തൊടുപുഴ: കോളപ്ര പാലത്തിനു സമീപം മലങ്കര ജലാശയത്തിനുള്ളിലെ ദ്വീപ്. 2 ഏക്കറിലേറെ വിസ്തൃതമായ ദ്വീപില്‍ തണുത്ത കാലാവസ്ഥയും റിസര്‍വോയറിന്റെ മനോഹരമായ കാഴ്ചയും ഏറെ ഹൃദ്യം. ഈ ദ്വീപിനെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. അതുല്യമായ ജൈവവൈവിധ്യം കൊണ്ട് ദ്വീപ് സന്ദര്‍ശകരെ കാത്തിരിക്കുന്നു. കോളപ്ര പാലത്തിനു സമീപത്തു നിന്നു 15 അടി മാത്രമാണ് ജലാശയത്തിലൂടെ തുരുത്തിലേക്കുള്ള ദൂരം. ചെറിയ പാലം നിര്‍മിച്ചാല്‍ ആളുകള്‍ക്ക് അനായാസം തുരുത്തില്‍ എത്താം. ദ്വീപ് സമ്പന്നമായ സസ്യജന്തുജാലങ്ങളാല്‍ നിബിഡമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കോളപ്ര ദ്വീപ് ടൂറിസം മാപ്പില്‍ ഇടം പിടിക്കും ഇതെല്ലാമായിരുന്നു കോളപ്രക്കാരുടെ പ്രതീക്ഷ.

എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പിലെ സൂത്രധാരന്റെ നാട് എന്ന നിലയില്‍ മാധ്യങ്ങള്‍ തേടിയെത്തുന്ന ഇടമായി മാറുകായണ് കോളപ്ര. തൊടുപുഴയിയില്‍ നിന്നു 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അനന്തുകൃഷ്ണന്റെ വീട്ടിലെത്താം. മരപ്പണിക്കാരനായ അച്ഛനും സപ്ലൈക്കോ ജീവനക്കാരിയായ അമ്മയും. ഇടുക്കി ജില്ലയിലെ മുട്ടം കോളപ്ര എന്ന ഗ്രാമത്തിലെ മിടുമിടുക്കന്‍. ഇരുപത്തിയാറുകാരനായ അനന്തു കൃഷ്ണന്റെ ജീവിതം അന്വേഷിച്ച് പോകുന്നവര്‍ എത്തുന്നത് കോളപ്ര എന്ന സുന്ദര ഗ്രാമത്തിലാണ്. മികച്ച വാഗ്മിയും വാക്ചാതുര്യം കൊണ്ട് ആരേയും കൈയ്യിലെടുക്കാനും കുട്ടിയായിരിക്കുമ്പോള്‍ തന്നെ സാധിച്ച അനന്തു കൃഷ്ണന്‍. ഒന്നാം ക്ലാസ് മുതല്‍ പ്രസംഗ മത്സരവേദികളില്‍ സ്ഥിരം സാന്നിധ്യം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂണ്‍ കൃഷി തുടങ്ങി. ക്ലാസുകള്‍ എടുത്തു. പതിനേഴാമത്തെ വയസില്‍ മികച്ച കൂണ്‍ കര്‍ഷകനുള്ള അവാര്‍ഡും നേടി. കോട്ടയത്തുള്ള മുന്‍ വനിതാ കമ്മീഷന്‍ അംഗത്തെ കൂണ്‍ കൃഷിയില്‍ പരിശീലിപ്പിച്ചു. അങ്ങനെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനികളുമായി അനന്തു അടുക്കുന്നത്.

ഡിഗ്രി പഠനകാലത്തിന് ശേഷം എംഎസ്ഡബ്ല്യുവില്‍ പോസ്റ്റ് ഗ്രാജ്യുവേഷന് ചേരാന്‍ താല്‍പര്യമുണ്ടായിരുന്നു. അനന്തു കൃഷ്ണനെ തൊടുപുഴ എംഎല്‍എ ആയ പി. ജെ ജോസഫാണ് പഠിപ്പിച്ചത്. പിജിക്ക് ശേഷം കോളപ്രയും തൊടുപുഴയും വിട്ടിറങ്ങി. പ്രമീള ദേവി വനിത കമ്മീഷന്‍ അംഗമായിരുന്ന സമയത്ത് എപ്പോഴും അനന്തു അവരുടെ കൂടെയായിരുന്നു. പ്രമീള ദേവിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണെന്നാണ് നാട്ടില്‍ പറഞ്ഞു. ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടു. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷന്‍ ഫോറം എന്ന സന്നദ്ധ സംഘടന തുടങ്ങി. കോവിഡ് സമയത്ത് ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. കുട്ടികള്‍ക്കായി സംഘടനയുടെ കീഴില്‍ പി.എസ്.സി കോച്ചിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചു. 2020 ല്‍ ലാലി വിന്‍സെന്റുമായി പരിചയമായി. ആനന്ദകുമാറുമായി പരിചയത്തിലായതിന് ശേഷമാണ് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുന്നതെന്നാണ് സൂചന. കോളപ്രക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു അനന്തു കൃഷ്ണന്‍. അനന്തുവിന്റെ സൗഹൃദപരവും സൗമ്യതയോടെയുമുള്ള പെരുമാറ്റവും ജനകീയത് കൂട്ടി.

കോളപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റും എന്‍ജിഒ കോണ്‍ഫഡറേഷനിലുണ്ടായിരുന്നു. കോളപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലൂടെ ഒരു തരത്തിലുള്ള പണമിടപാടുകളും നടന്നിട്ടില്ല. ഇതിലെ അംഗങ്ങള്‍ക്കെല്ലാം ശമ്പളം നല്‍കുന്നത് അനന്തുവിന്റെ പ്രൊവിഷണല്‍ ഇന്നൊവേഷണല്‍ സര്‍വീസ് എന്ന കമ്പനിയാണ്. തുച്ഛമായ ശമ്പളമാണ് ഈ എന്‍ജിഒയിലെ അംഗങ്ങള്‍ക്കെല്ലാം തന്നെ ലഭിച്ചിരുന്നത്. കുടയത്തൂര്‍ കോളപ്ര കേന്ദ്രമായി സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡിവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ എന്‍.ജി.ഒ. രൂപവത്കരിച്ചാണ് അനന്തുവിന്റെ തുടക്കം. ഇടുക്കിയില്‍ മാത്രം ഒതുങ്ങിനിന്ന പ്രവര്‍ത്തനം 2022-23 ല്‍ സീഡ് എന്ന പേരില്‍ പ്രാദേശിക സൊസൈറ്റികള്‍ രൂപവത്കരിച്ച് തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കും വ്യാപിപ്പിച്ചു. പിന്നാലെ കോട്ടയം കടന്ന് പാറശ്ശാല വരെ എത്തി. 2024 ആയപ്പോഴേക്കും കേരളമൊട്ടാകെയായി. നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോഡിനേറ്റര്‍ എന്ന മേല്‍വിലാസവും അനന്തു സമൃദ്ധമായി പ്രയോജനപ്പെടുത്തി.

പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാനായി ഗുണഭോക്താക്കളെ കണ്ടെത്തി പണം പിരിച്ചു നല്‍കിയത് ദേശീയ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എന്‍. ആനന്ദകുമാര്‍ പറഞ്ഞിട്ടാണെന്ന് വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍ പറയുന്നു. 2022 ലാണ് ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചത്. 175 സംഘടനകള്‍ ഇതിന്റെ ഭാഗമാണ്. 2023ല്‍ സംസ്ഥാന ജില്ലാസമിതി യോഗങ്ങളില്‍ കെ.എന്‍. ആനന്ദകുമാറാണ് അനന്തകൃഷ്ണനെ കോണ്‍ഫെഡറേഷന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ എന്ന് പരിചയപ്പെടുത്തിയത്. കെ.എന്‍. ആനന്ദകുമാര്‍ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത ചെയര്‍മാനാണെന്ന് ബൈലായില്‍ പറയുന്നുണ്ടെന്നും ഏഴ് മാസം മുമ്പ് രാജിവച്ചെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും സന്നദ്ധ സംഘടന ഭാരവാഹികള്‍പറഞ്ഞു. 2022 മുതല്‍ തയ്യല്‍മെഷീന്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ ടാങ്ക്, ലാപ്‌ടോപ്, സ്‌കൂട്ടര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവ പാതിവിലയ്ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചായിരുന്നു പണപ്പിരിവ്. 40,000, 51,000, 60,000 എന്നീ മൂന്ന് വിലകളിലുള്ള ലാപ്‌ടോപ്പ് അതിന്റെ പാതിവിലയ്ക്ക് നല്‍കുമെന്നാണ് പറഞ്ഞത്. കുറച്ചുപേര്‍ക്ക് നല്‍കുകയും ചെയ്തു. 1,20,000 രൂപയുടെ സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് എന്ന് പ്രഖ്യാപിച്ചാണ് വലിയ തോതില്‍ പണപ്പിരിവ് നടത്തിയത്. 2024-ല്‍ 3500 രൂപയുടെ ഓണക്കിറ്റ് 1750 രൂപയ്ക്ക് നല്‍കിയും പ്രചാരണം നടത്തി. പണമടച്ചവര്‍ക്ക് കിട്ടാതെ വന്നപ്പോള്‍ സീഡ് പ്രമോട്ടര്‍മാര്‍ സ്വന്തം നിലയില്‍ കിറ്റ് വാങ്ങിക്കൊടുത്തതായും പറയുന്നുണ്ട്.

സാധാരണ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനം എന്ന പേരിലാണ് പാതിവില പദ്ധതിക്ക് ആദ്യഘട്ടം പ്രചാരം കൊടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് എന്ന മട്ടിലും പ്രചാരണം ഉണ്ടായി. നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്‍ എന്ന പേരും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചു. സി.എസ്.ആര്‍. പണം എന്താണെന്നുപോലും അറിയാത്ത സാധാരണക്കാര്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്നു വന്നപ്പോള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ പകുതി പണം നല്‍കുമെന്നാണ് പലരും വിശ്വസിച്ചിരുന്നത്. പരിചയക്കാരെ സംഘാടകരായി കണ്ടതോടെ സ്വര്‍ണം പണയം വെച്ചും വായ്പയെടുത്തും ചിട്ടി പിടിച്ചും പലരും പണം കൊടുത്തു. വിവിധ സഹകരണ സംഘങ്ങളുമായും സംഘടനകളുമായും സഹകരിച്ചതോടെ പദ്ധതി കൂടൂതല്‍ ജനകീയമായി. സംസ്ഥാനത്തൊട്ടാകെ 64 സീഡ് സൊസൈറ്റികളുണ്ട്. കുറച്ചുപേര്‍ക്ക് ജനപ്രതിനിധികളെക്കൊണ്ട് വാഹനങ്ങളും സാധനങ്ങളും നല്‍കി അതിന്റെ ചിത്രവും വീഡിയോകളും പ്രചരിപ്പിച്ചതോടെ വിശ്വാസ്യത വര്‍ധിച്ചു. അങ്ങനെ അനന്തുകൃഷ്ണന്‍ തന്റെ തട്ടിപ്പ് കേരളത്തിലാകെ വ്യാപിപ്പിച്ചു.