കോഴിക്കോട്: കഴിഞ്ഞ അര നൂറ്റാണ്ടോളമായി ഒരേ മുന്നണി ഭരിക്കുന്നയിടം. രൂപവത്കരിച്ചത് മുതല്‍ ഇടതുചായ് വാണ് കോഴിക്കോട് കോര്‍പ്പറേഷനുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇടതുമുന്നണി ഇവിടെ കൃത്യമായ മേധാവിത്വം പുലര്‍ത്തിയത് കാണാം. 2010-ല്‍ യുഡിഎഫിന് കോര്‍പ്പറേഷനില്‍ 34 സീറ്റും എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്ക് കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. എല്‍ഡിഎഫിന്റെ നാല് സീറ്റും യുഡിഎഫിന്റെ മൂന്ന് സീറ്റും പിടിച്ചടക്കിയായിരുന്നു ബിജെപി കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്. 2020-ആവുമ്പോഴേക്കും സ്ഥിതി വീണ്ടും മാറി മറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍ നിന്ന് 17-ലേക്ക് ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴുസീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. എന്നാല്‍ ഇരുപത്തിരണ്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞു.

അരനൂറ്റാണ്ടുകാലം എല്‍ഡിഎഫ് ഭരിച്ച മാര്‍ക്സിസ്റ്റ് കോട്ട എന്ന് അറിയപ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ അവര്‍ ഇത്തവണ നേരിടുന്നത് അഗ്നിപരീക്ഷണമാണ്. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും കൊടുകാര്യസ്ഥതയും മൂലം കോര്‍പ്പറേഷന്‍ ഭരണം പ്രതിക്കൂട്ടിലായ കാലമായിരുന്നു ഇത്. മാലിന്യപ്രശ്നം, പാളയം മാര്‍ക്കറ്റ് മാറ്റം, കിഡ്സണ്‍ കോര്‍ണര്‍ പൊളിച്ചിടല്‍, തുടങ്ങിയ പല വിഷയങ്ങളിലും കോര്‍പ്പറേഷന്‍ പ്രതിക്കൂട്ടിലായി. ഈ ഭരണവിരുദ്ധവികാരം മുതലക്കാനായി ഇത്തവണ യുഡിഎഫ് കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി നേരത്തെ കളം പടിച്ചുകഴിഞ്ഞു.

ആകെയുള്ള 75 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ 76 ആയി. കഴിഞ്ഞ തവണ വനിതാ സംവരണമായിന്നു മേയര്‍ സ്ഥാനമെങ്കില്‍ ഇത്തവണ ജനറലിലേക്ക് മാറി. കഴിഞ്ഞ തവണ ഏഴ്സീറ്റുകള്‍ ജയിക്കുകയും, 22 ഇടത്ത് രണ്ടാമത് എത്തുകയും ചെയ്ത ബിജെപി നില മെച്ചപ്പെടുത്തിയാല്‍, എല്‍ഡിഎഫിന് ഭരണപോവുകയോ, തൂക്ക് സഭയുണ്ടാവുമോ ചെയ്യുമെന്ന് ഉറപ്പാണ്.

വിഎം വിനുവും ഫാത്തിമ തഹ്ലിയയും

45 വര്‍ഷത്തിനുശേഷം കോഴിക്കോടിന് ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഭരണവിരുദ്ധവികാരം മുതലെടുക്കാനായി പൊതുസമ്മതനായ, ചലച്ചിത്ര സംവിധാകയന്‍ വി എം വിനുവിനെയാണ് യുഡിഎഫ് മേയറായി ഉയര്‍ത്തിക്കാട്ടുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനിലാണ് (37ാം വാര്‍ഡ്) വി.എം. വിനു മത്സരിക്കുന്നത്.

പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനായ വിനു ചെറുപ്പകാലത്തുതന്നെ കലാരംഗത്ത് സജീവമായിരുന്നു. നാടകത്തില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിനുവിന്റെ സാന്നിധ്യം നിഷ്പക്ഷ വോട്ടര്‍മാരെ തങ്ങള്‍ക്ക് ഒപ്പം എത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗ്രൂപ്പ് വീതംവെപ്പിന് അധികംപോവാതെ, കഴിവുള്ളവരെയാണ് തങ്ങള്‍ മത്സരിപ്പിക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കെ.എസ്. ശബരിനാഥിനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. സമാനരീതിയില്‍ കോഴിക്കോടും പിടിച്ചടക്കാനാണ് യു.ഡി.എഫിന്റെ നീക്കം.

തങ്ങള്‍ക്ക് മേല്‍ വന്നിട്ടുള്ള സ്ത്രീവിരുദ്ധര്‍ എന്ന ഇമേജ് മാറ്റാനായി വനിത യുവ നേതാവിനെ കളത്തിലിറക്കിയിരിക്കയാണ് മുസ്ലീം ലീഗ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ജനവിധി തേടും. യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി.എഫിന്റെ നീക്കത്തിന്റെ ഭാഗമായാണ് തഹ്ലിയയുടെ സ്ഥാനാര്‍ഥിത്വം.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാനിരിക്കെയാണ് തഹ്ലിയയുടെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം. ആദ്യമായാണ് ഇവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. രമേശ് ചെന്നിത്തലയ്ക്കാണ് കോഴിക്കോടിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ആലോചന.

നവ്യ ഹരിദാസിനെ ഉയര്‍ത്തി ബിജെപി

കഴിഞ്ഞ തവണ ഏഴുസീറ്റ് നേടി മിന്നും പ്രകടനം കാണിച്ച ബി.ജെ.പി ഇത്തവണ ഒരു കലക്ക് കലക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞത് ഇത്തവണ പ്രവചനാതീതമാവും കോഴിക്കോട് കോര്‍പറേഷന്‍ എന്നാണ്. നിലവില്‍ 22 സീറ്റുകളില്‍ രണ്ടാമതും മൂന്ന് സീറ്റുകളില്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുമെത്തിയ പാര്‍ട്ടി ഇത്തവണ 20സീറ്റുകളെങ്കിലും അധികം നേടുമെന്നാണ് നേതാക്കളുടെ ആത്മിവശ്വാസം.

45 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ശക്തമായ മത്സരം നടത്താനാണ് ബിജെപി നീക്കം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസ് കാരപ്പറമ്പിലും, നിലവിലെ കൗണ്‍സിലര്‍ ടി. റനീഷ് പൊറ്റമ്മലും മത്സരിക്കും. മുന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ പന്നിയങ്കര ഡിവിഷനിലും, ജില്ലാ ജനറല്‍ സെക്രട്ടറി രമ്യ മുരളി നടുവട്ടത്തും ജനവിധി തേടും. മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നവ്യ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാദ്ധ്യത. ബിജെപി ജില്ല പ്രസിഡന്റ് പ്രകാശ് ബാബുവും ചാലപ്പുറം ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം മത്സരിക്കാതെ ജില്ലയുടെ പ്രചാരണചുമതലയിലേക്ക് മാറിയിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് ചുമതല.

മുസാഫറും അമിത പ്രദീപും

അതേസമയം കോഴിക്കോട് ഇടതുമുന്നണിയും കരുത്തരെ രംഗത്തിറക്കാനുള്ള നീക്കമാണ്. നിലവില്‍ ഡെപ്യൂട്ടി മേയറായ, മുസാഫര്‍ അഹമ്മദാണ്, എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ മത്സരിച്ച കപ്പക്കല്‍ വാര്‍ഡില്‍ ഇത്തവണ വനിതാ സംവരണമാണ്. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോട്ടൂളിയിലേക്ക് മാറുന്ത്. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ എംഎല്‍എയായ എ പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപും മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്. ഇവരെ ഡെപ്യൂട്ടി മേയര്‍ ആക്കാനാണ് നീക്കംമെന്നും അറിയുന്നു. മുന്‍ എംഎല്‍എകൂടിയായ എ പ്രദീപ്കുമാര്‍, ഇത്തവണ കോഴിക്കോട്ട് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവാണ്. പക്ഷേ അപ്പോഴാണ് അദ്ദേഹം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുന്നത്.

അതിനിടെ തിരുവനന്തപുരം മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ട് മത്സരിക്കുമെന്നും അഭ്യുഹങ്ങള്‍ കേട്ടിരുന്നു. ആര്യയുടെ ഭര്‍ത്താവ് സച്ചില്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയിലെ എംഎല്‍എ കൂടിയാണ്. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രവര്‍ത്തന മേഖല മാറിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചിരിക്കയാണ്. കുടുംബത്തിന്റെ കാര്യങ്ങളുള്‍പ്പടെ വ്യക്തിപരമായ വിവരങ്ങള്‍ പരാമര്‍ശിക്കും വിധം ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധ പാലിക്കണമെന്നും ഇതുവരെയും തിരുവനന്തപുരത്ത് നിന്ന് മാറുന്ന കാര്യം ഇതുവരെയും ആലോചിച്ചിട്ടില്ലെന്നും ആര്യ വ്യക്തമാക്കി. എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഇടതുമുന്നണിയെ സംബന്ധിച്ച് പഴയതുപോലെ കാര്യങ്ങള്‍ എളുപ്പമല്ല.