- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹൈവേ റോബറിയില്' പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ല; ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന പണമെന്നും ഇഡി കുറ്റഫത്രം; പോലീസ് തെളിവൊന്നും നല്‍കിയില്ലെന്ന് കുറ്റപത്രം; പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പും; കൊടകരയിലെ വെളുപ്പിക്കല്‍ ചര്‍ച്ചകള്‍
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ ഡി) പറയാനുള്ളത് അവരുടെ അധികാര പരിധിയിലെ വിശദീകരണം. കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഎംഎല്‍എ നിയമപ്രകാരമാണ് ഇ ഡി പ്രവര്‍ത്തിക്കുന്നത്. അതില്‍ പറയുന്നതെല്ലാം അന്വേഷിച്ചെന്നും ഇ ഡി വ്യക്തമാക്കി. കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയത്. മോഷണം പോയത് കള്ളപ്പണമാണോ എന്ന് അന്വേഷിച്ചില്ലെന്നാണ് ഇഡി പറയുന്നത്. ഇതിനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നതാണ് വിശദീകരണം. കുഴല്‍പ്പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ഇ.ഡി. കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നുമാണ് ഇഡിയുടെ വാദം.
പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല, അത് ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി വ്യക്തമാക്കി. കവര്‍ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഇ ഡി പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും ഇഡി പറയുന്നു. ധര്‍മരാജിന്റെ മൊഴിയാണ് നിര്‍ണായകമായി മാറിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ധര്‍മരാജ് തന്നെ ഉറവിടം സംബന്ധിച്ച മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് മൊഴില്‍ നിന്ന് വ്യക്തമാണെന്നും ഇ ഡി വിശദീകരിക്കുന്നു. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ കഴിഞ്ഞദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കുറ്റപത്രം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി സമര്‍പ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.
പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോര്‍ട്ടും പൂര്‍ണമായും തള്ളുന്ന കുറ്റപത്രത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ ട്രാവന്‍കൂര്‍ ഹോട്ടലിന്റെ വസ്തു വാങ്ങാനായി ആലപ്പുഴയിലേക്ക കൊണ്ടു പോയ പണമാണ് കൊള്ളയടിച്ചതെന്നാണ് ഇഡി കണ്ടെത്തല്‍. ധര്‍മ്മരാജന്റെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണ് ഈ നിഗമനം. 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ്, കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസില്‍ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒരു ഹൈവേ റോബറി കേസ് പോലെയാണ് കൊടകരയെ ഇഡി കണ്ടെതെന്ന വിമര്‍ശനം ശക്തമാണ്.
അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയര്‍ന്നത്. പിന്നാലെ, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കുറ്റപത്രം നല്‍കിയത്. കൊടകരയിലേതു കുഴല്‍പ്പണമാണെന്നും ഉറവിടവും ഇടപാടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പോലീസ് തിരഞ്ഞെടുപ്പ് കമ്മിഷനും ആഭ്യന്തരമന്ത്രാലയത്തിനും ഇഡിക്കും കത്തയച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ഇഡി, കേരള പോലീസ് നടത്തിയ അതേരീതിയില്‍ വഴിയോരക്കവര്‍ച്ച അന്വേഷിക്കുകയും കവര്‍ച്ചയിലെ പ്രതികളെമാത്രം കേസില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായത്. കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകളിലാക്കി എത്തിച്ചത് കണ്ടെന്ന് ആരോപിച്ച് അന്നത്തെ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും അതിന്മേല്‍ അന്വേഷണം എങ്ങുമെത്തിയില്ല. 2024 ഒക്ടോബര്‍ 30-നായിരുന്നു വെളിപ്പെടുത്തല്‍.
കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി നല്‍കിയ കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തത് രണ്ടു സ്ത്രീകളുള്‍പ്പെടെ 23 പേരെയാണ്. 12 പേര്‍ തൃശ്ശൂര്‍ സ്വദേശികളും ഏഴുപേര്‍ കണ്ണൂര്‍ സ്വദേശികളും രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കുടക് സ്വദേശിയുമാണ്. ഇഡി കുറ്റപത്രത്തില്‍ മൂന്നരക്കോടി രൂപയും വസ്തുവാങ്ങാനായി ധര്‍മരാജന്‍ കൊടുത്തുവിട്ടെന്നാണ് പറയുന്നത്. ആദ്യം പോലീസിന് നല്‍കിയ പരാതിയില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ധര്‍മരാജന്‍ മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് മൊഴിമാറ്റുകയായിരുന്നു. എന്നാല്‍, ഈ പണത്തിന് രേഖകളില്ലെന്നായിരുന്നു പോലീസിന് നല്‍കിയ മൊഴി. ആ സ്ഥാനത്താണ് ഇഡി കുറ്റപത്രത്തില്‍ പണത്തിന്റെ ഉറവിടം ധര്‍മരാജന്‍ വ്യക്തമാക്കി എന്നുള്ളത്. കൊടകര കവര്‍ച്ചയ്ക്കുമുന്‍പ് ബെംഗളൂരുവില്‍നിന്ന് പാലക്കാട്ട് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന 4.4 കോടി 2021 മാര്‍ച്ച് ആറിന് സേലം ഹൈവേയില്‍ കവര്‍ച്ചനടത്തിയെന്ന കേസുണ്ടായിരുന്നു. പോലീസ് കുറ്റപത്രത്തിലുള്ള ഇക്കാര്യത്തെക്കുറിച്ചും ഇഡി അന്വേഷണം നടത്തിയിട്ടില്ലെന്നാണ് സൂചന. കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിവരുകയും ഇതില്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണിപ്പോള്‍ കുറ്റപത്രം നല്‍കിയത്.
ഇഡി കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തവര്‍: 1. മുഹമ്മദ് അലി, അയ്യപ്പന്‍തോട്, കൂത്തുപറമ്പ്, കണ്ണൂര്‍, 2. സുജീഷ്, തിരുവങ്ങാട്, തലശ്ശേരി, കണ്ണൂര്‍ 3. രഞ്ജിത്ത്, വെള്ളിക്കുളങ്ങര, തൃശ്ശൂര്‍, 4. ദീപക് ശങ്കരന്‍, വെള്ളിക്കുളങ്ങര, തൃശ്ശൂര്‍, 5. ആരിഷ്, ആപ്പിള്‍ ബസാര്‍, വെള്ളികുളങ്ങര, തൃശ്ശൂര്‍, 6. മാര്‍ട്ടിന്‍, വടക്കുംകര, തൃശ്ശൂര്‍ 7. ലബീബ്, പട്ടേപ്പാടം, വടക്കുംകര, തൃശ്ശൂര്‍, 8. അഭിജിത്ത്, വെള്ളാങ്ങല്ലൂര്‍, വടക്കുംകര, തൃശ്ശൂര്‍, 9. ബാബു, വെള്ളാങ്ങല്ലൂര്‍, വടക്കുംകര, തൃശ്ശൂര്‍, 10. അബ്ദുള്‍ ഷായിദ്, വിളയനാട്, തൃശ്ശൂര്‍, 11. അബ്ദുള്‍ ഷുക്കൂര്‍, വെള്ളാങ്ങല്ലൂര്‍, തൃശ്ശൂര്‍, 12. അബ്ദുള്‍ ബഷീര്‍, മമ്പാട്, മലപ്പുറം, 13. അബ്ദുള്‍ സലാം, വെല്ലൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, 14. റഹിം, മുഴക്കുന്ന്, കണ്ണൂര്‍,15. ഷിജില്‍, കല്യാശ്ശേരി, കണ്ണൂര്‍, 16. അബ്ദുള്‍ റഷീദ്, പന്നിയങ്കര, കോഴിക്കോട്., 17. റൗഫ്, വെല്ലൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, 18. മുഹമ്മദ് ഷാഫി, ചോഡാല്ലു, കുടക്, കര്‍ണാടക, 19. എഡ്വിന്‍, വടക്കുംകര, തൃശ്ശൂര്‍, 20. ദീപ്തി, ഈസ്റ്റ് കോടാലി, തൃശ്ശൂര്‍, 21. സുള്‍ഫിക്കര്‍ അലി, മങ്കട, മലപ്പുറം, 22. പി.പി. റഷീദ്, ചൊക്ലി, കണ്ണൂര്‍, 23. ജിന്‍ഷ, ആപ്പിള്‍ ബസാര്‍, വെള്ളാങ്ങല്ലൂര്‍, തൃശ്ശൂര്‍