- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍ പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു; ബിഹാര്‍-ബിഡി പോസ്റ്റില്‍ വിടി ബല്‍റാമിന് പങ്കില്ലെന്ന് സണ്ണി ജോസഫ്; വീഴ്ച പറ്റിയത് ഡിജിറ്റല്‍ മീഡിയാ സെല്ലിലെ പ്രൊഫഷണലുകള്‍ക്ക്
തിരുവനന്തപുരം: ബീഹാര്‍-ബിഡി വിവാദ പോസ്റ്റിന് വിടി ബല്‍റാമുമായി ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിവാദ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞിരുന്നു വി.ടി. ബല്‍റാം. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് കേരളയുടെ എക്‌സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയായിരുന്നു ഈ വിവാദ പോസ്റ്റ്. തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഈ പോസ്റ്റ് പിന്‍വലിച്ചു. വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞത്. സോഷ്യല്‍ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ അറിയിച്ചിരുന്നുവെന്നും വിടി ബല്‍റാം വിശദീകരിച്ചു. അതിന് ശേഷവും ഇതിനെ ബല്‍റാമിന്റെ പിഴവായി ചിലര്‍ വ്യാഖ്യാനിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണം കെപിസിസി പുറത്തിറക്കുന്നത്.
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. അതില്‍ ശ്രദ്ധക്കുറവും അപാകതയും സംഭവിച്ചിട്ടുണ്ട്. അത് ശ്രദ്ധയില്‍പെട്ട ഉടനെ പിന്‍വലിച്ച് തിരുത്തി ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന വി.ടി. ബല്‍റാം പറഞ്ഞത്, അദ്ദേഹത്തിന്റെ അറിവോടെയല്ല പോസ്റ്റ് വന്നത് എന്ന് വീണ്ടും വിശദീകരിക്കുകയാണ് സണ്ണി ജോസഫ്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ ഐ സി സി യുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുണ്ടായില്ലെന്നും സണ്ണി ജോസഫ് വിശദീകരിക്കുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വിശദീകരണ കുറിപ്പ് ചുവടെ
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി X പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ ഐ സി സി യുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ X പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും X പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനെ ചില മാധ്യമങ്ങള്‍ വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.
വിവാദമായ X പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ട്.
ബീഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.