തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ ശിക്ഷാവിധി നാളെ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി വീണ്ടും കേട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തൂക്ക് കയർ വരെ കിട്ടാവുന്ന കുറ്റമാണ് ചെയ്തതെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും കോടതി പ്രതികളോട് ചോദിച്ചു. പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സാഹചര്യ തെളിവുകൾ മാത്രമുള്ള കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ റിസോർട്ടിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്. ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. തുടർന്ന് കണ്ടൽക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ വിധിക്കുന്നതിനെ വിചാരണ കോടതിയെ നിയമം തടയുന്നുണ്ടോയെന്ന് ജഡ്ജി സനിൽകുമാർ ചോദിച്ചു. സാഹചര്യ തെളിവുകൾ മാത്രമുള്ളതിനാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം വാദിച്ചപ്പോഴാണ് കോടതിയിൽ നിന്നും ചോദ്യമുയർന്നത്. തനിക്ക് ജീവിക്കണമെന്നും 10 വർഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ഉദയൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചു. വിധി പ്രസ്താതാവത്തിന് മുമ്പ് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഉമേഷ് ബോധിപ്പിച്ചത്.

ആദ്യം താൻ കുറ്റം ചെയ്തിട്ടില്ലെന്ന മറുപടിയാണ് പ്രതി ബോധിപ്പിച്ചത്. നിങ്ങളുടെ ഇടപെടലുകൾ കോടതി കണ്ടെത്തി നിങ്ങൾ കുറ്റക്കാരെന്ന് കണ്ടെത്തിക്കഴിഞ്ഞതിനാൽ നിരപരാധിയെന്ന് അപ്പീൽ കോടതിയിലേ ബോധിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞു. അതേ സമയം വധശിക്ഷ വിധിക്കാവുന്ന ബലാൽസംഗം , കൊലപാതകം എന്നീ കുറ്റങ്ങളാണ് നിങ്ങൾക്കതിരെ തെളിഞ്ഞിരിക്കുന്നതെന്നും തൂക്കിക്കൊലയാണ് ശിക്ഷയെന്നും നിസാരമായി കുട്ടിക്കളിയായി കണ്ടല്ല പറയുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. ശിക്ഷയിൽ ഇളവു വേണമെങ്കിൽ അക്കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടു. തുടർന്ന് താൻ കാറ്ററിങ് , കൂലിപ്പണി എന്നിവ ചെയ്താണ് ജീവിക്കുന്നതെന്നും 70 വയസായ പിതാവും 60കാരിയായ മാതാവും ഒരു സഹോദരനുമായി 2 സെന്റ് കുടുംബ വീട്ടിലാണ് താമസം. ഓപ്പറേഷൻ ആവശ്യമുള്ള അമ്മയെ നോക്കുന്നത് താനാണ്. തൽസമയം പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ആദ്യം ഉണ്ടെന്നു പറഞ്ഞ പ്രതി താൻ കുറ്റം ചെയ്തിട്ടില്ലെന്നും അതിനാൽ കുറ്റബോധമില്ലെന്നും ബോധിപ്പിച്ചു.

രണ്ടാം പ്രതി ഉമേഷ് താൻ കുറ്റം ചെയ്തിട്ടില്ലെന്നും ശിക്ഷയിൽ ഇളവു വേണമെന്നും ബോധിപ്പിച്ചു. വീട്ടിൽ 67 വയസ്സുള്ള അമ്മ , സഹോദരി എന്നിവരുടെ ആശ്രയം താനാണ്. 600 രൂപയാണ് തന്റെ ദിവസവരുമാനമെന്നും ബോധിപ്പിച്ചു. തുടർന്ന് കോടതി ശിക്ഷയിൽ വാദം കേട്ടു. ഹീനമായ കൃത്യം , കഴുത്ത് ഞെരിച്ചമർത്തി 3 എല്ലകൾ പൊട്ടലുണ്ടാക്കിയതിൽ ഇര സഹിച്ച വേദന , വിദേശ വനിത , ബലാൽസംഗത്തോടെയുള്ള കൊലപാതകം , നടപ്പാക്കിയ രീതി , വിദേശികളുടെ മനസിൽ ഉണ്ടാക്കിയ സൈക്കോസിസ് , മനുഷ്യത്വ രഹിതമായ പീഡനം ,സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത , ബലാൽസംഗവും കൊലപാതകവുമടങ്ങുന്ന 2 കുറ്റങ്ങൾ , 2018 ന് ശേഷമോ മുമ്പോ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും വീണ്ടും കേസിൽ പ്രതിയാകൽ എന്നിവയാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും വധശിക്ഷ നൽകണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് ബോധിപ്പിച്ചു.

വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാന ദണ്ഠങ്ങൾ വച്ച് വധശിക്ഷ നൽകണമെന്നും ബോധിപ്പിച്ചു. തൽസമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 (എ) ബലാൽസംഗം , 376 (ഡി) ( കൂട്ടബലാൽസംഗം) എന്നിവക്ക് ഒറ്റ ശിക്ഷ നൽകണോ അതോ വെവ്വേറെ ശിക്ഷ നൽകണമോയെന്നും കോടതി ചോദിച്ചു. കൂട്ടബലാൽസംഗ സെക്ഷ്വൽ പ്ലഷർ (ലൈംഗിക സന്തോഷം) രണ്ടു പ്രതികൾ കൂട്ടായി ആസ്വദിച്ചതിനാൽ വെവ്വേറെ നൽകാമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

28 ഉം 24 ഉം വയസ്സുള്ള പ്രതികൾക്ക് മാനസാന്തരമുണ്ടാകുമെന്നും നല്ല പൗരന്മാരായി തിരിച്ചു വരേണ്ടതാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ ദിലീപ് ബോധിപ്പിച്ചു.പ്രതികൾക്ക് മുൻ ശിക്ഷയില്ലെന്നും 2018 കേസിന് ശേഷം ഇപ്പോഴും ദിവസേന കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ്. നിർഭയ കേസ് പോലെ ഇരയെ ഉപദ്രവിച്ചിട്ടില്ലെന്നും ബോധിപ്പിച്ചു. കുറ്റബോധമോ പശ്ചാത്താപമോ കുസലോ ഇല്ലാതെ ചിരിച്ചുല്ലസിച്ച് ആണ് പ്രതികൾ കോടതിയിൽ നിന്നത്. വൃദ്ധ മാതാപിതാക്കളടങ്ങുന്ന തങ്ങളുടെ കുടുംബത്തിന്റെ ഏകാശ്രയവും ഉപജീവന മാർഗ്ഗവും തങ്ങളാണെന്നും തങ്ങളുടെ ഏക വരുമാനം വച്ചാണ് കുടുംബം കഴിയുന്നതെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പ്രതികൾ ബോധിപ്പിച്ചു.

കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങൾ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും വിചാരണ കോടതിയിൽ ഇനി പ്രതികൾക്ക് ബോധിപ്പിക്കാനാവില്ല. അപ്പീൽ കോടതിയിൽ മാത്രമേ അക്കാര്യം ഇനി ബോധിപ്പിക്കാൻ സാധിക്കുകയുള്ളു). പ്രധാന കുറ്റമായ കൊലക്കുറ്റം തെളിഞ്ഞതിനാൽ കൊലക്കയറോ ജീവപര്യന്തം തടവോ ശിക്ഷ വിധിക്കാവുന്നതാണ്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ വധശിക്ഷ വിധിക്കുകയുള്ളു.

വധ ശിക്ഷയടക്കമുള്ള ഉയർന്ന ശിക്ഷ നൽകാനായുള്ള അഗ്രവേറ്റിങ് സാഹചര്യങ്ങൾ (കുറ്റത്തിന്റെ സ്വഭാവം , പ്രതികളുടെ ലക്ഷ്യം, നടപ്പാക്കിയ രീതി , ഇരയുടെ പ്രായം , കൃത്യത്തിൽ വച്ച് ഇരക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾ , പ്രതികളുടെ പ്രായം , ഇരയുടെ നിസഹായവസ്ഥ , ശിക്ഷ) , കുറഞ്ഞ ശിക്ഷ നൽകാനുള്ള മിറ്റിഗേറ്റിങ് സാഹചര്യങ്ങൾ ( പ്രതികൾക്ക് ജയിലിൽ കിടന്ന് മാനസാന്തരത്തിനുള്ള അവസരം , പുനരധിവാസം, കുറ്റവാസന തിരുത്തി നല്ല ജീവിതത്തിലേക്ക് തിരിച്ചു വരൽ) എന്നിവ കോടതി വിലയിരുത്തും.

തുടർന്ന് ഇക്കാരണങ്ങൾ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയാവും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 235 പ്രകാരം വിധി പ്രസ്താവിക്കുന്നത്. പ്രതികളെ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 360 പ്രകാരം പ്രൊബേഷൻ ഓഫ് ഒഫന്റെഴ്‌സ് നിയമപ്രകാരം നല്ലനടപ്പിന് ശിക്ഷിക്കാമോ, മാപ്പ് നൽകി വിട്ടയക്കാവുന്ന കുറ്റമാണോ പ്രതികൾ ചെയ്തത് എന്ന കാര്യവും കോടതി വിധിന്യായത്തിൽ പരിഗണിക്കും.