- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അജാസ് ഇടിക്കും, ഞാന്‍ രക്ഷിക്കും'; പിണങ്ങിയ കാമുകിയെ വീണ്ടും വളയ്ക്കാന്‍ രഞ്ജിത്തിന്റെ 'ക്രൂരമായ മാസ്റ്റര്‍ പ്ലാന്‍'! കാറിടിച്ച് വീഴ്ത്തി രക്ഷകന് ചമഞ്ഞ് ഹീറോയാകാന്‍ ഇറക്കിയ നാടകം പൊളിഞ്ഞത് യുവതിയുടെ ഒരൊറ്റ സംശയത്തില്‍; 90-കളിലെ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ; കാമുകനും സുഹൃത്തും ഒടുവില്‍ അഴിക്കുള്ളിലായത് ഇങ്ങനെ
കാമുകനും സുഹൃത്തും ഒടുവില്‍ അഴിക്കുള്ളിലായത് ഇങ്ങനെ
പത്തനംതിട്ട: ഇത് രണ്ടുപേരില്‍ ആരുടെ ഐഡിയ ആയാലും കുറച്ചുകടന്ന കൈയായി പോയി. കാമുകിയുടെയും, വീട്ടുകാരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍, രക്ഷക വേഷം ചമഞ്ഞ യുവാവിനും സുഹൃത്തിനും ഇപ്പോള്‍ അഴിയെണ്ണേണ്ട ഗതികേടാണ്. കാമുകിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനെയും സൂഹൃത്തിനെയും പത്തനംതിട്ട പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന്‍ (24),കോന്നിത്താഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.
ജെന്‍സികള്‍ വളരെ പ്രായോഗിക ബുദ്ധിയുള്ളവരെന്നും പ്രണയം അടക്കമുളള സംഭവങ്ങളെ കൂള്‍ കൂളായി കൈകാര്യം ചെയ്യുന്നവരും എന്നാണ് വയ്പ്. എന്നാല്‍, ഈ സംഭവത്തില്‍, പ്രണയപരവശനായി പോയ കാമുകന്‍ വലിയ അതിസാഹസമാണ് കാട്ടിയത്. പിണങ്ങിപ്പോയ കാമുകിയെ തിരിച്ചുകിട്ടാന്‍ അവളെ കാറിടിച്ച് വീഴ്ത്തി 'രക്ഷകനായി' അവതരിക്കുക എന്ന അതിബുദ്ധി പ്രയോഗിച്ച കാമുകനും സുഹൃത്തും ഒടുവില്‍ പോലീസ് പിടിയിലായി. 90-കളിലെ തട്ടുപൊളിപ്പന്‍ സിനിമകളെപ്പോലും വെല്ലുന്ന തിരക്കഥയുമായി ഇറങ്ങിയ യുവാക്കള്‍ക്ക് പാളിയത് ഒരൊറ്റ സംശയത്തിലാണ്.
പിണക്കം തീര്‍ത്ത് ഹീറോ ആകാന്‍ പ്ലാന്‍
യുവതിയും രഞ്ജിത്തും അടുപ്പത്തിലായിരുന്നെങ്കിലും അടുത്തകാലത്ത് പിണക്കത്തിലായി. ഫോണ്‍ കോളുകള്‍ എടുക്കാതായി. ആകെ അസ്വസ്ഥനായ രഞ്ജിത്തിന് എങ്ങനെയും യുവതിയുടെ ഇഷ്ടം വീണ്ടെടുക്കണമെന്ന ചിന്ത മാത്രമായി. സദാ ഇക്കാര്യം മാത്രം ആലോചിച്ചുനടപ്പായി. എങ്ങനെയും യുവതിയുടെ പിണക്കം മാറ്റണം. അതിനാണ് തന്നെക്കാള്‍ ഇളമുറക്കാരനായ സുഹൃത്തിനെ കൂട്ടുപിടിച്ചത്. യുവതിയുടെ പിണക്കം മാറ്റുന്നതിനൊപ്പം, യുവതിയുടെ വീട്ടുകാരുടെയും കണ്ണില്‍ 'ഹീറോ' ആകാനായിരുന്നു രഞ്ജിത്തിന്റെ പദ്ധതി. രക്ഷകനായി എല്ലാവരും അംഗീകരിക്കുന്നതോടെ, വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും രഞ്ജിത് മനക്കോട്ട കെട്ടി.
പദ്ധതി ഇങ്ങനെ
ഒരു അപകടം ആസൂത്രണം ചെയ്യുക, സുഹൃത്തായ അജാസിനെ കൊണ്ട് കാമുകിയെ കാറിടിപ്പിക്കുക. രക്ഷകനായി എത്തുക. അപകടം നടന്ന ഉടന്‍ അവിടെ പ്രത്യക്ഷപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിക്കുക. നല്ല പിള്ളയാവുക. നാട്ടുകാരോടും വീട്ടുകാരോടും യുവതിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കുക.
ഡിസംബര്‍ 23-ലെ വൈകുന്നേരം
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകിട്ട് 5.30 മണിയോടെ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഒന്നാം പ്രതിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടാം പ്രതി കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റ് എന്ന സ്ഥലത്ത് വെച്ച് സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു. പിന്നാലെ ഇന്നോവ കാറില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ വെച്ച് യുവതിയുടെ വലതുകൈക്കുഴയ്ക്ക് സ്ഥാനഭ്രംശവും ചെറുവിരലിന് പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിന് വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി
കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു യുവതി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അജാസ് കാറുമായി യുവതിയെ പിന്തുടര്‍ന്നു. തൊട്ടുപിന്നാലെ മറ്റൊരു കാറില്‍ രഞ്ജിത്തുമുണ്ടായിരുന്നു. വാഴമുട്ടം ഈസ്റ്റില്‍ വെച്ച് അജാസ് ഓടിച്ച കാര്‍ യുവതിയെ ഇടിച്ച് തെറിപ്പിച്ചു. പ്ലാന്‍ പ്രകാരം അജാസ് കാര്‍ നിര്‍ത്താതെ പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ 'അവിചാരിതമായി' എന്ന ഭാവേന രഞ്ജിത്ത് അവിടെയെത്തി. അപകടത്തില്‍പ്പെട്ടത് തന്റെ ഭാര്യയാണെന്ന് നാട്ടുകാരോട് വിളിച്ചുപറഞ്ഞ ഇയാള്‍, സങ്കടം അഭിനയിച്ച് യുവതിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. യുവതിയുടെ കൈക്കുഴ തെറ്റുകയും ശരീരമാകെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പണി കൊടുത്തത് ആ 'മിന്നല്‍ വേഗത'
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിക്ക് ചില കാര്യങ്ങളില്‍ പന്തികേട് തോന്നി. അപകടം നടന്ന കൃത്യം സെക്കന്‍ഡില്‍ രഞ്ജിത്ത് അവിടെ എങ്ങനെയെത്തി? നാട്ടുകാരോട് തന്നെ 'ഭാര്യ' എന്ന് വിശേഷിപ്പിച്ചത് എന്തിന്? ഈ സംശയങ്ങള്‍ യുവതി പോലീസിനോട് പങ്കുവെച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കളി മാറി. അപകടം ഉണ്ടാക്കിയ കാറിന് തൊട്ടുപിന്നാലെ രഞ്ജിത്തിന്റെ കാറും കൃത്യമായി വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഫോണ്‍ റെക്കോര്‍ഡുകള്‍ കൂടി പരിശോധിച്ചതോടെ രഞ്ജിത്തും അജാസും തമ്മിലുള്ള ഗൂഢാലോചന പുറത്തായി.
വധശ്രമത്തിന് കേസ്
കാമുകിയുടെ പ്രീതി പിടിച്ചുപറ്റാന്‍ സ്വന്തം കാമുകിയെ തന്നെ കൊല്ലാന്‍ ശ്രമിച്ച രഞ്ജിത്തിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രക്ഷകനാകാന്‍ പോയ രഞ്ജിത്ത് ഇപ്പോള്‍ അഴിക്കുള്ളിലായി.




