പാലക്കാട്: ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ വൈദ്യുതി ബില്ലില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കെ എസ് ഇ ബി. പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ വന്‍കിട ഉപയോക്താക്കളിലായിരിക്കും പുതിയ രീതി പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിജയിച്ചാല്‍ സമ്പൂര്‍ണ്ണമായും പ്രതിമാസ ബില്ലിംഗിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് തന്നെ മീറ്റര്‍ റീഡ് ചെയ്യാനാവും. മീറ്റര്‍ റീഡിംഗിന് കൂടുതല്‍ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിംഗ് വൈദ്യുതി താരിഫില്‍ പ്രതിഫലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ കെഎസ്ഇബി പരിഗണയില്‍ വച്ചത്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബില്‍ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണെന്നും. 200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഇതിന്റെ ഗുണം.

നിലവില്‍ ഇപ്പോള്‍ ഒരു മീറ്റര്‍ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ എസ് ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്റെ ഇരട്ടി ചെലവ് വരും. സ്‌പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കുകയും വേണം. ഈ സാഹചര്യത്തില്‍, ചെലവ് കുറക്കാന്‍ ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റര്‍ റീഡിംഗിന് സൗകര്യം ഏര്‍പ്പെടുത്തനാകും. അതാത് സെക്ഷന്‍ ഓഫീസുകളില്‍ വിവരം കൈമാറി ബില്‍ അടയ്ക്കാം. ഇതിനായി കസ്റ്റമര്‍ കെയര്‍ നമ്പറോ വാട്‌സ് ആപ്പ് ഗ്രൂപ്പോ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനിടെ, സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാള ഭാഷയില്‍ നല്‍കാന്‍ തുടങ്ങി. ബില്ല് മലയാളത്തില്‍ നല്‍കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയരുകയും ചെയ്തിരിന്നു. ജനങ്ങള്‍ക്ക് ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നത്. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ലീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും.