചാല്‍ ആഴത്തിലും, വീതിയിലും കുഴിക്കാതെ, അളവിലും കൃത്രിമം കാണിച്ച് നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ഒരു പ്രഹസനം ആക്കിമാറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

2024 നവംബര്‍ 6 ന് കൈയ്യേറ്റക്കാര്‍ കൈയ്യേറ്റം ഒഴിഞ്ഞു പോകാന്‍ നോട്ടീസ് കൊടുത്തിട്ടും കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത 2024 ഡിസംബര്‍ 10നും,2025 ജനുവരി 27 നും കൊടുത്ത 2 പരാതികള്‍ ആലപ്പുഴ വരെ വന്നെങ്കിലും പിന്നെ പൊങ്ങിയിട്ടില്ല. സമ്പന്നരുടെ കൈയ്യേറ്റം ആയതിനാലാണ് നടപടി ഉണ്ടാകാതിരുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. മുക്കിയ പരാതികള്‍ പിന്നീട് നാട്ടുകാര്‍ പൊക്കിയതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഈ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയത്.

ആലപ്പുഴ നഗരസഭക്കെതിരെഹൈക്കോടതിയുടെ ഒരു കോടതി അലക്ഷ്യ കേസ് ഉണ്ട്. 2 മാസം മുന്‍പ് ലീഗല്‍ സര്‍വീസ്സസ് ജഡ്ജി പ്രമോദ് മുരളി എസ് എം സില്‍ക്സ് ഉടമ സന്തോഷിന്റെ വീടിന്റെ അടുക്കളയില്‍ കൂടി കേറി കൈയ്യേറ്റം ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൊടുത്തിട്ടുണ്ട്. ജഡ്ജി കണ്ട സന്തോഷിന്റെ വീടിന്റെ പുറകുവശം പോലും ഇപ്പോള്‍ ഒഴിപ്പിക്കുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന സംശയം ചില കേന്ദ്രങ്ങള്‍ ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. നേരാംവണ്ണം ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ അളന്ന ഉദ്യോഗസ്ഥരെ വിവരാവകാശം വഴി അറിഞ്ഞു കൊണ്ട് വീണ്ടും മുഖ്യമന്ത്രിയെയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും,കളക്ടറെയും, കോടതിയെയും വിഷയം ധരിപ്പിക്കാന്‍ പോകുകയാണ് റെസിഡന്‍സ് ഭാരവാഹികള്‍.