ഏറ്റുമാനൂര്‍ : കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം ആവശ്യപ്പെട്ടായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള മുതിര്‍ന്ന കുട്ടികളുടെ ക്രൂരമായ ആക്രമണം. എല്ലാ ഞായറാഴ്ചകളിലും മദ്യപിക്കാന്‍ ഒന്നാംവര്‍ഷക്കാരില്‍നിന്ന് പ്രതികള്‍ പണം ആവശ്യപ്പെടുമായിരുന്നു.

പണം കിട്ടാതെ വരുമ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ തങ്ങളുടെ മുറികളിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടായിരുന്നു സീനിയേഴ്സിന്റെ കൊടിയ മര്‍ദനം. ഹോസ്റ്റല്‍ മുറിയിലെ പീഡനത്തില്‍ ആദ്യം പരാതി നല്‍കിയത് റാഗിങ്ങിനിരയായ കുട്ടിയുടെ അച്ഛനാണ്. മാസങ്ങള്‍ക്ക് മുമ്പേ ക്രൂരമായ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിരുന്നെങ്കിലും വീണ്ടും മര്‍ദിക്കുമോ എന്ന ഭയത്താല്‍ പുറത്ത് പറയാന്‍ ഒന്നാം വര്‍ഷ കുട്ടികള്‍ ഭയന്നിരുന്നു. കഴിഞ്ഞ ഞായര്‍ രാത്രി നടത്തിയ ആക്രമണത്തോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ ഒരു കുട്ടിയെ തെരഞ്ഞുപിടിച്ച് ഇവര്‍ ആക്രമിച്ചിരുന്നു.

ക്രൂരത സഹിക്കാനാവാതെ വന്നതോടെ ഈ വിദ്യാര്‍ഥി അച്ഛനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് ആറ് കുട്ടികളില്‍നിന്ന് പരാതി സ്വീകരിച്ചു. ഗാന്ധിനഗര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളാക്കപ്പെട്ടവരെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ ആന്റി റാഗ്ഗിങ് സെല്‍ രൂപീകരിച്ചു. ഇതിന് മുമ്പ് ഇങ്ങനെയുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഹോസ്റ്റലിലെ കുട്ടികള്‍ക്ക് പൂര്‍ണസംരക്ഷണം ഒരുക്കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ കേരള ഗവ. സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളായിരുന്നു. കെജിഎസ്എന്‍എയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അഞ്ച് വിദ്യാര്‍ഥികളെയും 11 ന് തന്നെ പുറത്താക്കിയിരുന്നു. റാഗിങ്ങിന് വിധേയരായ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂര്‍ണ പിന്തുണ നല്‍കാനും കെജിഎസ്എന്‍എ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് അശ്വതി അജയന്‍ അറിയിച്ചു.

ക്രൂരമായ മര്‍ദനം അഴിച്ചുവിടുമ്പോഴും ശബ്ദം പുറത്ത് പോകാതിരിക്കാന്‍ പ്രതികള്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. ഹോസ്റ്റലിന്റെ ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയിലായാണ് സീനിയേഴ്സിന്റെ റൂം. നിലവിളിച്ചാല്‍ ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത, ഉള്ളിലേക്ക് ഒതുങ്ങിയ മുറിയിലാണ് ക്രൂരപീഡനം നടന്നത്. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ പ്രതികള്‍ സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ച ശേഷമായിരുന്നു കുട്ടികളെ മര്‍ദിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഈ മുറികളില്‍ പാട്ടും ഡാന്‍സുമൊക്കെ സ്ഥിരമായിരുന്നു. അതുകൊണ്ട് ബഹളം കേട്ടാലും ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇത് മുതലാക്കിയായിരുന്നു പ്രതികള്‍ നിരന്തരം ആക്രമണം തുടര്‍ന്നതെന്നാണ് സിപിഎം പത്രമായ ദേശാഭിമാനിയുടെ വാര്‍ത്ത. അതായത് അവിടെ ഒരു ഇടിമുറിയുണ്ടെന്ന് ദേശാഭിമാനിയും പറയാതെ പറയുകയാണ്. നവംബര്‍ മുതല്‍ റാഗിങ്ങ് തുടരാന്‍ ഇവര്‍ക്ക് ധൈര്യം ലഭിച്ചതും ഇതെല്ലാമായിരുന്നുവെന്നാണ് പാര്‍ട്ടി പത്രം പറഞ്ഞു വയ്ക്കുന്നത്. സംഘടനാ കരുത്തും ഇവര്‍ ഗുണ്ടായിസം കാട്ടാന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നതാണ് വസ്തുത. എന്നാല്‍ ഇവരുടെ രാഷ്ട്രീയം ദേശാഭിമാനി പറയുന്നതുമില്ല.

സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന്‍ അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി.റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷനാണ് നേഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലെ സിപിഎം സംഘടന. അതുകൊണ്ട് തന്നെ എസ് എഫ് ഐ ഈ മേഖലയില്‍ യൂണിറ്റകള്‍ തുറക്കാറില്ല. അതുകൊണ്ട് ഈ റാഗിങില്‍ എസ് എഫ് ഐ രക്ഷപ്പെട്ടു. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട റാഗിങില്‍ എസ് എഫ് ഐ ഏറെ പഴി കേട്ടിരുന്നു.

നേഴ്‌സിംഗ് റാഗിംഗില്‍ അറസ്റ്റിലായ രാഹുലും റിജിലും വിവേകും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും സാമുവലും ജീവയും രണ്ടാം വര്‍ഷക്കാരുമാണ്. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ജനറല്‍ നഴ്‌സിങ് മൂന്നു വര്‍ഷ കോഴ്‌സിലെ വിദ്യാര്‍ഥികളാണ് റാഗിങ്ങിനിരയായവരും പ്രതികളും. ബോയ്‌സ് ഹോസ്റ്റലിലായിരുന്നു പീഡനം. ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് ആരംഭിച്ചത്. മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികളോട് പണം ആവശ്യപ്പെടുക, നല്‍കാത്തവരെ ക്രൂരമായി മര്‍ദിക്കുക, സീനിയേഴ്‌സിനെ കാണുമ്പോള്‍ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കില്‍ അസഭ്യം പറയുകയും കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്യുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി.

നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേല്‍പിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായില്‍ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ ഗാന്ധിനഗര്‍ പൊലീസിനു ലഭിച്ചു. ഇത്തരം ക്രൂരതകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ ഹോസ്റ്റലില്‍ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. റാഗിങ് മൂലം സഹികെട്ട ജൂനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്കു നല്‍കിയ പരാതി ഗാന്ധിനഗര്‍ പൊലീസിനു കൈമാറുകയായിരുന്നു. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ ആകെ 24 പേരാണ് താമസിക്കുന്നത്. മൂന്ന് പേര്‍ക്കാണ് ഹോസ്റ്റലിന്റെ ചുമതല. ഹൗസ് കീപ്പര്‍ ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് താമസിക്കുന്നത്. മറ്റ് രണ്ട് പേര്‍ വീടുകളിലും. രാത്രി 9.30 ആകുമ്പോള്‍ ഹോസ്റ്റല്‍ പൂട്ടി ഹൗസ് കീപ്പര്‍ ഉറങ്ങാന്‍ പോകും. ഈ സമയം നോക്കിയായിരുന്നു മര്‍ദനം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.