- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കെട്ടിടം ഇടിഞ്ഞു വീഴുന്നത് കണ്ട് ഞങ്ങൾ പേടിച്ചുപോയി; മോന്‍..ഇന്നലെയായിരുന്നു ഓപ്പറേഷന്‍; അവനെ കട്ടിലോടെ എടുത്ത് ഓടി; തകർന്ന കെട്ടിടത്തിനോട് ചേർന്ന് നിരവധി രോഗികൾ ഉണ്ടായിരിന്നു..!'; കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം നേരിൽ കണ്ടവരുടെ ഭയപ്പെടുത്തുന്ന പ്രതികരണങ്ങൾ പുറത്ത്; വേദനിപ്പിക്കുന്ന ഓർമയായി ബിന്ദു!
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ബിന്ദുവിന്റെ വിയോഗത്തിന് ഇനി ആര് ഉത്തരം പറയും? എന്നാണ് പലരും ചോദിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആരോപണങ്ങൾ ഉണ്ട്. ഇപ്പോഴിതാ, ദുരന്തം നേരിൽ കണ്ടവരുടെ ഭയപ്പെടുത്തുന്ന പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ഒറ്റ നിമിഷം കൊണ്ട് തകർന്നുവീണ കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടവർ പറഞ്ഞു. എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള രോഗികളെ അവിടെ പ്രവേശിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. രോഗികളെ കൂട്ടിരിപ്പുകാര്‍ കട്ടിലോടെ താങ്ങിപിടിച്ചാണ് പുറത്തേക്ക് എത്തിച്ചതെന്നും രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.
കൂട്ടിരിപ്പുകാരുടെ വാക്കുകൾ...
'ഭക്ഷണം കഴിച്ച ശേഷം അവിടെ ഞങ്ങൾ ഇരിക്കുകയായിരുന്നു. അപ്പോൾ ഡോക്ടര്‍മാരെല്ലാം വന്നുപോയിരുന്നു. പോയി അവിടെ ഇരിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ അപ്പുറത്തെ സൈഡില്‍ നിന്ന് തന്നെ കെട്ടിടം ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയായിരുന്നു. എന്റെ മോന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുവായിരുന്നു. ഇന്നലെയായിരുന്നു അവന് ഓപ്പറേഷന്‍ കഴിഞ്ഞത്. ഞങ്ങള്‍ കട്ടിലോടെ മോനെ എടുത്ത് ഓടി. അതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയത്.
കെട്ടിടം ഇടിഞ്ഞു വീണപ്പോള്‍ എല്ലാവരും പേടിച്ചുപോയി. ജീവനും കൊണ്ട് ഓടുകയായിരുന്നു. ഞങ്ങള്‍ക്ക് ഒന്നും വേണ്ടായിരുന്നു. ഇന്നലെ ഓപ്പറേഷന്‍ കഴിഞ്ഞ കുഞ്ഞാണ് അവനെ ജീവനോട് കിട്ടി. ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് എന്റെ കുഞ്ഞ് ഇവിടെ കിടക്കുന്നത്.
ഞങ്ങള്‍ ഇരുന്ന കെട്ടിടം തന്നെയാണ് ഇടിഞ്ഞു വീണത്. അവിടെ നിന്ന എല്ലാ രോഗികളെയും തോളിലും കട്ടിലിലും താങ്ങിപിടിച്ചാണ് ഇവിടെ കൊണ്ടുവിട്ടത്. കെട്ടിടം താഴോട്ട് പതിക്കുന്നതാണ് കണ്ടത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തില്‍ എല്ലാ തരം രോഗികളും ആ സമയത്ത് ഉണ്ടായിരുന്നു. കട്ടിലുകള്‍ നിരക്കി നിരക്കിയാണ് രോഗികളെ മാറ്റിയത്. തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികള്‍ ഒരുപാട് ഉണ്ടായിരുന്നു. ബില്‍ഡിങ് പഴയതാണെങ്കില്‍ രോഗികളെ അതിനടുത്ത് പ്രവേശിപ്പിക്കരുത്,'' രോഗിയുടെ ബന്ധു തുറന്നുപറഞ്ഞു.
അതേസമയം, രാവിലെ കെട്ടിടം തകര്‍ന്നുവീണെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദു (52)വിനെ പുറത്തെടുക്കുന്നത് ഒരുമണിയോടെയായിരുന്നു. ഈ അനാസ്ഥയാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. തിരച്ചില്‍ പോലും തുടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് അറിയുമ്പോഴാണ് നഷ്ടപ്പെടുത്തിയ സമയത്തിന് ജീവന്റെ വില നല്‍കേണ്ടി വന്നില്ലേ എന്ന ചോദ്യം ഉയരുന്നത്.
ഉപയോഗിക്കാത്ത കെട്ടിടമാണെന്ന മന്ത്രിമാരുടെ വിശദീകരണവും ആ ഉറപ്പില്‍ ആദ്യഘട്ടത്തില്‍ ആരും പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതും ഈ ദുരന്തത്തിന് കാരണമാണ്. രണ്ടര മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടയില്‍ കിടന്ന ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സമയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തി, വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവില്‍ ഉപയോഗത്തിലില്ലാത്ത, ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാല്‍ പരിക്കുകളോടെ കണ്ടെത്തിയ മൂന്നുപേരൊഴികെ വേറെയാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാല്‍, അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകള്‍ അറിയിച്ചതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയത്.
തുടര്‍ന്ന് 12.30-ഓടെയാണ് അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. ഒരുമണിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
അപകടം നടന്ന അരമണിക്കൂറിനകം മന്ത്രി വി.എന്‍ വാസവനും വീണാ ജോര്‍ജും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി. ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും കൂടുതല്‍ ആര്‍ക്കും അപകടത്തില്‍ അപായം സംഭവിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുകയാണ് ആദ്യഘട്ടത്തില്‍ മന്ത്രിമാര്‍ ചെയ്തത്. അത് രക്ഷാദൗത്യം പോലും വൈകിച്ചു. പഴയ കെട്ടിടമായതിനാലും വാര്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന എന്ന അറിവില്‍ ആരും അവിടെ എത്താനിടയില്ലെന്ന നിഗമനത്തിലേക്ക് വളരെ വേഗം എല്ലാവരും എത്തി. അപകടം നടന്ന സ്ഥലത്തുവെച്ചും ആരോഗ്യമേഖലയില്‍ പ്രകടമായ വികസനത്തേക്കുറിച്ച് വാചാലരാകാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോര്‍ജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് ഗുരുതരമായ വീഴ്ചയെന്ന് ചാണ്ടി ഉമ്മന്‍ എംല്‍എ കുറ്റപ്പെടുത്തി.
അപകടസമയത്ത് കെട്ടിടത്തില്‍ നിന്ന് രോഗികള്‍ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായ പുതിയ കെട്ടിടം തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. ആരോഗ്യ മേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. അപര്യാപ്തകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹരിക്കണമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.