കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ കോട്ടയം അതിരൂപതയില്‍ നിന്നും പുറത്താക്കുന്ന നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചത് അടുത്തിടെയാണ്. മതപരമായ സ്വയംഭരണാധികാരം വ്യക്തികളെ പുറത്താക്കാനുള്ള ലൈസന്‍സ് അല്ലെന്നും വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി വിധി എത്തിയത്. കോട്ടയം അഡീഷണല്‍ സബ് കോടതി വിധി ശരിവെച്ച അഡീഷണല്‍ ജില്ലാ കോടതിയുടെ 2022 സെപ്റ്റംബര്‍ രണ്ടിലെ ഉത്തരവ് ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്.

ഈ ഹൈക്കോടതി വിധിയില്‍ സഭാ വിശ്വാസികള്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന കോടതി ഉത്തരവ് സമുദായത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. സഭാ നേതൃത്വത്തിന്റെ വീഴ്ചയാണ് ഈ തിരിച്ചടിക്ക് കാരണമെന്നാരോപിച്ച് മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനും പുരോഹിതര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കേസ് നടത്തിപ്പിലെ വീഴ്ച്ച ആരോപിച്ചു മെത്രാനെതിരെ ഇന്നും പ്രതിഷേധമുണ്ടായി.

ഓശാന കുര്‍ബാനയ്ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചു. ഇത് പറഞ്ഞു പറ്റിച്ച വിശ്വാസികളുടെ തുറന്ന പൊട്ടിത്തെറിയാണെന്ന പറഞ്ഞ് പ്രതിഷേധത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മൂലക്കാടാ മൂരാച്ചി... രാജിവെച്ച് പുറത്തു പോകൂ എന്നു മുദ്രവാക്യം വിളിച്ച് ഒരുകൂട്ടം ആളുകള്‍ മെത്രാന്റ ചിത്രം കത്തിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും തീ ആളിക്കത്താന്‍ പോകുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

പാച്ചിറ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ മെത്രാന്റെ പോസ്റ്ററും ഉയര്‍ന്നിരുന്നു. സമുദായത്തിന്റെ അന്ത്യക്രിസ്തുവായ മൂലക്കാടന്‍ രാജിവെക്കുക എന്ന പോസ്റ്ററെഴുതിയ മുദ്രാവാക്യവുമായാണ് ഇവര്‍ പ്രതിഷേധിച്ചത്. സമുദായത്തിന്റെ പാരമ്പര്യവും തനിമയും സംരക്ഷിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും കേസ് ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. 'സമുദായത്തെ ഒറ്റിക്കൊടുത്ത മെത്രാന്മാരെയും വികാരിമാരെയും പള്ളികളില്‍ കയറ്റില്ല' എന്നുവരെയുള്ള കടുത്ത നിലപാടുകളിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയാണ്.

വിധി നടപ്പിലായാല്‍ സമുദായത്തിന് പുറത്തുപോയ ആയിരക്കണക്കിന് ആളുകള്‍ തിരികെ സഭയിലെത്തുമെന്നും, ഇത് ക്‌നാനായ സമുദായത്തിന്റെ സവിശേഷമായ സ്വത്വം ഇല്ലാതാക്കുമെന്നുമാണ് ഇക്കൂട്ടരുടെ വാദം. കോട്ടയം രൂപതയുടെ പ്രത്യേക പദവി നഷ്ടപ്പെട്ട് അത് സാധാരണ സീറോ മലബാര്‍ രൂപതയായി മാറുമെന്നും, പള്ളികള്‍ മറ്റു രൂപതകളില്‍ ലയിക്കുമെന്നുമുള്ള ആശങ്കകള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണ്.




ക്നാനായ സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ അനിവാര്യ ആചാരമാണെന്ന് സ്ഥാപിക്കാനായിട്ടില്ലാത്തതിനാല്‍ ഇത് പാലിക്കാത്ത സഭാംഗത്തെ പുറത്താക്കാന്‍ അവകാശമില്ലെന്നാണ് കോടതി വിധിയില്‍ വ്യക്തമാക്കിയത്. അംഗത്വം ലഭിക്കുന്നതു ജന്മം വഴിയാണ്. ഈ അംഗത്വം നിയന്ത്രിക്കാന്‍ വ്യവസ്ഥ വെക്കാനാവില്ല. ക്നാനായ സമുദായാംഗമായ ആളെ വിവാഹം കഴിച്ച ക്നാനായ ഇതരര്‍ക്കും ഈ ബന്ധത്തിലുള്ള കുട്ടിക്കും അംഗത്വം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ക്ക് സമുദായത്തിന് അകത്തു നിന്ന് വിവാഹം കഴിക്കാം. എന്നാല്‍ ഇത് സ്ഥാപനവല്‍ക്കരിക്കാനോ നിയമം വഴി അടിച്ചേല്‍പ്പിക്കാനോ കഴിയില്ല. മതപരമായ സ്വയംഭരണാധികാരം ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറാനും വ്യക്തികളെ പുറത്താക്കാനുമുള്ള ലൈസന്‍സായി മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. വ്യക്തിയുടെ അന്തസ്സും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. അതില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് അപ്പീലുകള്‍ തള്ളിയത്.

യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ, ആണെന്നോ, പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ബൈബിള്‍ വചനം ഉദ്ദരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. പുറത്തുള്ളവരെ വിവാഹം കഴിച്ചതിലൂടെ സമുദായത്തില്‍ നിന്നും പുറത്തായവരെ തിരിച്ചെടുക്കണമെന്ന് അഡീഷണല്‍ സബ് കോടതി വിധിച്ചിരുന്നു. പുറത്താക്കപ്പെട്ട ഭാര്യമാര്‍, മക്കള്‍ എന്നിവരെയും തിരിച്ചെടുക്കണമെന്ന ആവശ്യത്തെയും അംഗീകരിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് അതിരൂപത ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരുന്നത്.