- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഡിക്കെതിരെ വീണ്ടും പടയൊരുക്കവുമായി കെഎസ്; പോലീസ് മര്‍ദ്ദനത്തില്‍ സതീശന് മൃദുസമീപനമെന്ന് ആരോപണം; മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരന്‍; ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നീക്കം; അണികള്‍ക്കിടയിലും വ്യാപക പ്രചരണം; ബിഡി വിവാദത്തില്‍ ബല്‍റാമും; കോണ്‍ഗ്രസില്‍ വീണ്ടും കലാപ കാലമോ?
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പടയൊരുക്കം നടത്തി കെ. സുധാകരന്‍. ഓണാഘോഷത്തിന്‍െ്റ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഒരുമിച്ചിരുന്ന് സതീശന്‍ സദ്യ കഴിച്ചത് ശരിയായില്ലെന്ന പരാമര്‍ശത്തിലൂടെ സുധാകരന്‍ ലക്ഷ്യമിടുന്നത് സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍. സതീശനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസിലെ മറ്റു ചില മുതിര്‍ന്ന നേതാക്കളോടും പങ്കുവച്ച് സുധാകരന്‍. പോലീസ് മര്‍ദ്ദനത്തില്‍ മൃദുസമീപനം കൈക്കൊള്ളുകയാണെന്ന ആരോപണവുമായി അണികള്‍ക്കിടയില്‍ സതീശനെതിരെ വികാരം പ്രതിഫലിപ്പിക്കാനും ശ്രമം.
അതിനിടെ വിവാദ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബല്‍റാമും. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് കേരളയുടെ എക്‌സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയായിരുന്നു ഈ വിവാദ പോസ്റ്റ്. തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഈ പോസ്റ്റ് പിന്‍വലിച്ചു. വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞത്. സോഷ്യല്‍ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ അറിയിച്ചിരുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു. ഈ വിവാദ കത്തുമ്പോഴാണ് സതീശനെതിരെ സുധാകരനും രംഗത്തു വരുന്നത്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തും.
ഓണാഘോഷത്തിന്‍െ്റ ഭാഗമായി പിണറായി വിജയനൊപ്പം സതീശന്‍ സദ്യ കഴിച്ചത് ശരിയായില്ലെന്ന കെ. സുധാകരന്‍െ്റ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ച വിഷയം വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ വിമര്‍ശിച്ചത്. താനാണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞതോടെ കോണ്‍ഗ്രസിലെ ചേരിപ്പോര് വീണ്ടും മറനീക്കി പുറത്തുവന്നു. തന്‍െ്റ നിലപാട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളയും സുധാകരന്‍ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സതീശന്‍െ്റ മറുപടിയാണ് സുധാകരന്‍ ആഗ്രഹിക്കുന്നത്്. എന്തു മറുപടി നല്‍കിയാലും അതു തിരിച്ചടിയാകുമെന്നതിനാല്‍ പ്രതികരണം ഒഴിവാക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്.
മുന്‍പും നിരവധി തവണ സതീശനെതിരെ സുധാകരന്‍ ആഞ്ഞടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ വി.ഡി സതീശനെതിരെ സുധാകരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പരസ്യമായി പറുത്തുവന്നത്. സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഒരുപടി കൂടി കടന്ന് അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്നും കെ സുധാകരന്‍ തുറന്നടിച്ചിരുന്നു. താന്‍ വിമര്‍ശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നുമാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.
ഇതിനു പിന്നാലെ, തിരുവനന്തപുരം ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നിന്നും വിഡി സതീശന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. വിമര്‍ശനം വാര്‍ത്തയായതോടെ തിരുവനന്തപുരത്ത് ചേര്‍ന്ന മിഷന്‍ 25 യോഗം വി ഡി സതീശന്‍ ബഹിഷ്‌കരിച്ചു. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളുടെ ചുമതല സതീശന് നല്‍കിയിരുന്നു. ഈ അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാന്‍ സതീശന്‍ ശ്രമിച്ചെന്നും സ്വന്തം നിലയില്‍ സര്‍ക്കുലര്‍ ഇറക്കിയെന്നുമാണ് അപ്പോള്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന കെ. സുധാകരന്‍ ആരോപിച്ചത്. സതീശന്‍ സൂപ്പര്‍ പ്രസിഡന്‍്റ് ചമയുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വി.ഡി. സതീശന്‍ ആലപ്പുഴയിലെ പത്രസമ്മേളനത്തില്‍ വൈകിയെത്തിയതിലെ നീരസം സുധാകരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെയെന്നാണ് സുധാകരന്‍ ചോദിച്ചത്. അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരന്‍ തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. സുധാകരന്റെ വാക്കുകള്‍ മേശപ്പുറത്തുണ്ടായിരുന്ന ചാനല്‍ മൈക്കുകളിലൂടെ പുറത്തു കേള്‍ക്കുകയായിരുന്നു.
വിടി ബല്‍റാമിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയയ്ക്ക് വീഴ്ചയുണ്ടായി എന്ന് സണ്ണി ജോസഫും പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതില്‍ ശ്രദ്ധക്കുറവും അപാകതയും സംഭവിച്ചിട്ടുണ്ട്. അത് ശ്രദ്ധയില്‍പെട്ട ഉടനെ പിന്‍വലിച്ച് തിരുത്തി ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന വി.ടി. ബല്‍റാം പറഞ്ഞത്, അദ്ദേഹത്തിന്റെ അറിവോടെയല്ല പോസ്റ്റ് വന്നത് എന്നാണ്. ചുമതലയില്‍ നിന്ന് തന്നെ മാറ്റണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പറഞ്ഞു.