പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടി നിലത്ത് വീണപ്പോള്‍ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തില്‍ മുറിവേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാവില ഉണ്ടായ അപകടത്തില്‍ കടമ്പനാട് തോയിപ്പാട്ട് വീട്ടില്‍ അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിറാം (നാല്്) ആണ് മരിച്ചത്. കുട്ടിയുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

അതേസമയം ആനക്കൂട്ടിലെ അപകടം സംബന്ധിച്ച് കോന്നിയുടെ ചുമതല വഹിക്കുന്ന റാന്നി ഡി.എഫ്.ഓ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ല. സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്ക് തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.

അഭിരാമിന്റെ ജീവനെടുത്ത അപകടത്തില്‍ കോന്നി ഇക്കോ ടൂറിസത്തിന് കീഴിലെ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ നടപ്പാതയോട് ചേര്‍ന്ന് നിലനിര്‍ത്തി. നാല് വയസുകാരന്‍ ചുറ്റിപിടിച്ചപ്പോള്‍ താഴെവീഴുന്ന അവസ്ഥയിലായിരുന്നു. നിശ്ചിത ഇടവേളകളില്‍ ആനത്താവളത്തില്‍ സുരക്ഷ പരിശോധന നടത്തണം, അതുണ്ടായില്ല. കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംഭവത്തില്‍ കര്‍ശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.