- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്കി കേന്ദ്രമന്ത്രി; പാവങ്ങളുടെ അരിവിഹിതം തടയാന്‍ യുഡിഎഫ് എംപിമാര്‍ കുതന്ത്രം പ്രയോഗിച്ചെന്ന് ആരോപിച്ചു കെ എന്‍ ബാലഗോപാല്‍
കേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം: അതിദാരിദ്ര്യം അന്ത്യോദയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡമല്ലെന്നും കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോക്സഭാ ചോദ്യത്തോരവേളയില്‍ എന്‍കെ പ്രേമചന്ദ്രനും എംകെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ- പൊതുവിതരണമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചു. എന്നാല്‍ അന്ത്യോദയ- അന്നയോജന മാര്‍ഗരേഖ പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഇതൊരു മാനദണ്ഡമല്ല. ഈ പ്രഖ്യാപനം കേരളത്തിന് ബാഹ്യ ധനകാര്യ ഏജന്‍സികളില്‍ നിന്നുള്ള സഹായധനം ലഭ്യമാക്കാന്‍ വഴിയൊരുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ശ്രദ്ധയില്‍ ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പദ്ധതിയെ മറയാക്കി കേരളത്തിലെ പാവങ്ങളുടെ അരിവിഹിതം തടസ്സപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള രണ്ട് യുഡിഎഫ് എംപിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തെ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്കുള്ള ധാന്യവിഹിതം കേരള സര്‍ക്കാര്‍ നടപ്പാക്കിയ അതിദാരിദ്ര്യ വിമുക്ത പദ്ധതി കാരണം വെട്ടിക്കുറക്കുമോ, ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് എഎവൈ കാര്‍ഡുകള്‍ റദ്ദാക്കുമോ, അതുവഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങളാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയതോടെ എംപിമാരുടെ കുതന്ത്രം പൊളിഞ്ഞു വീണതായി മന്ത്രി പറഞ്ഞു. നിങ്ങള്‍ നോക്കൂ, കേരളത്തോട് എത്ര കണ്ട് വിരോധം ആണ് ഇവിടെ നിന്ന് ജയിച്ചു പോയ എംപിമാര്‍ക്ക്. കേരളത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവര്‍.
കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നല്‍കിയിരുന്നെങ്കില്‍ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവര്‍ ഇറങ്ങുമായിരുന്നു. എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.
ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് മൂത്ത് ഇപ്പോള്‍ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തില്‍ ഇവര്‍ക്കുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണ്. ജനങ്ങള്‍ ഈ മാരീചന്മാരെ തിരിച്ചറിയണം. മന്ത്രി ബാലഗോപാല്‍ കുറിച്ചു.




