തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും അതൃപ്തന്‍. കെപിസിസി പുനസംഘടനയുമായി നിസ്സഹകരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. പരിഹാരമുണ്ടായില്ലെങ്കില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന ചിന്ത എ ഗ്രൂപ്പിലുണ്ട്. കടുത്ത നിലപാട് എടുക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അവര്‍ അറിയിച്ചിട്ടുണ്ട്. കെ. മുരളീധരന്‍, ചാണ്ടി ഉമ്മന്‍ എന്നിവരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ക്കു പുറമെയാണ് ഇത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പട്ടികയില്‍ തൃപ്തനല്ല. കോട്ടയം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് അദ്ദേഹം നിര്‍ദേശിച്ച ഫില്‍സണ്‍ മാത്യൂസിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലൂടെ ജില്ലാ അധ്യക്ഷനായി പരിഗണിക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. തന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്ന തോന്നല്‍ സതീശനുണ്ട്. വിവിധ സഭാവിഭാഗങ്ങളും പരാതിയുയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കമാണ്ട് നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും. കെപിസിസി സെക്രട്ടറിയായി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. പുനഃസംഘടനയ്ക്കുശേഷമുള്ള ആദ്യ നേതൃയോഗം വ്യാഴാഴ്ച ചേരും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഈ യോഗത്തില്‍ സതീശന്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കും.

എഗ്രൂപ്പ് കടുത്ത നിരാശയിലാണ്. ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളുമായിരുന്ന ചില നേതാക്കന്മാരുടെ പേര് വിവിധ സ്ഥാനങ്ങളിലേക്ക് എ ഗ്രൂപ്പ് നല്‍കിയിരുന്നു. കെ.പി. ധനപാലന്‍, അബ്ദുറഹ്‌മാന്‍ ഹാജി, കെ.സി. അബു എന്നിവര്‍ക്ക് എ ഗ്രൂപ്പ് മുന്‍ഗണനനല്‍കിയിരുന്നു. മുന്‍പ് കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാന്റെ പേരും മുന്നോട്ടുവെച്ചു. എന്നാല്‍, ഇവരൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിലെ അതൃപ്തി എഐസിസിയെ എ ഗ്രൂപ്പ് അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം എ ഗ്രൂപ്പിനെ തടയുന്നു. കെ സി വേണുഗോപാല്‍ സ്വന്തം താല്‍പ്പര്യം വച്ച് സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. മറ്റ് ഗ്രൂപ്പുകളെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് സൂചന.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് ചെമ്പഴന്തി അനിലെന്ന നിര്‍ദേശവും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷനായി ചുമതല നോക്കുന്ന എന്‍. ശക്തനെ കെപിസിസി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം ജില്ലാ അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് സൂചന. കെ. മുരളീധരന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നിര്‍ദേശിച്ച ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാന്‍ കെ.പി. ഹാരിസിന്റെ പേരും പരിഗണിക്കപ്പെട്ടില്ല. ജനറല്‍ സെക്രട്ടറിയായിരുന്ന മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. ചാണ്ടി ഉമ്മന്റെ പേര് എ ഗ്രൂപ്പ് രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിര്‍ദേശിച്ചിരുന്നു. അബിന്‍ വര്‍ക്കിയെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കെ.സി. വേണുഗോപാല്‍ പിടിച്ചെടുത്തെന്ന പരാതി രമേശ് ചെന്നിത്തലയും ഉന്നയിച്ചു.

സാമുദായിക സമവാക്യങ്ങളെല്ലാം നോക്കിയാണ് ജനറല്‍ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പട്ടിക തയ്യാറാക്കിയതെങ്കിലും ഫലത്തില്‍ സാമുദായിക സംഘടനകളെല്ലാം എതിരായി. സെക്രട്ടറിമാരുടെ പട്ടികയും എക്സിക്യൂട്ടീവ് കമ്മറ്റിയെയും ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. കെപിസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാരവാഹി പട്ടികയാണ് ഇത്തവണത്തേത്. ഒരുകാലത്ത് വൈസ് പ്രസിഡന്റ് പദവി ഇല്ലാതിരുന്ന കെപിസിസിക്ക് പിന്നീട് ഒന്നും മൂന്നും ഒക്കെയായി ഇപ്പോള്‍ 13 പേരായിട്ടും തര്‍ക്കം ബാക്കിയാണ്. 13 വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് വനിത. സീനിയര്‍ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ ഒഴിവാക്കി രമ്യ ഹരിദാസിനെയാണ് വൈസ്പ്രസിഡന്റാക്കിയത്. 59 ജനറല്‍ സെക്രട്ടറിമാരെ നിശ്ചയിച്ചിട്ടും താന്‍ നിര്‍ദേശിച്ചവരെ ഒഴിവാക്കിയെന്ന് പ്രതിഷേധിച്ച കെ മുരളീധരനും രമേശ് ചെന്നിത്തലയും സെക്രട്ടറിമാരുടെ പട്ടിക വരാന്‍ കാത്തിരിക്കുകയാണ്.

80 പേരുള്‍ക്കൊള്ളുന്ന സെക്രട്ടറിമാരുടെ പട്ടിക തയ്യാറായിരുന്നു. എന്നാല്‍, ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ സെക്രട്ടറിമാരുടെ എണ്ണം 118 എങ്കിലുമാക്കേണ്ടതുണ്ട് എന്നതിനാല്‍ ഇത് പരസ്യപ്പെടുത്തുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ടു സെക്രട്ടറിമാര്‍ എന്നാണ് കണക്ക്. വ്യാഴാഴ്ച ചേരുന്ന ഭാരവാഹി യോഗത്തിലേക്ക് രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ വിളിച്ചിട്ടില്ല.