ലണ്ടന്‍: ആന്‍ഡ്രൂ രാജകുമാരനെയും കുടുംബത്തെയും കുടുംബ പരിപാടികളില്‍ നിന്നും ഒഴിവാക്കാന്‍ ചാള്‍സ് രാജാവ് നീക്കം നടത്തുന്നു; പകുതി സമയ ചുമതലകള്‍ വഹിക്കുന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ഹാരിയുടെ തിരിച്ചു വരവ് നടക്കില്ല. ശിക്ഷിക്കപ്പെട്ട കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം കാരണം ആന്‍ഡ്രൂ രാജകുമാരനെയും കുടുംബാംഗങ്ങളെയും രാജകുടുംബത്തിന്റെ സ്വകാര്യ പരിപാടികളില്‍ നിന്നും ഒഴിവാക്കാന്‍ ചാള്‍സ് രാജാവ് നിര്‍ബന്ധിതനായേക്കും എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. ഇതു സംബന്ധിച്ച് പൊതു പ്രസ്താവനകള്‍ ഒന്നും തന്നെ ബക്കിംഗ്ഹാം കൊട്ടാരം ഇറക്കിയിട്ടില്ലെങ്കിലും, ആന്‍ഡ്രു രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് യോര്‍ക്കുമായ സാറ ഫെര്‍ഗുസന്‍ എപ്സ്റ്റീന് അയച്ച കത്തുകള്‍ പുറത്തു വന്നത് രാജകുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും അടുത്ത സുഹൃത്തിനെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ മാപ്പ് ചോദിക്കുന്നു എന്നാണ് ആ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

മാത്രമല്ല, പലപ്പോഴും സാറയെ എപ്സ്റ്റീന്‍ സാമ്പത്തികമായി സഹായിച്ചതായും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഈ മെയില്‍ അയച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 2022 ല്‍ എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ട ഉടനെയായിരുന്നു അയാളുമായുള്ള ബന്ധം വിച്ഛ്‌ഹേദിക്കുന്നതായി സാറ പറഞ്ഞത്. എപ്സ്റ്റീനുമായി സൗഹൃദം സ്ഥാപിച്ചത് ഒരു വലിയ തെറ്റായിപ്പോയി എന്ന് സാറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, മാനനഷ്ട കേസ് നല്‍കുമെന്ന എപ്സ്റ്റീന്റെ ഭീഷണിക്ക് മറുപടി ആയിട്ടായിരുന്നു ഇപ്പോള്‍ വിവാദമായ ഈമെയില്‍ അയച്ചതെന്ന് സാറയുടെ വക്താവ് പറയുന്നു. രാജകുടുംബാംഗം എന്ന നിലയില്‍ ചുമതലകള്‍ വഹിക്കാത്ത ഒരു വ്യക്തിയുടെ മുന്‍ ഭാര്യ എന്ന നിലയില്‍, സാറ സ്വകാര്യമായോ അല്ലാതെയോ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങളില്‍ രാജാവിന് നിയന്ത്രണാവകാശമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ അവരെ കുടുംബ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്താനാന് ശ്രമം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹാരിയുടെ തിരിച്ചുവരവ് ഉണ്ടായേക്കില്ല

അടുത്തിടെ, ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച് ഹാരി നടത്തിയ ചര്‍ച്ചകള്‍, ഹാരി കുടുംബത്തിലേക്ക് മടങ്ങുന്നതിന് കാരണമായേക്കും എന്ന അഭ്യൂഹങ്ങളെ കൊട്ടാരം വൃത്തങ്ങള്‍ പുച്ഛിച്ചു തള്ളുകയാണ്. മാത്രമല്ല, ഇത് രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതകലകള്‍ നിറവേറ്റുന്നതില്‍ പുതിയ മാതൃക സൃഷ്ടിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ പറഞ്ഞിരുന്നു. തന്റെ സ്വന്തം ചാരിറ്റി പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ടും, രാജകുടുംബത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമായി വര്‍ഷത്തില്‍ നാലോ അഞ്ചോ പ്രാവശ്യം ബ്രിട്ടനിലേക്ക് വരാനാണ് ഹാരി ഉദ്ദേശിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് പിന്നില്‍ ആരായാലും അവര്‍ പൂര്‍ണ്ണമായും തെറ്റാണ് പ്രചരിപ്പിക്കുന്നത് എന്നാണ് കൊട്ടാരം വൃത്തങ്ങള്‍ പറയുന്നത്. രാജാവിനും, വെയ്ല്‍സ് രാജകുമാരനും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സഹായിക്കാന്‍ രാജകുടുംബത്തിന്റെ പൂര്‍ണ്ണമായ പിന്തുണയുണ്ടെന്നും കഴിഞ്ഞ ട്രംപിന്റെ സന്ദര്‍ശന സമയത്ത് ഇത് തെളിഞ്ഞതാണെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഒരു പകുതി സമയ പ്രവര്‍ത്തകന്റെ വേഷത്തില്‍ ഹാരിയെ കൊട്ടാരം സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.