- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു വശത്ത് ക്രിസ്മസ് പരിപാടികളില്‍ മോദിയുടെ സ്നേഹസന്ദേശം; മറുവശത്ത് വിശ്വാസികള്‍ക്ക് നേരെ ആക്രമണം; പാലക്കാട്ടെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ക്ലീമിസ് ബാവ; കരോള്‍ സംഘത്തിലെ കുട്ടികളെ 'മദ്യപാനി'കളാക്കിയ സി കൃഷ്ണകുമാറിന് എതിരെ പരാതി നല്കാന് രക്ഷിതാക്കള്‍; ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്
പാലക്കാട്ടെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ക്ലീമിസ് ബാവ
പാലക്കാട്: പുതുശ്ശേരി സുരഭി നഗറില്‍ കുട്ടികള്‍ ഉള്‍പ്പെട്ട ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ നടന്ന ആക്രമണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തെ മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.
'ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് പരിപാടികളില്‍ സ്‌നേഹസന്ദേശവുമായി പങ്കെടുക്കുന്നു. എന്നാല്‍ മറുവശത്ത് ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് നേരെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നു. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. അധികാരികള്‍ ഇത്തരം അസഹിഷ്ണുതയ്ക്കെതിരെ അടിയന്തരമായി ഇടപെടണം.' - ക്ലീമീസ് ബാവ പറഞ്ഞു
ഡിസംബര്‍ 21-ന് രാത്രി 9:15-ഓടെയാണ് സംഭവം നടന്നത്. പത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരോളുമായി എത്തിയപ്പോള്‍ പ്രതിയായ അശ്വിന്‍ രാജ് ഇവരെ തടയുകയായിരുന്നു. കരോള്‍ സംഘം ഉപയോഗിച്ചിരുന്ന ബാന്‍ഡ് സെറ്റില്‍ 'CPIM' എന്ന് എഴുതിയത് ചോദ്യം ചെയ്തായിരുന്നു തര്‍ക്കം തുടങ്ങിയത്. കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബാന്‍ഡ് സെറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഭയന്നുപോയ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കസബ പോലീസ് അശ്വിന്‍ രാജിനെ (24) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ മുമ്പും 'കാപ്പ' (KAAPA) ചുമത്തപ്പെട്ട കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി.
മദ്യപാന ആരോപണം: പുതിയ വിവാദം
ആക്രമണത്തെക്കാള്‍ തങ്ങളെ വേദനിപ്പിച്ചത് ബിജെപി നേതാവ് സി. കൃഷ്ണകുമാറിന്റെ പ്രസ്താവനയാണെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. 'കുട്ടികള്‍ മദ്യപിച്ചാണ് കരോള്‍ നടത്തിയത്' എന്ന കൃഷ്ണകുമാറിന്റെ ആരോപണം അങ്ങേയറ്റം ക്രൂരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആക്രമണത്തേക്കാള്‍ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ അപമാനിക്കുകയാണ്. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്ന സി. കൃഷ്ണകുമാറിന്റെ പ്രസ്താവനക്കെതിരെ പരാതി നല്‍കുമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും രംഗത്തെത്തി
പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ 2,500 കേന്ദ്രങ്ങളില്‍ 'പ്രതിഷേധ കരോള്‍' സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. ആഘോഷങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സംഘടന അറിയിച്ചു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പ്രസ്താവനയിറക്കി. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് ലഭിക്കാത്തതിലുള്ള പ്രതികാരമാണ് ചെയ്യുന്നതെന്നും എ.തങ്കപ്പന്‍ പറഞ്ഞു.
കരോള്‍ സംഘത്തെ ആക്രമിച്ച രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.




