കൊച്ചി: കോതമംഗലത്ത് വിഷം ഉള്ളില്‍ ചെന്ന് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പെണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി അന്‍സിലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം.

അന്‍സിലിനെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്ത് സമ്മതിച്ചതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് തെളിഞ്ഞാല്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. പെണ്‍സുഹൃത്തുമായി അന്‍സിലിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന് ബന്ധു മുജീബ് മാധ്യമങ്ങളോടു പറഞ്ഞു. അഞ്ഞൂറ് മില്ലിയോളം വിഷം ഉള്ളില്‍ചെന്നെന്നാണ് അന്‍സല്‍ ആംബുലന്‍സില്‍വെച്ച് സഹോദരനോട് പറഞ്ഞത്. എന്നാല്‍, എന്തില്‍ കലര്‍ത്തിയാണ് വിഷം നല്‍കിയതെന്ന് അന്‍സില്‍ പറഞ്ഞില്ലെന്നും മുജീബ് കൂട്ടിച്ചേര്‍ത്തു.

നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞത്. അന്‍സില്‍ വിളിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരം അറിയുന്നത്. മകന്‍ വിഷംകഴിച്ച് കിടപ്പുണ്ട്, എടുത്തുകൊണ്ട് പൊയ്ക്കോളൂ എന്ന് അന്‍സിലിന്റെ ഉമ്മയെയും മകനെയും വിളിച്ച് യുവതി പറഞ്ഞു. യുവതിയും അന്‍സിലും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. മുന്‍പ് ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടാവുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്, ബന്ധു കൂട്ടിച്ചേര്‍ത്തു.

മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകനാണ് മരിച്ച അന്‍സില്‍ (38). വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

ചേലാട് സ്വദേശിയാണ് അന്‍സിലിന്റെ പെണ്‍സുഹൃത്ത്. ചേലാട്ടെ ഒരു കടയില്‍നിന്നാണ് കീടനാശിനി വാങ്ങിയത്. ഇതിന്റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. 29-ാം തീയതിയാണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30-ാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തന്റെയുള്ളില്‍ വിഷം ചെന്നെന്ന കാര്യം അന്‍സില്‍ തിരിച്ചറിയുന്നതും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും.