പത്തനംതിട്ട: സംസ്ഥാനത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏത് മീറ്റർ അടക്കം വിവിധ അളവു തൂക്ക ഉപകരണങ്ങൾ നിശ്ചിത ഇടവേളകളിൽ കാലിബ്രേറ്റ് ചെയ്യണമെന്നാണ് നിയമം. ഇതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിനാണ്. എന്നാൽ, ലീഗൽ മെട്രോളജി വകുപ്പിന് കെഎസ്ഇബി വൈദ്യുതി മീറ്റർ ബാലികേറാമലയാണ്. ഇതിൽ തൊടാൻ അവർക്ക് അധികാരമില്ല. അതു കൊണ്ട് തന്നെ വൈദ്യുതി മീറ്റർ കാലിബ്രേറ്റ് ചെയ്യാറില്ല. ഇനി മീറ്ററിന് തകരാർ സംഭവിച്ചാൽ അത് കെഎസ്ഇബിയെ അറിയിക്കുക. അവർ ഉപഭോക്താവിന്റെ ചെലവിൽ അത് മാറ്റി വച്ചു തരും.

രാജ്യമൊട്ടാകെയുള്ള അളവു തൂക്ക നിയമങ്ങൾ കെഎസ്ഇബി മീറ്ററിന് മാത്രം ബാധകമാകാത്തത് എന്തു കൊണ്ടാണെന്ന് വിവരാവകാശ പ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് സംസ്ഥാന ലീഗൽ മെട്രോളജിയോട് വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. അതിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. ഗാർഹികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി മീറ്റർ നിലവിൽ ലീഗൽ മെട്രോളജി വകുപ്പ് കാലിബ്രേറ്റ് ചെയ്യുന്നില്ല. ഇലക്ട്രിസിറ്റി മീറ്റർ സംബന്ധമായി വിവിധ മേഖലകളിൽ നിന്നും നിരവധി പരാതികൾ വകുപ്പിൽ ലഭിക്കുന്നുണ്ട്. ആയത് കാലിബ്രേറ്റ് ചെയ്യുന്നത് മൂലം സർക്കാരിന് റവന്യൂ വരുമാനം ഉണ്ടാവുകയും ചെയ്യും. ഇലക്ട്രിസിറ്റി മീറ്റർ കാലിബ്രേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ലീഗൽ മെട്രോളജി ജനറൽ റൂൾസ് 2011 ൽ നിഷ്‌കർഷിച്ചിട്ടില്ലാത്തതിനാൽ ഇത് ജനറൽ റൂൾസിൽ ഉൾപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി ഡയറക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനായി അയച്ച കത്തുകൾ വിവരാവകാശ നിയമപ്രകാരം മനോജിന് ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താവ് അപേക്ഷ തന്നാൽ അവരുടെ ചെലവിൽ കാലിബ്രേറ്റ് ചെയ്തു കൊടുക്കാമെന്ന് കെഎസ്ഇബി

കെഎസ്ഇബി സ്ഥാപിക്കുന്ന വൈദ്യുതി മീറ്റർ രണ്ടു തരമാണ്. 1. കെഎസ്ഇബി സ്ഥാപിക്കുന്നത്. ചെലവ് വഹിക്കുന്നത് ഉപഭോക്താവ്. ഉടമസ്ഥാവകാശം കെഎസ്ഇബിക്ക്. 2. ഉപഭോക്താവ് സ്വന്തമായി സ്ഥാപിക്കുന്നത്. ഉടമസ്ഥാവകാശം ഉപഭോക്താവിന് തന്നെ. കേന്ദ്രവൈദ്യുതി മന്ത്രാലയം 2006 മാർച്ച് 17 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം അഞ്ചു വർഷം കൂടുമ്പോൾ വൈദ്യുതി മീറ്റർ കൃത്യമായി കാലിബ്രേറ്റ് ചെയ്യണം. കെഎസ്ഇബിയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത് ഉപഭോക്താവ് മതിയായ ഫീസടച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ടിഎംആർ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയാൽ മീറ്റർ കാലിബ്രേറ്റ് ചെയ്തു കൊടുക്കും. അതിനുള്ള ഫീസ് ഇങ്ങനെ:

സിംഗിൾ ഫേസ് മീറ്റർ: 15 രൂപയും 18 ശതമാനം ജിഎസ്ടിയും
ത്രീ ഫേസ് മീറ്റർ: ആറു രൂപയും 18 ശതമാനം ജിഎസ്ടിയും
സിടി മീറ്റർ: 30 രൂപയും 18 ശതമാനം ജിഎസ്ടിയും

ഓട്ടോറിക്ഷയുടെ മീറ്റർ കാലിബ്രേറ്റ് ചെയ്യേണ്ടത് യാത്രക്കാരനോ?

ഓട്ടോറിക്ഷയുടെ മീറ്റർ കാലിബ്രേറ്റ് ചെയ്യുന്നത് അതിലെ യാത്രക്കാരുടെ ചെലവിൽ വേണമെന്ന് പറയുന്നതു പോലെയാണ് കെഎസ്ഇബിയുടെ നിലപാട് എന്നാണ് ബി. മനോജ് പറയുന്നത്. കെഎസ്ഇബിയുടെ ചുമതലയിലുള്ള മീറ്റർ ഉപഭോക്താവ് പണം മുടക്കി കാലിബ്രേറ്റ് ചെയ്യേണ്ട ആവശ്യം എന്താണ്? മീറ്ററിന്റെ ഉടമയായ കെഎസ്ഇബിയാണ് അതു ചെയ്യേണ്ടത്. അത് അവർ ചെയ്യുന്നില്ല. അഞ്ചു വർഷത്തിലൊരിക്കൽ മീറ്റർ കാലിബ്രേഷൻ നടത്തണമെന്ന നിർദ്ദേശം പാലിക്കുന്നുമില്ല. ഇനി ഉപഭോക്താവ് മെനക്കെട്ട് ഇത് ചെയ്യണമെന്ന് പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളതെന്നും മനോജ് ചോദിക്കുന്നു.