കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആര്‍ജി കര്‍മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടുമെന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.

നഷ്ടപരിഹാരം വേണ്ട, അവളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാല്‍ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. വേണ്ടത് നീതിയാണെന്നും പിതാവ് പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പോലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തിരുന്നു.

സി.ബി.ഐ. സംഘം ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സി.ബി.ഐ. ഉറപ്പു നല്‍കിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ സാധിക്കില്ല. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.

ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി. അതേ സമയം ബിജെപി ഇന്ന് മമത ബാനര്‍ജിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. കൊല്‍ക്കത്തയില്‍ സിപിഎം ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദ് തുടരുകയാണ്.

കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കനത്ത പൊലീസ് വിന്യാസം തുടരുകയാണ്. ആര്‍ജി കര്‍ ആശുപത്രിയിലെ അക്രമണവുമായി ബന്ധപ്പെട്ട് 19 പേര്‍ അറസ്റ്റിലായെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. അഞ്ചു പേരെ തിരിച്ചറിഞ്ഞത് അക്രമത്തിന്റെ ദൃശ്യങ്ങളിലൂടെയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.

അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായുള്ള പ്രതിഷേധം തുടരുകയാണ്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടര്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതിക്ഷേധിച്ചു കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തില്‍ കേരള ഘടകവും ശക്തമായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രി അക്രമനത്തിന് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക, കേസിലെ പ്രതികളെ നിയത്തിന്റെ മുന്നില്‍ കൊണ്ട് വരുക തുടങ്ങിയവ ആണ് ആവശ്യം. സമരത്തില്‍ ഐ എം എ യോടൊപ്പം കേരളത്തിലെ വിവിധ ഡോക്ടര്‍മാരുടെ സംഘടനയും പിന്‍തുണ പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചുകൊണ്ട് സമരം തുടരുകയാണ്.

ഇതിനിടെ, സംഭവത്തിന്റെ പശ്ചാത്തലത്തിഷ മമത ബാനര്‍ജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി കൊല്ലെപ്പെട്ടുവെന്ന് അമിത് മാളവ്യ ആരോപിച്ചു. ബംഗാള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായെന്നും കൊല്‍ക്കത്ത പൊലീസ് ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഭീഷണി കത്ത് അയക്കുന്നു എന്ന് അമിത് മാളവ്യ ആരോപിച്ചു. അക്രമ ദൃശ്യങ്ങളും വിവരങ്ങളും പങ്കുവച്ച ട്വീറ്റുകള്‍ ആണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സൈബര്‍ പൊലീസ് കത്തയച്ചത്. പൊലീസ് അന്വേഷണത്തില്‍ ശ്രദ്ധിക്കുന്നത്തിന് പകരം വ്യക്തികളെ ഭീഷണിപ്പെടുത്തുന്നു എന്ന് ബിജെപി ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ നടപടി എന്നാണ് കൊല്‍ക്കത്ത പോലീസ് അറിയിക്കുന്നത്.