- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി പുറത്തു കൊണ്ടുവരാന്‍ സംസാരിക്കുന്നത് ഗൂഢാലോചനയല്ല; ഈ ആരോപണം മുമ്പും ഉന്നയിച്ചു; തുടര്‍ന്ന് 5-11-2016ല്‍ വക്കീല്‍ നോട്ടീസ് അയച്ചു; ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് 10-11-2016 ല്‍ മറുപടിയും തന്നു; കെ എം എബ്രഹാമിനെ പൊളിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; മുഖ്യമന്ത്രി വിശ്വസ്തനെ പുറത്താക്കുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ ആക്ഷേപങ്ങള്‍ പൊളിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ജോമോന്‍ പുത്തന്‍പുരയ്ക്കുലും രണ്ടു പേരും ചേര്‍ന്ന് തനിക്കതിരെ ഗൂഡാലോചന നടത്തിയെന്ന് മുഖ്യമന്ത്രിക്ക് എബ്രഹാം പരാതി നല്‍കിയിരുന്നു. ഈ പരാതിയെ പൊളിക്കുകയാണ് ജോമോന്‍. മുഖ്യമന്ത്രിക്ക് വിശദമായി കത്ത് നല്‍കിയാണ് തന്റെ ഭാഗങ്ങള്‍ ജോമോന്‍ വിശദീകരിക്കുന്നത്. കെ.എം.എബ്രഹാം ഹാജരാക്കിയ രേഖകളൊന്നും ഹൈക്കോടതി പരിശോധിച്ചില്ല എന്നത് പച്ചക്കള്ളമാണ്. എബ്രഹാം ഒരു രേഖയും ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. എന്നിട്ട് ഹൈക്കോടതി എബ്രഹാമിന്റെ രേഖകളൊന്നും പരിശോധിച്ചില്ല എന്നു എബ്രഹാം പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയിട്ടാണ്. രണ്ടു പേരുമായി ഞാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇപ്പോള്‍ പറയുന്ന ആരോപണം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സമയത്തും ഇതേ ആരോപണം അന്നും എബ്രഹാം ഉന്നയിച്ചിരുന്നു. അന്നു ഞാന്‍ 5 - 11 - 2016 ല്‍ എബ്രഹാമിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. അന്ന് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നു പറഞ്ഞു കൊണ്ട് എബ്രഹാം എനിക്ക് 10-11-2016 ല്‍ മറുപടി തന്നിരുന്നു. വസ്തുത ഇങ്ങനെയിരിക്കെയാണ് സിബിഐ അന്വേഷണത്തിന്റെ ജാള്യത മറയ്ക്കുവാനും മാധ്യമശ്രദ്ധ തിരിക്കാനും വേണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കെ.എം.എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ കോപ്പി ഇതോടൊപ്പം ഹാജരാക്കുന്നു. ആയതിനാല്‍ അങ്ങ് ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ജോമോന്‍ പറയുന്നു. ഈ കത്ത് പരിശോധിച്ച് കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്താക്കുമോ എന്ന ചര്‍ച്ച സജീവമാണ്. എന്നാല്‍ വിശ്വസ്തനെ പിണറായി കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി തള്ളിയ ആരോപണങ്ങളില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. വിജിലന്‍സ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് വ്യക്തി വിരോധമാണെന്നും ഗൂഢാലോചന തനിക്കെതിരെയാണെന്നും ജോമോന്‍ പറഞ്ഞു. താന്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തെന്ന അന്വേഷണം അതിനു പിന്നാലെ ഈ റിപ്പോര്‍ട്ട് നിയമസഭ പെറ്റീഷന്‍ കമ്മിറ്റി തള്ളി. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെയാണ് കെ.എം എബ്രഹാം ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ജോമോന് ഒപ്പം താന്‍ ധനസെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിലെ രണ്ടു ഉന്നതരും ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.എം എബ്രാഹം കുറ്റപ്പെടുത്തി. ഇതിന് തെളിവായി ടെലഫോണ്‍ വിശദാംശങ്ങള്‍ തന്റെ കൈവശമുണ്ടെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. പരാതിക്കാരനും പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്ത് ഉണ്ടായിരുന്ന ഉന്നതരും പല ഘട്ടത്തിലും പരസ്പരം സംസാരിച്ചിട്ടുണ്ട്. 2015 മുതല്‍ ആരംഭിച്ചതാണ് ഈ ഗൂഢാലോചന എന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. കിഫ്ബി ജീവനക്കാരോട് വിഷുദിന സന്ദേശത്തിലൂടെ വിശദീകരിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നു. ഇതിനൊപ്പം കൂടുതല്‍ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് കത്തിനൊപ്പം കൈമാറി. ഭാര്യയുടെ ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ് മെന്റും ഇതില്‍പ്പെടും. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇതിലെ വാദങ്ങളെ എല്ലാം പൊളിക്കുന്നതാണ് മുഖ്യമന്ത്രിക്കുള്ള ജോമോന്റെ കത്ത്.
മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം
To,
ശ്രീ.പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
ഗവ.സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം
സര്‍,
വിഷയം:-മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.കെ.എം.എബ്രഹാം എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് 15-4- 2025 ന് ന്യൂസ് ചാനലിലൂടെ കാണാനിടയായതിനെ ക്കുറിച്ച് യഥാര്‍ത്ഥ സത്യാവസ്ഥ മുഖ്യമന്ത്രിയെ അറിയിക്കുന്നതിനെ സംബന്ധിച്ച്..
ശ്രീ.കെ.എം.എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നല്‍കിയ ഹര്‍ജി ( Cri. MC No.8044/2018 ) ബഹു. ഹൈക്കോടതി 11-4-2025 ല്‍ സിബിഐയോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുവാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ശ്രീ. കെ.എം. എബ്രഹാം അസത്യമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എനിക്കെതിരെ 15 - 4 - 2025 ല്‍ മുഖ്യമന്ത്രിക്ക് ഒരു പരാതി നല്‍കിയത് ന്യൂസ് ചാനലിലൂടെ ഞാന്‍ കാണാനിടയായി. അതിനെ തുടര്‍ന്നാണ് ബഹു. മുഖ്യമന്ത്രിക്ക് ഞാന്‍ ഈ പരാതി നല്‍കുന്നത്. ഞാന്‍ എറണാകുളം PWD റെസ്റ്റ് ഹൗസില്‍ താമസിച്ച വകയില്‍ വാടക നല്‍കാത്തതിനെതിരെ ശ്രീ. കെ.എം. എബ്രഹാം ധനകാര്യ പരിശോധന നടത്തി എനിക്കെതിരെ പിഴ ചുമത്തിയതിന്റെ വ്യക്തി വൈരാഗ്യം കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ശ്രീ.കെ.എം.എബ്രഹാം അങ്ങേക്ക് നല്‍കിയ കത്തില്‍ പറയുന്നത് അസത്യമാണ്. കെ.എം.എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് ഞാന്‍ നല്‍കിയ ഹര്‍ജിയില്‍ (Cri M.P.No 298/2016) തിരുവനന്തപുരം വിജിലന്‍സ് കോടതി 2016 ഒക്ടോബര്‍ 7 ന് വിജിലന്‍സിനോട് പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ട ഈ സമയത്ത് കെ.എം.എബ്രഹാമിനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ ബന്ധപ്പെടുകയോ ചെയ്യാന്‍ ഒരു മുന്‍പരിചയവും എനിക്കില്ല. ഒരു കാര്യസാധ്യത്തിനു വേണ്ടി ഒരിക്കലും ഞാന്‍ സമീപിച്ചിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് എനിക്ക് കെ.എം.എബ്രഹാമിനോട് വ്യക്തിവൈരാഗ്യം വരുന്നത്. മറിച്ച് കെ.എം.എബ്രഹാമിന് എന്നോടാണ് വ്യക്തിവൈരാഗ്യമുള്ളത്. കെ.എം.എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ കാരണക്കാരനായതിന്റെ വ്യക്തിവൈരാഗ്യത്തില്‍ 2016 ഒക്ടോബര്‍ 7 ന് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനു ശേഷം 25 ദിവസമായപ്പോള്‍ 2016 നവംബര്‍ രണ്ടിന് എന്റെ പരാതിയില്‍ തന്നെ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതുള്‍പ്പെടെ നാല് വിജിലന്‍സ് അന്വേഷണം നേരിടുന്ന പ്രതി PWD ബില്‍ഡിങ്ങ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ശ്രീമതി. എം.പെണ്ണമ്മയുമായി ചേര്‍ന്ന് കെ.എം.എബ്രഹാം ഗൂഢാലോചന നടത്തി. പെണ്ണമ്മയെ കൊണ്ട് വ്യാജപരാതി വാങ്ങിച്ച് എനിക്കെതിരെ ധനകാര്യ പരിശോധന നടത്തുവാന്‍ ഞാന്‍ വാദിയായ കേസിലെ പ്രതി കെ.എം എബ്രഹാം (2-11-2016) ഉത്തരവിട്ടിരുന്നു. എറണാകുളം PWD റെസ്റ്റ് ഹൗസില്‍ ഞാന്‍ താമസിച്ച വകയില്‍ വാടക അടച്ചില്ലെന്ന വ്യാജേന ധനകാര്യ പരിശോധന നടത്തി. ഞാന്‍ വാദിയായ കേസിലെ പ്രതിയായ കെ. എം.എബ്രഹാം വാദിക്കെതിരെ പ്രതി അന്വേഷണം നടത്തുന്നത് ചരിത്രത്തിലാദ്യമാണ്. യഥാര്‍ത്ഥത്തില്‍ കെ.എം.എബ്രഹാമാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഞാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല, അതിന്റെ ആവശ്യവും എനിക്കില്ല.
കെ.എം. എബ്രഹാം നടത്തിയ ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടിലെ പാരഗ്രാഫ് നാലില്‍ പറയുന്നത് എറണാകുളം PWD റെസ്റ്റ് ഹൗസിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് 11-9 - 2000 മുതല്‍ 30-9-2016 വരെയുള്ള കാലഘട്ടത്തില്‍ എറണാകുളം PWD റെസ്റ്റ് ഹൗസിലെ പതിനേഴാം നമ്പര്‍ ഏസി റൂമില്‍ സ്ഥിരമായി പതിനാറ് വര്‍ഷക്കാലം തുടര്‍ച്ചയായി ഞാന്‍ താമസിച്ച് ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടപ്പെടുത്തി എന്നാണ് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 നവംബര്‍ രണ്ടിന് അന്വേഷിക്കാന്‍ ഉത്തരവിട്ട് മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എനിക്കെതിരെ ധനകാര്യ പരിശോധന നടത്തിയിട്ട് എനിക്കെന്ത് പറയാനുണ്ടെന്ന് കേള്‍ക്കാതെയാണ് ഏകപക്ഷീയമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഞാന്‍ താമസിച്ചെന്നു പറയുന്ന പതിനേഴാം നമ്പര്‍ റൂം ഉള്‍പ്പെടെ പന്ത്രണ്ട് മുറികള്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന്റെ അനക്‌സായി 13-8-1986 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ്. പ്രസ്തുത ഈ പന്ത്രണ്ടു മുറികള്‍ എറണാകുളം PWDക്ക് തിരിച്ചു കിട്ടി പ്രവര്‍ത്തനമാരംഭിച്ചത് 2009 സെപ്തംബറിലാണെന്നു തെളിയിക്കുന്ന വിവരാവകാശ നിയമപ്രകാരമുള്ള രേഖ 2-3 - 2011 ല്‍ കിട്ടിയത് എന്റെ കൈവശമുണ്ടായിരുന്നു. അതിന്‍ പ്രകാരം 2009 സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിച്ച PWD റെസ്റ്റ് ഹൗസിലെ പതിനേഴാം നമ്പര്‍ ഏസി മുറിയില്‍ 2000 മുതല്‍ ഞാന്‍ താമസിച്ചു എന്നു പറയുന്ന ധനകാര്യ റിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എറണാകുളം PWD റെസ്റ്റ് ഹൗസിലെ പല മുറികളിലായി താമസിച്ച വകയില്‍ ഞാന്‍ വാടക നല്‍കിയതിന്റെ റസീപ്റ്റ് എന്റെ കയ്യിലുണ്ട്. ധനകാര്യ പരിശോധനാറിപ്പോര്‍ട്ട് കെ.എം. എബ്രഹാം വ്യാജമായി കെട്ടിചമച്ചതാണന്ന് തെളിഞ്ഞിരിക്കുകയാണ്. 13,69, 570 രൂപ വാടകകുടിശ്ശിഖ ഉണ്ടെന്ന് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടില്‍ (ഫയല്‍ നമ്പര്‍ No.975107/FlW - Spl. Team / 16/ Fin ) പറയുന്നുണ്ടെങ്കിലും ഒമ്പതു വര്‍ഷത്തിനിടയില്‍ തുക അടയ്ക്കാന്‍ പറഞ്ഞു കൊണ്ട് എനിക്ക് ഇതുവരെയും ഒരു നോട്ടീസു പോലും തന്നിട്ടില്ല. എനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ 20-2-2020 ല്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി മുമ്പാകെ (File No. 16394/ ഹര്‍ജി ബി 4/ 2020/ നി. സെ, നമ്പര്‍ ) പരാതി നല്‍കിയിരുന്നു. 28 - 5 - 2020 ലും, 19-11-2024 ലും രണ്ടു പ്രാവശ്യം നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി തെളിവെടുപ്പ് നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ എനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടിന്‍ മേല്‍നടപടികള്‍ അവസാനിപ്പിക്കുവാന്‍ 19-2-2024 ല്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ തൃശൂര്‍ കറന്റ് ബുക്‌സ് 2022 മെയില്‍ പ്രസിദ്ധീകരിച്ച 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ ' എന്ന എന്റെ ആത്മകഥാപുസ്തകം 2022 ജൂണ്‍ 16 ന് അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ശ്രീ.ഇ.പി ജയരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. മുന്‍മന്ത്രി ശ്രീ.കെ.ടി.ജലീലാണ് പുസ്തകത്തില്‍ അവതാരിക എഴുതിയത്. ' വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെ.എം.എബ്രഹാം കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി' എന്ന തലക്കെട്ടില്‍ പുസ്തകത്തില്‍ ഒമ്പത് പേജുകളിലായി പ്രസിദ്ധീകരിച്ചതിന്റെ കോപ്പി ഇതോടൊപ്പം ഹാജരാക്കുന്നു. 15 - 4 - 2025 ല്‍ കെ.എം.എബ്രഹാം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ എനിക്കെതിരെ പറഞ്ഞിട്ടുള്ള ആരോപണങ്ങളെല്ലാം ജസ്റ്റിസ് കെ.ബാബു മുമ്പാകെ കെ.എം.എബ്രഹാം ഉന്നയിച്ച് ഹൈക്കോടതി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ്. കെ.എം.എബ്രഹാമിനെ പ്രതിയാക്കി FIR രജിസ്റ്റര്‍ചെയ്ത് CBI അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി 11 - 4 - 2025 ല്‍ ഉത്തരവിട്ടതിനു ശേഷം വാദിയായ എന്നെ അതേ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാരമുപയോഗിച്ച് ഹൈക്കോടതി തള്ളിക്കളഞ്ഞ അതേ ആരോപണങ്ങള്‍ പോലീസ് IPS ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തത് നിയമവിരുദ്ധമാണ്. ഹൈക്കോടതി തള്ളിയ കാര്യങ്ങള്‍ പിന്നീട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് അന്വേഷിക്കുവാന്‍ നിയമം അനുവദിക്കുന്നില്ല. മാത്രവുമല്ല, ഒരു പൗരനെന്ന നിലയില്‍ നിയമപ്രകാരം കോടതിയില്‍ കേസ് കൊടുക്കുവാന്‍ അവകാശവുമുണ്ട്. ഒരു കുറ്റകൃത്യം ചെയ്യുന്ന ഒരാള്‍ അതിനെ കുറിച്ച് കുറ്റകൃത്യം ചെയ്യാന്‍ വേണ്ടി മറ്റൊരാളുമായി ഗൂഢാലോചന നടത്തുന്നതാണ് ക്രിമിനല്‍ ഒഫന്‍സ്. നിയമപ്രകാരം ഒരാളുടെ അഴിമതി പുറത്തു കൊണ്ടുവരാന്‍ ഏതൊരു വ്യക്തിയുമായും സംസാരിക്കുന്നത് ഗൂഢാലോചനയല്ല. ഗൂഢാലോചനയുടെ പരിധിയില്‍ വരികയുമില്ല. ഹൈക്കോടതി കെ.എം.എബ്രഹാമിന്റെ വാദം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന കെ.എം.എബ്രഹാമിന്റെ വാദം കളവാണെന്ന് ജഡ്ജ്‌മെന്റ് വായിച്ചാല്‍ ബോധ്യമാകും. കെ.എം.എബ്രഹാം ഹാജരാക്കിയ രേഖകളൊന്നും ഹൈക്കോടതി പരിശോധിച്ചില്ല എന്നത് പച്ചക്കള്ളമാണ്. എബ്രഹാം ഒരു രേഖയും ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. എന്നിട്ട് ഹൈക്കോടതി എബ്രഹാമിന്റെ രേഖകളൊന്നും പരിശോധിച്ചില്ല എന്നു എബ്രഹാം പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയിട്ടാണ്. രണ്ടു പേരുമായി ഞാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇപ്പോള്‍ പറയുന്ന ആരോപണം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സമയത്തും ഇതേ ആരോപണം അന്നും എബ്രഹാം ഉന്നയിച്ചിരുന്നു. അന്നു ഞാന്‍ 5 - 11 - 2016 ല്‍ എബ്രഹാമിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. അന്ന് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നു പറഞ്ഞു കൊണ്ട് എബ്രഹാം എനിക്ക് 10-11-2016 ല്‍ മറുപടി തന്നിരുന്നു. വസ്തുത ഇങ്ങനെയിരിക്കെയാണ് CBI അന്വേഷണത്തിന്റെ ജാള്യത മറയ്ക്കുവാനും മാധ്യമശ്രദ്ധ തിരിക്കാനും വേണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കെ.എം.എബ്രഹാമിനെതിരെ CBI അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ കോപ്പി ഇതോടൊപ്പം ഹാജരാക്കുന്നു. ആയതിനാല്‍ അങ്ങ് ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
18-4- 2025