കൊച്ചി: ടാര്‍ജറ്റ് തികയ്ക്കാന്‍ ക്രൂരമായ തൊഴില്‍ പീഡനത്തിന് ഇരയാക്കിയത് പുരുഷ ജീവനക്കാരെ മാത്രമല്ല, വനിതാ ജീവനക്കാരെയും. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന കൊച്ചിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ ഡീലര്‍ ആയി പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ ദൃശ്യങ്ങളാണ് പുറത്തു വന്നതെന്ന് മുന്‍ ജീവനക്കാരന്‍ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സ്ഥാപന ഉടമ വയനാട് സ്വദേശി ഹുബൈലിനെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഹുബൈലിനെ പെരുമ്പാവൂര്‍ പോലീസാണ് ഈ പരാതിയില്‍ അറസ്റ്റ് ചെയ്തത്. വീടുകള്‍ തോറും കയറിയിറങ്ങി വിവിധ സാധനങ്ങള്‍ വില്‍പന നടത്തുകയായിരുന്നു ജീവനക്കാരുടെ ജോലി. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഇടിച്ചുകയറുന്ന ഹുബൈല്‍ പേഴ്സണല്‍ അസെസ്മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നെന്നാണ് പരാതി.

സ്ഥാപനത്തില്‍ പുതിയതായി ജോലിക്കുചേര്‍ന്ന ഒരു യുവതി നല്‍കിയ പരാതിയിലാണ്് ഹുബൈലിനെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ ജീവനക്കാരായ പല പെണ്‍കുട്ടികളും പോലീസിനോട് ലൈംഗികാതിക്രമത്തേക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. തോഴിലിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ പുറത്തുപോകുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഹുബൈല്‍ പിടിച്ചുവെക്കുമായിരുന്നു. അതിനാല്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ചുപോകാനോ ചൂഷണം പുറത്തുപറയാനോ സാധിച്ചിരുന്നില്ല.

ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റെ പേരില്‍ പുരുഷ ജീവനക്കാരുടെ നേരേ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെല്‍ട്രോയില്‍ നടന്ന തൊഴില്‍ പീഡനവുമായും നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളുമായും ബന്ധമില്ലെന്ന് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് ജീവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.

പീഡന മുറകള്‍ ഇങ്ങനെ:

.കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായിരുന്നത്.

ടാര്‍ഗറ്റ് തികയാത്തതിന്റെ പേരിലാണ് ജീവനക്കാര്‍ക്ക് പീഡനം നേരിടേണ്ടി വരുന്നത്. അടുത്തദിവസം ടാര്‍ഗറ്റ് തികയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി. ഇതിനോട് പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് ഭയമാണെന്ന് പീഡനം നേരിട്ട ജീവനക്കാരിലൊരാള്‍ പ്രതികരിച്ചു. ജീവനക്കാരോട് ഭീഷണിയുടെ രീതിയിലാണ് സംസാരിച്ച് വെച്ചിരിക്കുന്നത്. ടാര്‍ഗറ്റ് തികച്ചില്ലെങ്കിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് സെയില്‍ മോശമായിരുന്നെങ്കില്‍ നാളെ മികച്ചതാക്കാനാണ് ഇതെല്ലാമെന്നാണ് അവര്‍ പറയുന്നതെന്ന് മുന്‍ ജീവനക്കാരന്‍ പ്രതികരിച്ചു.

ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ജോലിയുടെ തുടക്കത്തില്‍ പത്ത് ദിവസം നോക്കിയിട്ട് പറ്റില്ലെങ്കില്‍ നിര്‍ത്താന്‍ പറയും, മോട്ടിവേറ്റ് ചെയ്യും. ആറു മാസത്തെ ട്രെയിനിങിന് ശേഷം മാനേജരാക്കും. മാനേജര്‍മാരുടെ ശമ്പളങ്ങളും സൗകര്യങ്ങളും പറഞ്ഞാണ് ജീവനക്കാരെ പിടിച്ചു നില്‍ത്തുന്നതെന്ന് മുന്‍ ജീവനക്കാരന്‍ പറഞ്ഞു. 'ആദ്യം ടാര്‍ഗറ്റില്ലെന്നാണ് തന്നോട് പറഞ്ഞ്. ഒരു മാസം കഴിഞ്ഞ് 2000 രൂപ ടാര്‍ഗറ്റ് നിശ്ചയിച്ചു. ടാര്‍ഗറ്റ് ആവാത്ത ദിവസങ്ങള്‍ കുറവാണ്. 10 ദിവസം ടാര്‍ഗറ്റ് നേടി ഒരു ദിവസമില്ലെങ്കില്‍ അടി കിട്ടും. ആദ്യ മാസങ്ങളില്‍ ചെറിയ പീഡനമായിരിക്കും. പാന്റ്് അഴിച്ച് അടിവസ്ത്രം ഇട്ട് നിര്‍ത്തും. കോയിന്‍ നാവുകൊണ്ട് നക്കിപ്പിക്കും'.

ഒരു വീടാണ് ഓഫീസ്. ഒരു വശം മുതല്‍ മറ്റൊരു വശം വരെ കോയിന്‍ നക്കിക്കും. ചെയ്യിപ്പിക്കുന്നത് മാനേജര്‍മാരാണ്. നന്നായി തെറി വിളിക്കും. വാശിയുണ്ടാകാന്‍ വേണ്ടിയാണിതൊക്കെ ചെയ്യിക്കുന്നതെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. വാശിയില്‍ ബിസിനസ് ചെയ്യാന്‍. എന്നലെ കമ്പനി വികസിക്കുകയുള്ളൂ എന്നാണ് മാനേജര്‍മാരുടെ മറുപടിയെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

ആദ്യത്തെ ആറുമാസം ചെറിയ പീഡനമാകും. ട്രെയിനിങിന് ശേഷം പ്രമോഷന്‍ നല്‍കേണ്ട സമയമാകുമ്പോള്‍ പറഞ്ഞുവിടാന്‍ ദോഹോപദ്രവം തുടങ്ങും. നാല് മാസം പണിയെടുത്തു. പ്രമോഷന്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ ജോലി വിട്ടെന്നും ജീവനക്കാരന്‍ പറഞ്ഞു. ജീവനക്കാര്‍ തമ്മില്‍ ആശയവിനിമയം നടക്കാതിരിക്കാന്‍ മൊബൈല്‍ വാങ്ങിവയ്ക്കും, ആരുടെയും നമ്പര്‍ അറിയില്ല. മാനേജര്‍മാരുടെ നേതൃത്വത്തില്‍ തോര്‍ത്ത് നനച്ച് അടിക്കും. ഇതൊക്കെയാണ് പെര്‍ഫോര്‍മന്‍സ് മെച്ചപ്പെടുത്താനുള്ള പീഡനമുറകള്‍.