- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പണം വാങ്ങി സഞ്ചാരികളെ കയറ്റി ലക്ഷങ്ങള്‍ പോക്കറ്റിലാക്കുന്ന സര്‍ക്കാര്‍; പക്ഷേ അടിസ്ഥാന സുരക്ഷ പോലും ഒരുക്കുന്നില്ല; കോന്നിയിലേത് അനാസ്ഥയുടെ ബാക്കി പത്രം; ആനക്കൊട്ടിലില്‍ അഭിറാമിന്റെ ജീവനെടുത്തത് ആനത്താവള സൗന്ദര്യവല്കരണ അഴിമതിയോ? ആ കാല പഴക്കം ചെന്ന തൂണുകള്‍ ചര്‍ച്ചയാകുമ്പോള്‍
പത്തനംതിട്ട: കോന്നിയില്‍ കണ്ടതാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ യഥാര്‍ത്ഥ ചിത്രം. പണം വച്ച് ആളെ കയറ്റി ലക്ഷങ്ങള്‍ ഖജനാവിലേക്ക് എത്തിക്കുന്ന സര്‍ക്കാര്‍. പക്ഷേ അപകടകരമായത് കണ്ടാലും മാറ്റില്ല. പത്തനംതിട്ട കോന്നി ആനക്കൊട്ടിലിലെ അപകടത്തില്‍ നാലു വയസുകാരന്‍ മരിച്ചതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. അടൂര്‍ കടമ്പനാട് അജിയുടെയും ശാരിയുടെയും മകന്‍ അഭിറാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണില്‍ പിടിച്ചപ്പോള്‍ തൂണ്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ടായിരുന്നു. കുട്ടിയെ ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും അവസ്ഥ ഇതു തന്നെയാണ്. ഭാഗ്യമുണ്ടെങ്കില്‍ സന്ദര്‍ശകര്‍ക്ക് ജീവനുമായി പോകാം. അടിസ്ഥാന പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കാത്തതിന്റെ ഫലമാണ് കോന്നി അപകടം. ദിവസേന ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ നല്ല വരുമാനം സഞ്ചാരികളില്‍ നിന്നും വനംവകുപ്പിന് കിട്ടുന്നു. പക്ഷേ സന്ദര്‍ശകര്‍ക്ക് രക്ഷയൊരുക്കാന്‍ വേണ്ടതൊന്നും ചെയ്യുന്നുമില്ല.
അപകടത്തെ കുറിച്ച് കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും. രാവിലെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേരി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഫോട്ടോയെടുക്കാനായി തൂണില്‍ പിടിച്ച് കളിച്ചപ്പോഴാണ് തൂണ്‍ കുട്ടിയുടെ ദേഹത്തേക്കു വീണത്. ആനത്താവള സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. അതായത് കോടികളുടെ അഴിമതിയാണ് ഇത്തരം സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നടക്കുന്നത്. തൂണ് സ്ഥാപിച്ച കരാറുകാരനെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. എന്നാല്‍ അതിലേക്കൊന്നും നടപടികള്‍ നീങ്ങില്ല. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എയും പ്രതികരിച്ചു.
ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടില്‍ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയണമായിരുന്നു. 5 വനം വകുപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ആ സമയത്ത് ചുമതലയുണ്ടായിരുന്നത് അതില്‍ ഒരാള്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു. വനംമന്ത്രി എ കെ ശശീന്ദ്രന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോന്നി ആനക്കൂട്ടില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. നടത്തിപ്പുകാരുടെ വീഴ്ച മൂലം അപകടങ്ങള്‍ ഇനി ഉണ്ടാകരുത്. വീഴ്ച ഉണ്ടായ ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ശനമായ നടപടി ഉണ്ടാകണം. താല്‍കാലികമായി ആനക്കൂട് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി എല്ലാ വിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയുളൂ എം എല്‍ എ പറഞ്ഞു.
ഉച്ചയ്ക്ക് 12 .30 മണിയോടെയാണ് അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കുട്ടി എത്തുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് തൂണില്‍ പിടിച്ചതോടെയാണ് കുട്ടിയുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ വീഴുന്നത്.കുട്ടിയുടെ നെറ്റിയിലായിരുന്നു തൂണ്‍ വീണത്, വീഴ്ചയില്‍ കുട്ടിയുടെ തല തറയില്‍ ഇടിക്കുകയും ഗുരുതരമായി മുറിവേല്‍ക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു.