കൊച്ചി: കൊച്ചി സിറ്റിയിൽ സ്വകാര്യ ബസുകളിൽ പൊലീസിന്റെ 'ബസ് പട്രോളിങ്' തുടങ്ങുന്നു. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും സ്വകാര്യ ബസുകളിൽ നിന്നും മോശം അനുഭവം വരുന്ന സാഹചര്യത്തിലാണ് മെട്രോ നഗരത്തിൽ ബസ് പട്രോളിങ് ആരംഭിക്കുന്നത്. എറണാകുളം എ.സി.പി പി.രാജ് കുമാറിന്റെ അഭിപ്രായം മുഖവിലയ്ക്കെടുത്താണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സി.എച്ച് നാഗരാജു ഉത്തരവിറക്കിയത്. വരും ദിവസങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ബസുകളിൽ നിരീക്ഷണത്തിനായി ഉണ്ടാവും.

ബസ് യാത്രക്കാരായ വിദ്യാർത്ഥികൾക്കും, ജോലിക്കാരായ സ്ത്രീകൾക്കും ബസ് ജീവനക്കാരിൽനിന്നും മോശമായ പെരുമാറ്റവും, സാമൂഹ്യവിരുദ്ധരുടെ ശല്യവും പതിവാണ്. ഇത്തരം പരരാതികൾ നിരന്തരം പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. ഇവയിൽ പലതും ഫോണിൽ വിളിച്ചു പറയുന്നതാണ്. രേഖാ മൂലം പരാതി നൽകുന്നവർ കുറവാണ്. ഇതിനു പരിഹാരമെന്ന നിലയിൽ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 5 വരെയും യാത്രാബസുകളിൽ അതാത് സ്റ്റേഷൻ പരിധികളിൽ കൂടി കടന്നു പോകുന്ന ബസുകളിൽ യൂണിഫോമിൽ ഉദ്യോഗസ്ഥർ കയറുകയും അതിർത്തി അവസാനിക്കുമ്പോൾ അവിടെയിറങ്ങി മറ്റൊരു ബസിൽ മടങ്ങിവരുകയും ചെയ്യുന്ന രീതിയിലാണ് പട്രോൾ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യം ബസ് യാത്രക്കിടയിലുണ്ടാകുന്ന നിരവധി അതിക്രമങ്ങൾ തടയാനാവുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാതിരിക്കുക, ഒഴിവുള്ള സീറ്റുകളിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരായുള്ള പൂവാലശല്ല്യം, പോക്കറ്റടിക്കാരുടെയും, മദ്യപാനികളുടെയും ഭീഷണി, സംവരണ സീറ്റുകൾ കൈയടക്കുക, സ്റ്റോപ്പുകളിൽ ബസുകൾ നിർത്താതിരിക്കുക, ജീവനക്കാരുടെ മോശം ഇടപെടലുകൾ തുടങ്ങിയവ ബസുകളിൽ രൂക്ഷമാണ്. സിറ്റിയിൽ ഓടുന്ന മിക്ക സ്വകാര്യ ബസുകളും മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഓഫീസ് സ്‌ക്കൂൾ സമയങ്ങളിലെ അപകടരമായ ഡ്രൈവിങ്ങും തടയാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ ജൂലൈയിലാണ് അസി. കമ്മീഷ്ണർ ബസ് പട്രോളിങ് ആശയം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് മുൻപാകെ സമർപ്പിച്ചത്. ബസ് പട്രോളിങ് തുടങ്ങി കഴിഞ്ഞ് വിജയിച്ചാൽ ഇത് കേരളമൊട്ടാകെ പ്രാവർത്തികമാക്കാനുള്ള ശ്രമം തുടങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു.