- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യം; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടി; വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും; ഇത് ഇരുട്ടടി തന്നെ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടി. കഴിഞ്ഞ വര്‍ഷം 20 പൈസയും അതിന് മുമ്പത്തെ വര്‍ഷം 25 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു യൂണിറ്റിന് ഈ വര്‍ഷം 16 പൈസയും അടുത്തവര്‍ഷം 12 പൈസയും കൂടും. 2026-27ലെ നിരക്ക് പ്രഖ്യാപിച്ചില്ല. 2.3% ആണ് ശരാശരി വര്‍ദ്ധന. ഡിസംബര്‍ 5 മുതല്‍ പ്രാബല്യത്തിലായി. കാര്‍ഷിക വൈദ്യുതി നിരക്ക് നിലവിലെ 2.30 രൂപ 2.35 ആകും. അടുത്ത വര്‍ഷം വീണ്ടും അഞ്ചു പൈസ കൂടും. വ്യവസായങ്ങള്‍ക്ക് 2 % നിരക്ക് വര്‍ദ്ധിപ്പിച്ചു. അതായത് അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 28 പൈസ കൂടും. അതുകൊണ്ട് തന്നെ വലിയ നിരക്ക് വര്‍ദ്ധനവാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രതിഫലിക്കുക.
ഒന്നരലക്ഷത്തോളം ചെറുകിട വ്യവസായികള്‍ക്ക് പകല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10% കിഴിവ് നല്‍കും. വീടുകളില്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് രാത്രിയും പകലും വ്യത്യസ്ത നിരക്കും വാങ്ങും. ഈ നിരക്ക് കെ.എസ്.ഇ.ബി നിശ്ചയിക്കും. ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല നിരക്കായി യൂണിറ്റിന് 10 പൈസവീതം അധികം വാങ്ങണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല. മീറ്റര്‍ വാടക ഇത്തവണ കൂട്ടിയില്ല. ആവശ്യപ്പെടുന്നവര്‍ക്ക് പ്രതിമാസ ബില്ലും നല്‍കും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്.
ജനുവരിമുതല്‍ മേയ്വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും.വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും.
ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവരുടെ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. ഉത്പാദകര്‍ രാത്രിയില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്ക് കണക്കാക്കണമെന്ന ആവശ്യവും തള്ളി. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകളുടെ ഡിമാന്‍ഡ് ചാര്‍ജ് ഒഴിവാക്കി. ചാര്‍ജിങ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചാണിത്.
വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം അനുവദിക്കുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലുംകൂടും.
രണ്ടുമാസ ഉപയോഗം(യൂണിറ്റ്) നിലവില്‍(രൂപ) പുതിയത്(രൂപ)
100-406-420
200-860-896
300-1410-1456
400-2176-2240
500-3016-3106
600-4250-4380
700-5496-5650
800-6500-7480
1000-8370-8580
1500-10,200-10480