- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചുവരുകളും മേല്‍ക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയില്‍; കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ അതീവ ഗുരുതരാവസ്ഥയില്‍; 60 വര്‍ഷം മുമ്പ് പണിത കെട്ടിടത്തില്‍ വര്‍ഷങ്ങളായി പെയിന്റടി മാത്രം; എന്തെങ്കിലും സംഭവിക്കാന്‍ കാത്ത് നില്ക്കുകയാണോ സര്‍ക്കാരെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ അതീവ ഗുരുതരാവസ്ഥയില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ദയനീയ ദൃശ്യങ്ങളും പുറത്ത്. കെട്ടിടം പ്രവര്‍ത്തിക്കുന്നത് അതീവ അപകടാവസ്ഥയിലാണ്. 60 വര്‍ഷം മുമ്പ് പണിത ഹോസ്റ്റലിലാണ് വിദ്യാര്‍ഥികള്‍ ഇപ്പോഴും താമസിക്കുന്നത്. കെട്ടിടത്തിന്റെ ചുവരുകളും മേല്‍ക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണ കെട്ടിടം പണിത അതേ കാലയളവില്‍ തന്നെയാണ് ഈ ഹോസ്റ്റലും പണിതിരിക്കുന്നത്.
പല തവണ പരാതി നല്‍കി. ജനപ്രതിനിധികളേയും കോളേജ് സൂപ്രണ്ടിനെയുമടക്കം കണ്ട് പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പെയിന്റടിക്കുക മാത്രമാണ് വര്‍ഷങ്ങളായി ചെയ്തുവരുന്നത്. അറ്റകുറ്റപണികള്‍ കൊണ്ട് മാത്രം കാര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
സര്‍ക്കാര്‍ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മന്‍. കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികള്‍ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മന്‍. സാധാരണക്കാരന്റെ മക്കള്‍ക്ക് ഇത്ര മതി എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കെട്ടിടം ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ഹോസ്റ്റലിലെ പല മുറികളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പഴയ കെട്ടിടത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളില്‍ അടര്‍ന്നുവീഴുകയാണ്.
പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോര്‍ഡുകളില്‍ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‌ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഒരു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്‌ലറ്റ് കെട്ടിടം പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലില്‍ കഴിയുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് പലതവണ കത്ത് കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ഏതു നിമിഷവും തകരുന്ന നിലയിലാണ് കെട്ടിടം എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.