- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിമണ്ണ് കലര്‍ന്ന പാടശേഖരത്തില്‍ കൂടി അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡ് മുഴുവന്‍ പുനര്‍നിര്‍മിക്കേണ്ടി വരും; ഉറപ്പ് കുറഞ്ഞ കളിമണ്ണുള്ള പാടശേഖരത്തില്‍ 45 മീറ്റര്‍ വീതിയില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുമ്പോള്‍ അടിയിലെ മണ്ണിന്റെ ഭാരവാഹകശേഷി കൂട്ടിയില്ല; കൂരിയാട് സംഭവിച്ചത് വന്‍ പിഴവ്; ദേശീയ പാതയില്‍ ആശങ്ക മാത്രം
കോഴിക്കോട്: മലപ്പുറത്തെ കൂരിയാട് ഭാഗത്ത് ദേശീയപാത 200 മീറ്ററിലധികം നീളത്തില്‍ തകര്‍ന്നതിന്റെ പ്രധാന കാരണം നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്ന് വിലയിരുത്തല്‍. പാടശേഖരത്തിലെ മണ്ണ് കളിമണ്ണാണ്. വേനലില്‍ ഇതിന് ഉറപ്പുണ്ടാകും. മഴക്കാലത്ത് വെള്ളം വലിച്ചെടുക്കും. ഭാരം കൂടുമ്പോള്‍ അതു താഴ്ന്നുപോകും. ഇതാണ് കൂരിയാട് സംഭവിച്ചത്.
കളിമണ്ണ് കലര്‍ന്ന പാടശേഖരത്തില്‍കൂടി അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡ് മുഴുവന്‍ പുനര്‍നിര്‍മിക്കേണ്ടിവരും. ഉറപ്പ് കുറഞ്ഞ കളിമണ്ണുള്ള പാടശേഖരത്തില്‍ 45 മീറ്റര്‍ വീതിയില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുമ്പോള്‍ അടിയിലെ മണ്ണിന്റെ ഭാരവാഹകശേഷി വര്‍ധിപ്പിക്കേണ്ടതായിരുന്നു. കളിമണ്ണ് മഴക്കാലത്ത് വെള്ളം വലിച്ചെടുക്കുന്നതിനാല്‍ ഭാരവാഹകശേഷി തീരെ കുറവാണ്. ഇത് തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. ഇതാണ് ദുരന്തത്തിന് കാരണമായത്. കളിമണ്ണില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണ്, 60 സെന്റിമീറ്റര്‍ ഉയരത്തില്‍ മെറ്റല്‍, ഓടുന്ന വാഹനങ്ങളുടെ ഭാരം എന്നിവ വരുമ്പോള്‍ ഉണ്ടായ പ്രശ്‌നമാണ് റോഡ് തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
വെള്ളക്കെട്ട് രൂപപ്പെടുന്ന വയലിലാണ് മണ്ണിട്ടു നികത്തിയത്. മണ്ണിന് നല്ല കനമുണ്ടാകും. ഒരു ചാക്ക് മണ്ണിന് 100 കിലോയോളം തൂക്കം വരും. ഇതോടൊപ്പം ധാരാളം മെറ്റലും മണ്ണിനു മുകളില്‍ നിരത്തിയിട്ടുണ്ട്. ഭാരം കൂടുമ്പോള്‍ അടിയിലെ ചെളിമണ്ണ് താഴ്ന്നുപോകുകയും വശങ്ങളിലുള്ള ചുമരുകള്‍ പൊട്ടുകയും ചെയ്യും. ഇതാണ് സംഭവിച്ചത്. കളിമണ്ണ് ബലപ്പെടുത്തിണമായിരുന്നു. ഉറപ്പുകിട്ടുന്നതിനുവേണ്ടി ഇത്തരം മണ്ണില്‍ അടുത്തടുത്ത് കുഴിയെടുത്ത് അതില്‍ മണല്‍ നിറയ്ക്കാവുന്നതാണ്. മണലും കളിമണ്ണും ചേര്‍ന്നാല്‍ ഉറപ്പുണ്ടാകും. കളിമണ്ണിനു മുകളില്‍ മണലിട്ട് ഇടിച്ചുറപ്പിച്ചാലും റോഡ് താഴ്ന്നുപോകില്ല. റോഡിന്റെ ഡിസൈന്‍ തയാറാക്കിയതിലെ അപാകതയാണ് അപകടത്തിനു വഴിവച്ചുവെന്ന നിഗമനമുണ്ട്.
ചാവക്കാട്ടെ ദേശീയപാത 66 നിര്‍മാണം നടക്കുന്ന മണത്തല ഭാഗത്തും റോഡില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അശാസ്ത്രീയമായ അപ്രോച്ച് റോഡ് നിര്‍മാണമാണ് വിള്ളലിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് ഇന്നലെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഇതും ആശങ്കയാണ്. കപ്പണത്തട്ട് പഴയ ദേശീയപാതയുടെ ഭാഗങ്ങളാണ് ഇടിഞ്ഞുവീഴാന്‍ തുടങ്ങിയത്. ഇത് പ്രദേശത്ത് ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു. കാഞ്ഞങ്ങാട്ട് വീണ്ടും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. ഏകദേശം 50 മീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. ഇതിന് പിന്നിലും റോഡ് പണിയുടെ അശാസ്ത്രീയത തന്നെയാണ് ചര്‍ച്ചയാകുന്നത്.
ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് . പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
സംസ്ഥാനത്തുടനീളം ദേശീയപാത 66ന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഉണ്ടായ അപകടം ഇതുപോലെ ഉയരമുള്ള മറ്റ് സ്ഥലങ്ങളിലും ഈ മഴക്കാലത്ത് അപകടമുണ്ടാകുമോ എന്ന ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൂരിയാട് ദേശീയപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലുള്ള ഭാഗത്താണ് 250 മീറ്ററോളം റോഡും സര്‍വീസ് റോഡും ഇടിഞ്ഞുതാണ് ഓടുന്ന കാറുകള്‍ക്ക് മേല്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചത്. ട്രാഫിക് കുറവായിരുന്ന ഉച്ചയ്ക്ക് രണ്ടരയോടെ നടന്നതിനാലാണ് വലിയ ഒരു ദുരന്തം ഒഴിവായത്. സര്‍വീസ് റോഡില്‍ കിലോമീറ്ററുകളോളം വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകര്‍ന്നത്. പാത തകര്‍ന്നതോടെയാണ് കിഴക്ക് വശത്തുള്ള സര്‍വീസ് റോഡും വയലും വിണ്ടുകീറിയത്.
കൂരിയാട് നടന്ന അപകടം നിര്‍മ്മാണം ഏതാണ്ട് അവസാന ദശയിലെത്തിയപ്പോഴാണ് എന്നതിനാല്‍ നിര്‍മ്മാണത്തിലെ പാകപ്പിഴയാണോ ഇതിനിടയാക്കിയതെന്ന സംശയം ഉണര്‍ത്തുന്നുണ്ട്. മതിയായ അടിത്തറ കെട്ടാതെയാണ് 30 അടിയിലധികം ഉയരത്തില്‍ പാത കെട്ടിപ്പൊക്കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പടുത്തുയര്‍ത്തിയ കട്ടകളില്‍ വിള്ളലുകള്‍ വീണിരുന്നു. ഇത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിള്ളലുകളില്‍ സിമന്റിട്ട് അടയ്ക്കുകയാണ് ചെയ്തത്.