കാസര്‍കോട്: കാലാകാലങ്ങളായി ജില്ലയിലെ സിപിഎം ഭരിക്കുന്ന കൊടക്കാട് ബാങ്കിന്റെ വിനോദയാത്രയുടെ ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നത്. ബാങ്ക് ഒരുക്കുന്ന വിനോദയാത്രയില്‍ തീര്‍ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെട്ടതാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. എല്ലാ പ്രാവശ്യവും കൊടക്കാട് ബാങ്കില്‍ നിന്നും വിനോദയാത്ര പോകാറുണ്ടെങ്കില്‍ ഇതാദ്യമായാണ് തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നത്.

പഴനിയും, മധുരയും, രാമേശ്വരവും, ധനുഷ് കോടിയും ഒപ്പം 'സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും' ഉള്‍പ്പെടുത്തിയാണ് ഈ പ്രാവശ്യത്തെ വിനോദയാത്ര. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2025 ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്നതിനാലാണ് തീര്‍ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് വിനോദ യാത്ര ആരംഭിച്ച് ഏഴിന് അവസാനിക്കുന്ന രീതിയിലാണ് വിനോദ യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ടൂറിന് പോകാന്‍ താല്‍പര്യമുള്ളവര്‍ 2000 മുന്‍കൂറായി നല്‍കണം. 4000 രൂപയാണ് ഒരാള്‍ക്ക് ചിലവ് വരുന്നത്.

എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടതോടെ ചര്‍ച്ചയ്ക്കും ചൂടേറി. 'ജാതിയില്ല, ദൈവമില്ല, മതമില്ല എന്ന് പറഞ്ഞു നടക്കുന്ന സഖാക്കള്‍ ഇപ്പോള്‍ ഭക്തിനിര്‍ഭരമായ മാര്‍ഗത്തിലേക്ക് ആണ്' എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഉയരുന്നത്. അതേസമയം ജനങ്ങള്‍ക്ക് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കാണാനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്തതെന്ന് സംഘടകര്‍ പറഞ്ഞു.

കൊടക്കാട് ബാങ്ക് ഒരുക്കുന്ന ടൂറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് രമേശന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 'എല്ലാ വിഭാഗത്തില്‍പെട്ട ആളുകളും നമ്മുടെ ടൂറിനെ സംബന്ധിച്ച് വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്. നേരത്തെ തന്നെ നിരവധി വിനോദയാത്രകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ യാത്രയ്ക്ക് 30 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പോകാന്‍ സാധാരണക്കാര്‍ പ്രത്യേക വാഹനങ്ങള്‍ ബുക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഈ പാക്കേജ് വഴി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം.

രണ്ടു ബസുകളില്‍ ആണ് യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇപ്പോഴും അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അത് ആളുകളുടെ താല്‍പര്യം കൊണ്ടാണ്' എന്നും അദ്ദേഹം പറഞ്ഞു. വലിയ വിനോദയാത്രകള്‍ക്ക് ചെലവ് വര്‍ധിക്കുന്നതിനാല്‍ പണമില്ലാത്തവര്‍ക്ക് ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും വിദേശരാജ്യങ്ങളിലേക്ക് ഒക്കെ പോകുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും കൊടക്കാട് വൈസ് പ്രസിഡന്റ് രമേശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ആളെ കൂട്ടനാണ് ഈ വിനോദയാത്രയെന്ന തരത്തില്‍ എതിര്‍ പാര്‍ട്ടിക്കാരുടെ പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ബാങ്കിന്റെ നിലപാട്. വളം ഡിപ്പോ, പ്ലബിങ് ഇക്ട്രിക്കല്‍ ഡിപ്പോ, സിമെന്റും, ഓഡിറ്റോറിയം എന്നിവയും ഈ ബാങ്കിന് കീഴിലുണ്ട്.