കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വിവാദമായ മാറുകയാണ്. ഡോക്ടര്‍മാരുടെ പ്രതിഷേധം രാജ്യത്താകെ വ്യാപിക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലാണ് പി ജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ സി.ബി.ഐ അന്വേഷണത്തെകുറിച്ച് പരാമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

സംസ്ഥാന പൊലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

"ഞായറാഴ്ചയ്ക്കകം കേസ് തെളിയിക്കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ഈ കേസ് സി.ബി.ഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സി.ബി.ഐക്ക് കൈമാറാന്‍ തന്നെയാണ് തീരുമാനം" ഡോക്ടറുടെ വീട് സന്ദര്‍ശിച്ച ശേഷം മമത പറഞ്ഞു. പ്രതികളായവരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യമെങ്കില്‍ അവരെ തൂക്കിലെറ്റുമെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സിവിക് വളണ്ടിയറായ സഞ്ജയ് റോയ്യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ, കൂസലില്ലാതെ പ്രതി

അതേസമയം പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് 2019 മുതല്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു. 2019-ല്‍ കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തിലാണ് സഞ്ജയ് റോയ് സിവിക് വൊളണ്ടിയറായി ചേര്‍ന്നത്. പിന്നീട് പോലീസ് വെല്‍ഫയര്‍ സെല്ലിന്റെ കീഴില്‍ വൊളണ്ടിയറായി. ഈ കാലയളവിലാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ പോലീസ് ഔട്ട്പോസ്റ്റില്‍ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം, പോലീസിനെ സഹായിക്കല്‍ എന്നിവയാണ് സിവിക് വൊളണ്ടിയറുടെ ഡ്യൂട്ടി. മാസം 12,000 രൂപയും ശമ്പളമായി നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സഞ്ജയ് റോയിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു. അതിനിടെ, ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റില്‍ ജോലിചെയ്തിരുന്ന സഞ്ജയ് റോയി ആശുപത്രിയിലെത്തുന്നവരില്‍നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റാകാനും രോഗികള്‍ക്ക് കട്ടില്‍ ഉറപ്പുവരുത്താനും രോഗികളുടെ ബന്ധുക്കളില്‍നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് വിവരം. ആശുപത്രിയില്‍ സൗകര്യമില്ലെങ്കില്‍ സമീപത്തെ നഴ്സിങ് ഹോമുകളില്‍ കട്ടില്‍ തരപ്പെടുത്തിനല്‍കാനും പ്രതി പണം ഈടാക്കിയിരുന്നു.

സിവിക് വൊളണ്ടിയറായ സഞ്ജയ് റോയ് കൊല്‍ക്കത്ത പോലീസിലെ ഉദ്യോഗസ്ഥനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. കൊല്‍ക്കത്ത പോലീസിന്റെ ടീഷര്‍ട്ട് ധരിച്ച് കറങ്ങിനടന്നിരുന്ന ഇയാള്‍, സ്വയം പരിചയപ്പെടുത്തുമ്പോഴും പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, ഇയാളുടെ ബൈക്കില്‍ കൊല്‍ക്കത്ത പോലീസിന്റെ സ്റ്റിക്കര്‍ പതിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സഞ്ജയ് റോയ് ഒന്നിലധികം വിവാഹം കഴിച്ചിരുന്നതായും എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ടെന്നുമാണ് വിവരം. അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീലവീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, ആശുപത്രിയില്‍വെച്ച് പ്രതി നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നതായും പരാതികളുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ 31-കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റ ഡോക്ടര്‍, ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ സഹായിച്ചത്. തുടര്‍ന്ന് സഞ്ജയ് റോയിയെ ശനിയാഴ്ച തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെ, പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തിയെങ്കില്‍ താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ഇയാള്‍ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പോലീസിന് മറുപടി നല്‍കിയത്. വേണെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.